CINEMA

ജിനുവിനൊപ്പം സഹ സംവിധായകനായി തുടങ്ങിയ ഡാർവിൻ; ‘അന്വേഷിപ്പിൻ കണ്ടെത്തും’ നാളെ


തൊണ്ണൂറുകളിൽ നടന്നൊരു കഥ ഈ കാലത്ത് ഒരുക്കുന്നതിനെടുക്കേണ്ട തയാറെടുപ്പകളെക്കുറിച്ച് ആലോചിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയുടെ വെല്ലുവിളികൾ എങ്ങനെയൊക്കെയെന്ന്. ഈയൊരു വെല്ലുവിളി തന്‍റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭത്തിൽ തന്നെ ഏറ്റെടുക്കാൻ ഡാർവിൻ കുര്യാക്കോസ് തയാറായി. ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രം ഈ മാസം 9ന് തിയറ്ററുകളിലെത്തുകയാണ്. ആദ്യ സിനിമയിലേക്കുള്ള യാത്രയെ കുറിച്ച് ‍ഡാർവിൻ മനസ്സ് തുറക്കുന്നു…
‘‘ഭയ്യ ഭയ്യ മുതൽ ജോണി ആന്‍റണി സാറിനോടൊപ്പം അസി.ഡയറക്ടറായി ഞാനുണ്ട്. ആദം ജോൺ മുതൽ ജിനു വി. ഏബ്രഹാമിന്‍റേയും ഒപ്പം കൂടി. പിന്നെ ഏതാനും ചിലരുടെ കൂടെ വർക്ക് ചെയ്തിട്ടുണ്ട്. ഇപ്പോൾ സ്വതന്ത്ര സംവിധാന സംരംഭവുമായി എത്തുമ്പോള്‍ ഏറെ പ്രതീക്ഷയുണ്ട്. ഇത്രയും നാളത്തെ യാത്ര ഏറെ ആസ്വദിച്ചിരുന്നു, ടെൻഷൻസും ചാലഞ്ചസും ഒക്കെ ഉണ്ടായിരുന്നു. എൻജോയ് ചെയ്യാൻ പറ്റുന്ന ഒരു ടീം ഒപ്പമുണ്ടായിരുന്നു. ജിനു ചേട്ടൻ ഈ കഥയുടെ ത്രെഡ് പറഞ്ഞപ്പോഴേ കണക്ടായിരുന്നു. ലോക്ഡൗൺ സമയത്ത് മൂന്ന് നാല് മാസത്തോളം പാലായിൽ ഒരു വീടെടുത്ത് എഴുത്തുജോലികള്‍ നടത്തിയിരുന്നു. ഞാനും സഹോദരനും നിർമാതാവുമായ ഡോൾവിനും ജിനു ചേട്ടനും ഒരുമിച്ചായിരുന്നു അവിടെ കഴിഞ്ഞത്. 

2021 ജനുവരി 21ന് ടൊവിനോയുടെ ജന്മദിനത്തിലായിരുന്നു പ്രൊജക്ട് അനൗൺസ് ചെയ്തത്. അതിന് ശേഷം ഓരോ ടെക്നീഷ്യൻസായി വന്നുചേരുകയായിരുന്നു. വെറും പരിചയം മാത്രമുണ്ടായിരുന്ന ടെക്നീഷ്യൻസായിട്ട് ഈ ഒന്നിച്ചുള്ള യാത്രയിൽ സഹോദരനോടെന്നപോലെ അടുപ്പമായി. 75 ദിവസമായിരുന്നു ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഷൂട്ട് നടന്നത്. എല്ലാവരും സ്വന്തം സിനിമ എന്ന രീതിയിൽ ഒന്നിച്ചായിരുന്നു ഞങ്ങള്‍ പോയത്. ടൊവിനോയും എല്ലാ താരങ്ങളും, ക്യാമറമാൻ ഗൗതം, ആർട്ട് ചെയ്ത ദിലീപ്, പ്രൊഡ്യൂസര്‍ ഡോള്‍വിൻ അങ്ങനെ ഓരോരുത്തരും എല്ലാവരുടേയും സിനിമ എന്ന രീതിയിൽ എപ്പോഴും എല്ലാവരും ഒന്നിച്ചു നിന്നു. 

പീരിഡ് സിനിമയുടെ വെല്ലുവിളികള്‍ ഞങ്ങളുടെ ഈ ടീം വര്‍ക്ക് കൊണ്ട് എളുപ്പം മറികടന്നു. പോസ്റ്റ് പ്രൊഡക്‌ഷനിൽ സൈജു ശ്രീധരൻ എന്ന എഡിറ്റര്‍ക്കൊപ്പമായിരുന്നു, ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് ഞങ്ങളുടെ ബോണ്ടിങ് വളരെ വലുതായിരുന്നു. സൈജുവും ‘ഫൂട്ടേജ്’ എന്ന തന്‍റെ പുതിയ സിനിമ ഒരുക്കി ഇൻഡിപെൻഡാകുന്ന സമയായിരുന്നു. എന്നിട്ടും സ്വന്തം സിനിമ എന്ന രീതിയിൽ അദ്ദേഹം ഒപ്പം നിന്നു. സന്തോഷ് നാരായണൻ സര്‍ മലയാളത്തിൽ ആദ്യമായി ചെയ്യുന്ന പടമാണ്, അദ്ദേഹത്തെ സിനിമയിലെത്തിക്കാൻ ഒത്തിരി ബുദ്ധിമുട്ടിയിരുന്നു. 

ആറ് മാസത്തോളം നീണ്ട ശ്രമത്തിനൊടുവിൽ ചെന്നൈയിൽ ചെന്ന് അദ്ദേഹത്തെ സിനിമ കാണിക്കാൻ അവസരം ലഭിച്ചു. സിനിമ മുഴുവനും കണ്ട ശേഷമാണ് അദ്ദേഹം സംഗീതമൊരുക്കാൻ സമ്മതിച്ചത്. അദ്ദേഹത്തോടൊപ്പം തന്നെ നിന്നായിരുന്നു കമ്പോസിങ് നടന്നത്. സിനിമയ്ക്കപ്പുറം ഒരു ആത്മബന്ധം അങ്ങനെ എല്ലാവരുമായി ഉണ്ടായി. ഒരുമിച്ചുള്ള ഈ യാത്ര ഏറെ രസമുള്ളതായിരുന്നു. 9ന് തിയറ്ററുകളിൽ പ്രേക്ഷകരേറ്റെടുക്കുന്ന ചിത്രമാകും അന്വേഷിപ്പിൻ കണ്ടെത്തും എന്ന് തന്നെയാണ് പ്രതീക്ഷ.’’–ഡാർവിൻ പറയുന്നു.

തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. ഏബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. തിരക്കഥ ജിനു വി. ഏബ്രഹാം. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തിയറ്റർ ഓഫ് ഡ്രീംസ് നിർമിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസിലാണ് സിനിമയുടെ അവതരണം. ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദീഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി (നൻ  പകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.

സിനിമയുടെ ഛായാഗ്രഹണം ഗൗതം ശങ്കർ. എഡിറ്റിങ്ങ് സൈജു ശ്രീധർ, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനീഷ്, പ്രൊഡക്‌ഷൻ കൺട്രോളർ: സഞ്ജു ജെ., പിആർഒ: ശബരി, വിഷ്വൽ പ്രമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.


Source link

Related Articles

Back to top button