INDIALATEST NEWS

കേന്ദ്ര അവഗണന തുടർന്നാൽ തെരുവിലിറങ്ങും: സിദ്ധരാമയ്യ

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാർ നീതി കാട്ടുന്നില്ലെങ്കിൽ സമരവുമായി തെരുവിലിറങ്ങുമെന്ന മുന്നറിയിപ്പുമായി ഡൽഹിയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ പ്രതിഷേധം. സംസ്ഥാനത്തിന്റെ നികുതി വിഹിതവും വരൾച്ച ദുരിതാശ്വാസവും ആവശ്യപ്പെട്ടാണ് ഡൽഹി ജന്തർ മന്തറിൽ ‘ചലോ ദില്ലി’ എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാന മന്ത്രിമാരും എംഎൽഎമാരും എംഎൽസിമാരും എംപിമാരും പ്രതിഷേധ വേദിയിലെത്തി. പാർട്ടി പ്രവർത്തകരുമുണ്ടായിരുന്നു. 
നികുതി വിഹിതത്തിന്റെ കാര്യത്തിൽ വർഷങ്ങളായി കേന്ദ്രം കർണാടകയോടു കടുത്ത അവഗണനയാണു കാണിക്കുന്നതെന്നു സിദ്ധരാമയ്യ പറഞ്ഞു. ഏറ്റവുമധികം നികുതി പിരിച്ചു നൽകുന്ന രണ്ടാമത്തെ സംസ്ഥാനമാണു കർണാടക. എന്നിട്ടും തുച്ഛമായ തുകയാണു തിരികെ ലഭിക്കുന്നത്. വരൾച്ച ദുരിതാശ്വാസത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും നേരിട്ടുകണ്ട് അഭ്യർഥിച്ചിരുന്നു. നാളിതു വരെ ഒരു രൂപ പോലും ലഭിച്ചില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. പ്രതിഷേധം രാഷ്ട്രീയപ്രേരിതമല്ല. കേന്ദ്ര സർക്കാരിന്റെ ചിറ്റമ്മ നയം തുറന്നു കാട്ടുകയാണു ലക്ഷ്യം. രാഷ്ട്രീയ ഭിന്നതകൾ മാറ്റിവച്ചു കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു. 

ബിജെപിക്ക് കർണാടകയിൽ 25 എംപിമാരുണ്ട്. എന്നാൽ, ഒറ്റയാൾക്കു പോലും പ്രധാനമന്ത്രിയോടും ധനമന്ത്രിയോടും സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കാനുള്ള ധൈര്യമില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു. അതിനിടെ, കർണാടകയിലെ കോൺഗ്രസ് സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുകയാണെന്നാരോപിച്ച് കർണാടകയിൽ നിന്നുള്ള ബിജെപി എംപിമാർ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പ്രതിഷേധിച്ചു. 

English Summary:
If government of India neglect continues, will take protest to the streets says Siddaramaiah


Source link

Related Articles

Back to top button