ടോക്കിയോ: കാൽമുട്ടിലെ പരിക്കിനെത്തുടർന്ന് ഹോങ്കോംഗ് ഇലവന് എതിരായ സൗഹൃദ ഫുട്ബോളിൽ കളിക്കാതിരുന്ന അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി കളത്തിലെത്തിയിട്ടും ഇന്റർ മയാമിക്കു തോൽവി. ജാപ്പനീസ് ക്ലബ്ബായ വിസൽ കോബിക്ക് എതിരായ സൗഹൃദ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ഇന്റർ മയാമി പരാജയപ്പെട്ടത്. നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയായിരുന്നു ഫലം. അതോടെയാണ് ഷൂട്ടൗട്ടിലേക്ക് കളി നീണ്ടത്. സൈഡ് ബെഞ്ചിൽ മത്സരം തുടങ്ങിയ മെസി, 60-ാം മിനിറ്റിൽ പകരക്കാരനായി കളത്തിലിറങ്ങി. ഡേവിഡ് റൂയിസിനെ തിരിച്ചുവിളിച്ചാണ് ഇന്റർ മയാമി പരിശീലകൻ ജെറാർഡൊ മാർട്ടിനൊ മെസിയെ ഇറക്കിയത്. ഹോങ്കോംഗ് ഇലവന് എതിരേ കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തിൽ ലയണൽ മെസി കളിച്ചില്ല. അതോടെ ടിക്കറ്റ് ചാർജ് തിരിച്ചു നൽകണമെന്നതുൾപ്പെടെയുള്ള വൻ പ്രതിഷേധത്തിലേക്ക് അന്ന് കാര്യങ്ങൾ എത്തിയിരുന്നു. ഹോങ്കോംഗിൽ മത്സരത്തിനിറങ്ങാൻ സാധിക്കാത്തതിൽ അതിയായ വിഷമമുണ്ടന്ന് വിസൽ കോബിക്ക് എതിരായ മത്സരത്തിനു മുന്പ് മെസി പറഞ്ഞു.
2024 പ്രീ സീസണ് സന്നാഹ മത്സരങ്ങളിൽ അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയുടെ നാലാം തോൽവിയാണ് വിസൽ കോബിക്ക് എതിരേ നേരിട്ടത്. എഫ്സി ഡാളസ് (1-0), അൽ ഹിലാൽ (4-3), അൽ നസർ (6-0) എന്നീ ടീമുകൾക്കെതിരേയായിരുന്നു മറ്റ് തോൽവി. എൽ സാൽവദോറിനെതിരേ 0-0 സമനില നേടിയതും ഹോങ്കോംഗ് ഇലവനെതിരായ 4-1ന്റെ ജയവും മാത്രമാണ് പ്രീ സീസണിൽ ഇതുവരെ ഇന്റർ മയാമിക്കുള്ള ആശ്വാസം. മെസിയുടെ കുട്ടിക്കാല ക്ലബ്ബായ ന്യൂവെൽസ് ബോയ്സിന് എതിരേ ഈ മാസം 16നാണ് ഇന്റർ മയാമിയുടെ അടുത്ത സൗഹൃദ മത്സരം. ഇന്റർ മയാമിയുടെ ഹോം മത്സരമാണിത്.
Source link