ന്യൂഡൽഹി∙ രാജ്യസഭയിലെ നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിൽ കേരളം ഉൾപ്പെടെയുളള സംസ്ഥാനങ്ങൾക്കു നേരെ പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞങ്ങളുടെ നികുതി, ഞങ്ങളുടെ പണം എന്ന വാദം ശരിയല്ലെന്നായിരുന്നു മോദിയുടെ പരാമർശം. രാജ്യത്തെ തകർക്കാൻ പുതിയ ആഖ്യാനങ്ങൾ സൃഷ്ടിക്കരുത്. രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. എല്ലാ സംസ്ഥാനങ്ങൾക്കും അർഹമായതു നൽകാൻ ശ്രമിക്കുന്നുണ്ട്. സംസ്ഥാനങ്ങളുടെ വികസനമാണ് രാജ്യത്തിന്റെ വികസനം. വികസനത്തിൽ സംസ്ഥാനങ്ങൾ തമ്മിൽ ആരോഗ്യകരമായ മത്സരം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘‘രാജ്യത്തിന്റെ ഭാവി അപകടത്തിലാണെന്നു പറഞ്ഞു രാജ്യത്തെ വടക്കും തെക്കുമായി വിഭജിക്കാനുള്ള കഥ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം. അത്തരമൊരു കഥ പരസ്യങ്ങളിലൂടെ മെനയുകയാണ് കർണാടക സർക്കാർ. രാജ്യത്തെ തകർക്കാനും രാഷ്ട്രീയ നേട്ടങ്ങൾക്കുമായാണ് പുതിയ ആഖ്യാനങ്ങൾ ചമയ്ക്കുന്നത്. അതിലുള്ള എന്റെ വേദന ഇവിടെ അറിയിക്കുകയാണ്. ഇത്തരം പ്രചാരണങ്ങൾ രാജ്യത്തിനു നല്ലതല്ല. അതു രാജ്യത്തിന്റെ ഭാവിയെ അപകടത്തിലാക്കും. രാജ്യത്തിന്റെ ഒരു ഭാഗത്തു വാക്‌സിൻ നിർമ്മിക്കുന്നുണ്ടെന്നും അതു മറ്റു ഭാഗങ്ങളിൽ നൽകാനാവില്ലെന്നും പറഞ്ഞു പരത്തുന്നവരുണ്ട്. ഒരു ദേശീയ പാർട്ടിയുടെ ഭാഗത്തുനിന്നും ഇത്തരം പ്രചാരണങ്ങൾ ഉണ്ടാകുന്നത് സങ്കടകരമാണ്.’’ എന്നും മോദി പറഞ്ഞു.
ഈ രാഷ്ട്രം നമുക്ക് ഒരു തുണ്ടു ഭൂമി മാത്രമല്ല. മനുഷ്യശരീരം പോലെയാണ്. ഒരു ശരീരഭാഗം പ്രവർത്തിക്കുന്നില്ലെങ്കിൽ ശരീരം മുഴുവനും വൈകല്യം ബാധിക്കും. രാജ്യത്തിന്റെ ഏതെങ്കിലും ഒരു ഭാഗം വികസനമില്ലാതെ അവശേഷിക്കുന്നുവെങ്കിൽ രാജ്യത്തിനു വികസിക്കാനാവില്ല. അതിനാൽ നാം രാജ്യത്തെ ഒന്നായി കാണണം, വേർതിരിക്കരുത്. നദികൾ ഹിമാലയത്തില്‍നിന്ന് ഉത്ഭവിക്കുന്നുവെന്നും അതു മറ്റുളള സംസ്ഥാനങ്ങൾ ഉപയോഗിക്കരുതെന്നും അവിടെയുളളവർ പറഞ്ഞാൽ എന്തു ചെയ്യും? കൽക്കരിയുളള സംസ്ഥാനങ്ങൾ അതില്ലാത്തവർക്കു നൽകില്ലെന്നു പറഞ്ഞാൽ എന്തു ചെയ്യും? കിഴക്കൻ സംസ്ഥാനങ്ങൾ ഓക്സിജൻ പങ്കിടില്ലെന്നു പറഞ്ഞിരുന്നെങ്കിൽ മറ്റ് പ്രദേശങ്ങളിൽ എന്തു സംഭവിക്കുമായിരുന്നുവെന്നും മോദി ചോദിച്ചു.
English Summary:
Pm narendra modi against our tax our money
Source link