‘രണ്ടുപേരുടേയും മുഖത്ത് നോക്കി സംസാരിച്ച് ടൊവിനോ ആ പ്രശ്നം പരിഹരിച്ചു’

ടൊവിനോ തോമസിനെക്കുറിച്ച് ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയുടെ സംവിധായകനായ ഡാർവിൻ കുര്യാക്കോസ് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഡാർവിനും ഈ സിനിമയുടെ നിര്‍മാതാവായ ഡോൾവിനും ഇരട്ട സഹോദരന്മാണ്. അതുകൊണ്ടു തന്നെ സെറ്റിൽ പലർക്കും ഇവരെ തമ്മിൽ മാറിപ്പോകാറുണ്ടായിരുന്നു. എന്നാൽ ടൊവിനോയ്ക്കു മാത്രം ഇതൊരു പ്രശ്നമായിരുന്നില്ല, അത് പരിഹരിക്കാൻ താരം തന്നെ ഒരു മാർഗം കണ്ടെത്തിയിരുന്നു. ആ കഥയാണ് ഡാർവിൻ പറയുന്നത്.
‘‘എന്നേയും നിർമാതാവ് ഡോള്‍വിനേയും കാണുമ്പോള്‍ ആളുകള്‍ക്ക് തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഞങ്ങളെ ആദ്യമായി കണ്ടപ്പോള്‍ ടൊവി ബ്രോയ്ക്കും അതുണ്ടായിരുന്നു. ടൊവിനോ തന്‍റെ ബുദ്ധി വച്ച് അത് കവർ ചെയ്തു. ഞങ്ങളെ തിരിച്ചറിയാൻ പറ്റാത്ത സ്റ്റേജിലും അതു നമ്മളെ അദ്ദേഹം അറിയിച്ചിട്ടില്ല. എന്ത് സംസാരിച്ചാലും ഞങ്ങളുടെ രണ്ടുപേരുടേയും മുഖത്ത് നോക്കി സംസാരിച്ചാണ് ടൊവിനോ ആ പ്രശ്നം മറികടന്നത്. ചില സമയങ്ങളിൽ ആര്‍ടിസ്റ്റുകള്‍ പോലും എന്നോട് ചോദിക്കേണ്ടത് ഡോള്‍വിനോട് ചോദിക്കാറുണ്ട്, അങ്ങനെ സെറ്റിൽ പലർക്കും ഞങ്ങളെ മാറിപ്പോയിട്ടുണ്ട്. പക്ഷേ ടൊവിനോ ഈ ആശങ്ക വളരെ സമർഥമായി മറികടന്നു.’’– ഡാർവിന്റെ വാക്കുകൾ.

ഡാർവിൻ കുര്യാക്കോസിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം തിയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. ഏബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. തിരക്കഥ ജിനു വി. ഏബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് അന്വേഷിപ്പിൻ കണ്ടെത്തും. വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ കാൻവാസിലാണ് സിനിമയുടെ അവതരണം. 

സിദ്ദീഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി (നൻ  പകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.

സിനിമയുടെ ഛായാഗ്രഹണം ഗൗതം ശങ്കർ. എഡിറ്റിങ്: സൈജു ശ്രീധർ, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനീഷ്, പ്രൊഡക്‌ഷൻ കൺട്രോളർ:  സഞ്ജു ജെ., പിആർഒ: ശബരി, വിഷ്വൽ പ്രമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.


Source link
Exit mobile version