നന്ദി പ്രമേയ ചർച്ചയിൽ രാജ്യസഭയിലെ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്

ന്യൂഡൽഹി∙ നന്ദി പ്രമേയ ചർച്ചയിൽ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നൽകും. ഈ ആഴ്ച ആദ്യം ലോക്സഭയിൽ നടന്ന ചർച്ചയിൽ പ്രധാനമന്ത്രി കോൺഗ്രസിനെ കടന്നാക്രമിച്ചിരുന്നു. പ്രതിപക്ഷത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ധൈര്യം നഷ്ടപ്പെട്ടുവെന്നായിരുന്നു അദ്ദേഹം പരിഹസിച്ചത്. 
ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 370 സീറ്റുകൾ നേടുമെന്നും എൻഡിഎ 400 സീറ്റിലധികം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘‘കോൺഗ്രസ് ഒരു  റദ്ദാക്കൽ സംസ്കാരത്തിൽ കുടുങ്ങിയിരിക്കുകയാണ്. അവർ വന്ദേഭാരതും മെയ്ക്ക് ഇൻ ഇന്ത്യ, പുതിയ പാർലമെന്റ് മന്ദിരം തുടങ്ങിയവയല്ലാം റദ്ദാക്കും. ഇന്ത്യയുടെ എല്ലാനേട്ടങ്ങളെയും അവർ റദ്ദ് ചെയ്യും.’’ പ്രധാനമന്ത്രി പറഞ്ഞു.  മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരികയാണെങ്കിൽ യുഎസിനും ചൈനയ്ക്കും പിറകേ ഇന്ത്യയെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. 

‌അതേസമയം, സമ്മേളനം ഒരു ദിവസത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചിട്ടുണ്ട്. യുപിഎ സർക്കാരിന്റെ കാലത്തെ ഇന്ത്യൻ സമ്പദ്ഘടനയുടെ അവസ്ഥയും 2014–ൽ മോദി സർക്കാർ അധികാരത്തിലെത്തിയതുമുതൽ ഇതുവരെയുള്ള ഇന്ത്യയുടെ സമ്പദ്ഘടനയും വിശദമാക്കുന്ന റിപ്പോർട്ട് സഭയിൽ അവതരിപ്പിക്കും. ജനുവരി 31ന് തുടങ്ങിയ പാർലമെന്റ് സമ്മേളനം ഫെബ്രുവരി ഒമ്പതിനാണ് അവസാനിക്കുക. ലോക്സസഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള അവസാനത്തെ സമ്മേളനമാണ് ഇത്. 

English Summary:
PM Narendra Modi will reply to the Motion of Thanks in Rajyasabha


Source link
Exit mobile version