പരീക്ഷാ ക്രമക്കേട് തടയൽ: ബിൽ പാസാക്കി; പ്രതിപക്ഷ ഭേദഗതികൾ തള്ളി

ന്യൂഡൽഹി ∙ മത്സരപ്പരീക്ഷകളിലെ ക്രമക്കേടിന് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പൊതുപരീക്ഷ (ക്രമക്കേടുകൾ തടയൽ) ബിൽ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. അർഹരായ വിദ്യാർഥികളുടെയും ഉദ്യോഗാർഥികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് ബിൽ കൊണ്ടുവന്നതെന്ന് മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഭേദഗതികളെല്ലാം സഭ തള്ളി. കേന്ദ്രസർക്കാർ എല്ലാം കേന്ദ്രീകൃതമാക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു.
പരീക്ഷാ അട്ടിമറി സംഘടിതമാണെങ്കിൽ 10 വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ബില്ലിൽ നിർദേശിക്കുന്നു. കംപ്യൂട്ടറൈസ്ഡ് പരീക്ഷകൾ കുറ്റമറ്റതാക്കാൻ ഉന്നതതല ദേശീയ സാങ്കേതിക സമിതിയുണ്ടാക്കാനും നിർദേശമുണ്ട്. ഏതെങ്കിലും പരീക്ഷ റദ്ദാക്കേണ്ടി വന്നാൽ പുനഃപരീക്ഷ നടത്തുമെന്നു മന്ത്രി പറഞ്ഞു.
യുപിഎസ്‌സി, സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ, റെയിൽവേ റിക്രൂട്മെന്റ് ബോർഡ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്സനേൽ സിലക്‌ഷൻ, നാഷനൽ ടെസ്റ്റിങ് ഏജൻസി എന്നീ പരീക്ഷകൾക്ക് ഇതു ബാധകമാവും.
ശിക്ഷ മാത്രമേ ബില്ലിൽ പറയുന്നുള്ളൂവെന്നും പരീക്ഷ കുറ്റമറ്റതാക്കാനുള്ള മാർഗങ്ങൾ പറയുന്നില്ലെന്നും കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ചൂണ്ടിക്കാട്ടി. ബില്ലിലെ പല വ്യവസ്ഥകളും ക്രിമിനൽ നിയമ നിർവചനങ്ങൾക്ക് വിരുദ്ധമാണെന്നും ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്കു വിടണമെന്നും എൻ.കെ.പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
ജമ്മുകശ്മീരിലെ തദ്ദേശ സ്ഥാപനങ്ങളിൽ ഒബിസി സംവരണം ഏർപ്പെടുത്താനുളള ബിൽ, പട്ടികജാതി ഭരണഘടനാ ഭേദഗതി ബിൽ, പട്ടിക വർഗ ഭേദഗതി ബിൽ എന്നിവയും ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി.
തമിഴ്നാടിന് ചുഴലിക്കാറ്റ് ദുരിതാശ്വാസം കിട്ടിയില്ലെന്ന് ഡിഎംകെ നേതാവ് ടി.ആർ.ബാലു പ്രസംഗിക്കുന്നതിനിടെ മന്ത്രി എൽ.മുരുഗൻ തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് ലോക്സഭയിൽ ബഹളമുണ്ടായി. മുരുഗനെ വിമർശിച്ച് ബാലു നടത്തിയ ചില പരാമർശങ്ങൾ ദലിത് മന്ത്രിയെ അവഹേളിക്കാനാണെന്ന് ബിജെപിയും ആരോപിച്ചതോടെ ബഹളം മൂർഛിച്ചു. തുടർന്ന് ഇന്ത്യ മുന്നണി അംഗങ്ങൾ ഇറങ്ങിപ്പോയി. ബാലു നടത്തിയ പദപ്രയോഗം സ്പീക്കർ രേഖകളിൽ നിന്നു നീക്കി.
യുപിഎസ്‌സി പരീക്ഷകൾ ഇനി 22 ഭാഷകളിൽ
യുപിഎസ്‌സിയുടെ പരീക്ഷകൾ 22 ഭാഷകളിൽ നടത്തുമെന്ന് ബില്ലിന്റെ ചർച്ചയ്ക്കിടെ മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. നിലവിൽ 14 ഭാഷകളിൽ പരീക്ഷ നടത്തുന്നുണ്ട്.
ബജറ്റ് സമ്മേളനം ശനിയാഴ്ച വരെ
ലോക്സഭയുടെ ബജറ്റ് സമ്മേളനം ശനിയാഴ്ച വരെ നീട്ടി. നേരത്തേ 9 വരെയാണു നിശ്ചയിച്ചിരുന്നത്. യുപിഎ സർക്കാരിന്റെ കാലത്തെ ഇന്ത്യയുടെ ധനസ്ഥിതിയെക്കുറിച്ചുള്ള ധവള പത്രം അവസാന ദിവസങ്ങളിൽ ഇറക്കും. ധവളപത്രം ഇറക്കുമെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു.
Source link