ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഇന്നു പൊതുതെരഞ്ഞെടുപ്പ്. പാർലമെന്റിലെ അധോസഭയായ ദേശീയ അസംബ്ലിയിലേക്കും നാലു പ്രവിശ്യാ അസംബ്ലികളിലേക്കുമാണ് വോട്ടെടുപ്പ്. പ്രചാരണക്കാലയളവലിൽ വലിയ തോതിൽ അക്രമസംഭവങ്ങളുണ്ടായ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം സുരക്ഷാ സന്നാഹങ്ങൾ ശക്തിപ്പെടുത്തി. ഇന്നലെയുണ്ടായ രണ്ടു സ്ഫോടനങ്ങളിൽ 25 പേർ കൊല്ലപ്പെട്ടു. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പിഎംഎൽ-എൻ (പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസ്), ജയിലിൽ കഴിയുന്ന മുൻ പ്രധാമന്ത്രി ഇമ്രാൻ ഖാന്റെ പിടിഐ (തെഹ്രിക് ഇ ഇൻസാഫ്), മുൻ വിദേശകാര്യമന്ത്രി ബിലാവൽ സർദാരി ഭൂട്ടോയുടെ പിപിപി (പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി) എന്നിവർ തമ്മിലാണ് തെരഞ്ഞെടുപ്പു പോരാട്ടം. സൈന്യത്തിന്റെ പിന്തുണയുള്ള നവാസിന് മുൻതൂക്കം കല്പിക്കപ്പെടുന്നു. സൈന്യത്തിന്റെ അപ്രീതി നേടിയ ഇമ്രാൻ ഖാൻ മാസങ്ങളായി ജയിലിലാണ്. തെരഞ്ഞെടുപ്പു ചിഹ്നമായ ക്രിക്കറ്റ് ബാറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ പിടിഐ സ്ഥാനാർഥികൾ പലരും സ്വതന്ത്രരായാണു മത്സരിക്കുന്നത്. പാക്കിസ്ഥാനിൽ ഒരു പ്രധാനമന്ത്രിയും കാലാവധി പൂർത്തിയാക്കിയ ചരിത്രമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി പ്രധാനമന്ത്രിയായ ഇമ്രാൻ ഖാനെ 2022 ഫെബ്രുവരിയിൽ പ്രതിപക്ഷം അവിശ്വാസത്തിലൂടെ പുറത്താക്കുകയായിരുന്നു.
സുരക്ഷയ്ക്ക് ആറര ലക്ഷം ഭടന്മാർ തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് ആറര ലക്ഷം സുരക്ഷാ ഭടന്മാരെ വിന്യസിച്ചതായി റേഡിയോ പാക്കിസ്ഥാൻ റിപ്പോർട്ട് ചെയ്തു. പോലീസ്, അർധസൈന്യം, സൈന്യം എന്നിങ്ങനെ എല്ലാ വിഭാഗവും ഇതിലുൾപ്പെടുന്നു. രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ എണ്ണം 12.85 കോടിയാണ്. വോട്ടെടുപ്പ് രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചുവരെ. അക്രമങ്ങൾ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഇന്നലെയുണ്ടായ രണ്ടു സ്ഫോടനങ്ങളിൽ 25 പേർ കൊല്ലപ്പെടുകയും 40 പേർക്കു പരിക്കേൽക്കുകയും ചെയ്തു. പിഷിൻ ജില്ലയിൽ സ്വതന്ത്ര സ്ഥാനാർഥിയുടെ ഓഫീസിലുണ്ടായ ആദ്യ സ്ഫോടനത്തിൽ 17 പേരാണു മരിച്ചത്. ഇവിടെനിന്് 150 കിലോമീറ്റർ അകലെ ക്വില്ലാ സെയ്ഫുള്ളയിൽ ജെയുഐ-എഫ് പാർട്ടി ഓഫീസിനെ ലക്ഷ്യമിട്ട രണ്ടാം സ്ഫോടനത്തിൽ എട്ടു പേരും കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ, ഖൈബർ പക്തൂൺഖ്വാ, സിന്ധ് പ്രവിശ്യകളിൽ കഴിഞ്ഞ ദിവസങ്ങളിൽ സ്ഥാനാർഥികളും പ്രവർത്തകരും ഉൾപ്പെടുന്ന ഒട്ടേറെ അക്രമ സംഭവങ്ങളുണ്ടായിരുന്നു.
Source link