INDIALATEST NEWS

തൊഴിലില്ലായ്മ കുറഞ്ഞെന്ന് സർക്കാർ; കണക്ക് കാട്ടി എതിർത്ത് തരൂർ

ന്യൂഡൽഹി ∙ 78,673 കോടി രൂപയുടെ ധനാഭ്യർഥനകൾ ലോക്സഭ പാസാക്കി. ധനബില്ലും ധനവിനിയോഗ ബില്ലും ഉപധനാഭ്യർഥനകളും പാസാക്കി. ജമ്മു കശ്മീരിന്റെ ഉപധനാഭ്യർഥനകളും ധനവിനിയോഗ ബില്ലുകളും ഇതോടൊപ്പം അംഗീകരിച്ചു. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 5 വർഷം മുൻപത്തെ 6.0 ശതമാനത്തിൽ നിന്ന് 3.2% ആയി കുറഞ്ഞെന്നു ധനമന്ത്രി നിർമല സീതാരാമൻ അവകാശപ്പെട്ടു. ഇത് ഔദ്യോഗിക കണക്കുകളാണെന്നും അവർ പറഞ്ഞു. നേരത്തെ ബജറ്റ് ചർച്ച തുടങ്ങിയ കോൺഗ്രസ് അംഗം ശശി തരൂർ, സർക്കാരിന്റെ അവകാശവാദങ്ങളൊക്കെ കണക്കുകളുടെ പിൻബലമില്ലാതെ വെറും പൊങ്ങച്ചം മാത്രമാണെന്ന് കണക്കുകൾ നിരത്തി ആരോപിച്ചിരുന്നു. അതിനു മറുപടിയായാണ് ഔദ്യോഗിക കണക്കാണെന്ന് മന്ത്രി പറഞ്ഞത്. 
തൊഴിൽശക്തി 57.9% ആയെന്നും യുവാക്കളിലെ തൊഴിലിൽ 6.3% വളർച്ചയുണ്ടായെന്നും മന്ത്രി പറഞ്ഞു. ഇപിഎഫ്ഒയിൽ ചേർന്നവരിൽ 55% വർധനയുണ്ടായി. വനിതകളുടെ തൊഴിൽ മേഖലയിൽ 37% വളർച്ചയുണ്ടായി. വിലക്കയറ്റം പിടിച്ചു നിർത്താൻ കുറഞ്ഞ നിരക്കിൽ ഭാരത് അരി, പരിപ്പ്, ആട്ട എന്നിവ വി‍ൽപന തുടങ്ങിയതായും മന്ത്രി പറഞ്ഞു. 

പ്രധാനമന്ത്രിയും ധനമന്ത്രിയും നിരത്തുന്ന കണക്കുകൾക്കൊന്നും അടിസ്ഥാനമില്ലെന്ന് ശശി തരൂർ ചൂണ്ടിക്കാട്ടി. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നു കരയകയറ്റിയെന്നു പറയുന്നത് വിശ്വാസ്യതയില്ലാത്ത കണക്കാണ്. 2020 ൽ ലോകബാങ്ക് കണക്കനുസരിച്ച് കോവിഡ് കാലത്ത് ദാരിദ്ര്യത്തിലേക്കു വീണ ലോകജനതയിൽ 80% ഇന്ത്യയിൽ നിന്നാണ്. 25 കോടിയെ കരകയറ്റിയവർ 81 കോടി പേർക്ക് സൗജന്യ ഭക്ഷ്യധാന്യം കൊടുക്കേണ്ടി വരുന്നത് എന്തു കൊണ്ടാണ്? 

മോദി കൊട്ടിഘോഷിക്കുന്ന പിഎം കിസാൻ സമ്മാന പദ്ധതിയിൽ 11.84 കോടി ഉപയോക്താക്കളുണ്ടായിരുന്നത് ഇപ്പോൾ 3.78 കോടിയായി. 67% കുറവാണുണ്ടായത്. അതിൽത്തന്നെ 3000 കോടി തട്ടിപ്പു നടത്തിയെന്ന് സിഎജി കണ്ടെത്തി. ഒരു ലക്ഷം കർഷകരാണ് കഴിഞ്ഞ 10 വർഷത്തിനിടെ ആത്മഹത്യ ചെയ്തത്. ഉജ്വല പദ്ധതിയിലെ 9.58 കോടി ഉപഭോക്താക്കളിൽ 1.80 കോടി ഒരു തവണ പോലും റീഫിൽ ചെയ്തിട്ടില്ല. 1.51 കോടിപേർ ഒരു തവണ മാത്രമാണ് റീഫിൽ ചെയ്തത്. 51 കോടി ജൻധൻ അക്കൗണ്ടുകളിൽ 20% പ്രവർത്തിക്കുന്നില്ല. അതിൽ പകുതിയും വനിതകളുടേതാണ്. ഗ്രാമീണ മേഖലയിൽ തൊഴിലുണ്ടെങ്കിൽ എന്തുകൊണ്ടാണ് തൊഴിലുറപ്പു പദ്ധതിയിൽ ബജറ്റിൽ അനുവദിച്ചതിനെക്കാൾ 60% തുക കൂട്ടേണ്ടി വരുന്നതെന്നും തരൂർ ചോദിച്ചു. 

English Summary:
Central Government says unemployment has decreased; shashi Tharoor opposes


Source link

Related Articles

Back to top button