ചിലതു പറയണമെന്നുണ്ട്, പക്ഷേ പറയാതിരിക്കുന്നതാണ് ഉചിതം: കോൺഗ്രസ് വിട്ട് മഹാരാഷ്ട്ര മുൻമന്ത്രി

മുംബൈ∙ മഹാരാഷ്ട്രയിൽ മുൻ മന്ത്രിയും മുംബൈ റീജനൽ കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷനുമായി ബാബാ സിദ്ധിഖി പാർട്ടി വിട്ടു. പാർട്ടിയുമായുള്ള 48 വർഷത്തെ ബന്ധം അവസാനിപ്പിക്കുന്നതായി അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ (ട്വിറ്റർ) കുറിച്ചു. ഈ ഘട്ടത്തിൽ ഒട്ടേറെ കാര്യങ്ങൾ പറയണമെന്ന് ഉണ്ടെങ്കിലും ചില കാര്യങ്ങൾ പറയാതിരിക്കുന്നതാണ് കൂടുതൽ ഉചിതമെന്നതിനാൽ അതിനു മുതിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സിദ്ധിഖി അജിത് പവാർ നയിക്കുന്ന എൻസിപിയിൽ ചേരുമെന്നാണ് റിപ്പോർട്ട്. മകനും ബാന്ദ്ര ഈസ്റ്റ് എംഎൽഎയുമായ സീഷൻ സിദ്ധിഖിയ്ക്ക് ഒപ്പം ബാബാ സിദ്ധിഖി കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെ കണ്ടത് അഭ്യൂഹങ്ങൾക്കു കാരണമായിരുന്നു. ഇതിനിടെയാണ് അദ്ദേഹം പാർട്ടി വിടുന്നതായി സ്ഥിരീകരിച്ചത്.
‘‘എന്റെ കൗമാരത്തിലാണ് ഞാൻ കോൺഗ്രസ് പാർട്ടിയിൽ ചേരുന്നത്. 48 വർഷം പിന്നിട്ട സുദീർഘമായ യാത്രയായി അതു മാറി. ഇപ്പോൾ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് ഞാൻ രാജിവയ്ക്കുകയാണ്. ഈ ഘട്ടത്തിൽ എനിക്ക് ഒട്ടേറെ കാര്യങ്ങൾ പറയണമെന്നുണ്ട്. പക്ഷേ, ചില കാര്യങ്ങൾ പറയാതിരിക്കുന്നതാണല്ലോ ഉചിതം. ഈ യാത്രയിൽ എനിക്കൊപ്പമുണ്ടായിരുന്ന എല്ലാവർക്കും നന്ദി’’ – സിദ്ധിഖി കുറിച്ചു.
English Summary:
Congress MLA and Former Maha Minister Baba Siddique Resigns From Congress After 48 Years
Source link