CINEMA

ഷാജി കൈലാസ് സിനിമയുടെ തിരക്കഥയും കൊണ്ടുപോയ ടാക്സി ഡ്രൈവർ; തുണയായത് വിജയകാന്ത്

22 വർഷം പഴയൊരു കഥയാണ്. വിജയകാന്ത് നായകനായ ‘വാഞ്ചിനാഥൻ’ എന്ന സിനിമയുടെ ഷൂട്ടിങ് ചെന്നൈയിൽ നടക്കുന്നു. ഷാജി കൈലാസിന്റെ അസിസ്റ്റന്റായി ഞാനുമുണ്ട്. സ്വന്തം സിനിമ പോലെ തന്നെ കാഴ്ചക്കാരെ ത്രില്ലടിപ്പിക്കുന്ന വിധത്തിലാണു ഷാജി സാറിന്റെ ഷൂട്ടിങ്. അതിവേഗത്തിലുള്ള തീരുമാനങ്ങളും അതിസാഹസികമായ ഷോട്ടുകളും. ഒരു യുദ്ധത്തിനു പോകുന്നതുപോലെ എന്തിനും തയാറായാണു ഞങ്ങൾ ലൊക്കേഷനിലേക്കു പോകുന്നത്. എം.പത്മകുമാറാണ് അസോഷ്യേറ്റ് ഡയറക്ടർ. ദീപനും ഞാനുമാണ് അസിസ്റ്റന്റുമാർ. തമിഴിൽനിന്നു സദാശിവം എന്നൊരു അസോഷ്യേറ്റ് ഡയറക്ടറുമുണ്ട്.
ലിയാഖത്ത് അലി ഖാനാണു തിരക്കഥാകൃത്ത്. അന്നു കംപ്യൂട്ടർ പ്രിന്റൊന്നും സിനിമയിൽ പരിചിതമല്ല. തിരക്കഥാകൃത്ത് കൈ കൊണ്ട് എഴുതുന്നു. അസിസ്റ്റന്റുമാർ അതിന്റെ കോപ്പി എഴുതിയുണ്ടാക്കുന്നു. അതാണു രീതി. ലിയാഖത്ത് തമിഴിൽ എഴുതിയ തിരക്കഥ സദാശിവം എനിക്കു വായിച്ചുതരും. ഞാനതു മലയാള ലിപിയിലേക്കു മാറ്റും. അതുകൊണ്ട് സ്ക്രിപ്റ്റിന്റെ തമിഴ് കോപ്പിയും മലയാളം കോപ്പിയും ഉണ്ടാവും. രണ്ടും സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം എനിക്കാണ്.

ഞങ്ങൾ അസിസ്റ്റന്റുമാർക്കു വേണ്ടി ലൊക്കേഷനിൽ പ്രത്യേക വണ്ടിയുണ്ടായിരുന്നു. ഷൂട്ടിങ് തീരുംവരെ വണ്ടി ലൊക്കേഷനിൽ തന്നെ ഉണ്ടാവും. അസിസ്റ്റന്റുമാരുടെ നോട്ട് ബുക്കുകളും സ്ക്രിപ്റ്റുകളുടെ കോപ്പിയും ഈ വണ്ടിയിലാണു സൂക്ഷിക്കുന്നത്. അന്നു ബൊട്ടാണിക്കൽ ഗാർഡനിലാണു ഷൂട്ടിങ്.

പതിവുപോലെ ഞങ്ങൾ രാവിലെ ലൊക്കേഷനിലെത്തി. നല്ല ചൂടുദോശയുടെയും ചട്ണിയുടെയും മണം മൂക്കിലേക്ക് അടിച്ചു കയറി. അവിടെത്തന്നെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുകയാണ്. ലൈവ് കിച്ചൻ. ഞങ്ങൾ തട്ടുകടയിലേക്കു പോയി. എന്നാൽ, ഞങ്ങൾ ദോശ കഴിച്ച് തിരിച്ചു വരുമ്പോൾ വണ്ടി കാണാനില്ല. എന്റെയുള്ളിൽ ഒരു ഫ്ലാഷ് മിന്നി. പ്രൊഡക്ഷനിൽ അന്വേഷിച്ചപ്പോഴാണ് അറിയുന്നത്, അതു ടാക്സി വണ്ടിയായിരുന്നുവെന്നത്. പ്രൊഡക്ഷൻ വണ്ടി വർക്ക് ഷോപ്പിൽ ആയതിനാൽ പ്രത്യേകം വിളിച്ചതാണ്. ഓട്ടം കഴിഞ്ഞ് അയാൾ അയാളുടെ വഴിക്കുപോയി. വിളിച്ചു ചോദിക്കാൻ മൊബൈൽ ഫോണും ഇല്ല. സ്ക്രിപ്റ്റ് ബോക്സ് ആ കാറിലാണ്. വേറെ കോപ്പിയുമില്ല.

അപ്പോഴേക്കും വിജയകാന്ത് ലൊക്കേഷനിലേക്ക് എത്തിക്കഴിഞ്ഞു. ഏതു സമയവും ഷാജി സാർ വരും. സംഗതി അറിഞ്ഞാൽ, ഷാജി സാർ അപ്പോൾ തന്നെ എന്നെ പുറത്താക്കും. സിനിമയുടെ സ്ക്രിപ്റ്റ് കൊണ്ടുപോയി കളഞ്ഞവൻ എന്ന പേരുവീണാൽ പിന്നെ ഒരു സംവിധായകനും കൂടെ നിർത്തില്ല. സിനിമ എന്ന സ്വപ്നം ഇവിടെ അവസാനിക്കുകയാണ്; ഞാൻ ഉറപ്പിച്ചു. എങ്കിലും രണ്ടും കൽപിച്ച് വിജയ്കന്തിന്റെ അടുത്തേക്കു നടന്നു. അദ്ദേഹം ഞങ്ങൾ അസിസ്റ്റന്റുമാരുമായി നല്ല ചങ്ങാത്തത്തിലാണ്. ഞാൻ കാര്യം പറഞ്ഞു. ഒരു പ്രതിവിധി ആലോചിച്ച് അദ്ദേഹം ഗേറ്റിലേക്കു നോക്കി. 
ഷാജിസാറിന്റെ വാഹനം ഒരു സ്ലോമോഷൻ ഷോട്ടിൽ അതാ കടന്നുവരുന്നു. ഞാൻ പെട്ടെന്ന് ഒരു മരത്തിനു പിന്നിൽ മറഞ്ഞു. എത്രയും വേഗം സ്ഥലം കാലിയാക്കണം. കിട്ടുന്ന ബസിൽ കയറി കോഴിക്കോട്ടെത്തണം. വേറെ മാർഗമില്ല. ഒന്നുകൂടി തിരിഞ്ഞുനോക്കി, എനിക്കു വിശ്വസിക്കാനായില്ല. വണ്ടിയിൽ ഷാജിസാർ ഇരിക്കേണ്ട സീറ്റിൽ പ്രൊഡക്‌ഷൻ കൺട്രോളർ രാമവാസുവാണ്. അദ്ദേഹം പുറത്തേക്കിറങ്ങി. ചെറിയൊരു നിശ്വാസത്തോടെ ഞാൻ വണ്ടിയുടെ അടുത്തേക്കു നടന്നു. ‘‘ഷാജി സാറിനു പെട്ടെന്ന് ബിപി കൂടി. ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ഇന്ന് ഷൂട്ടില്ല’’ നല്ല തമിഴിലാണ് രാമവാസു ആ വിവരം പറഞ്ഞത്.

ഞാൻ വിജയകാന്തിന്റെ മുഖത്തേക്കു നോക്കി. അദ്ദേഹം അടുത്തേക്കു വന്ന് എന്നെ ചേർത്തു പിടിച്ചു. ‘‘ടാക്സി സ്റ്റാൻഡിൽ പോയി ആ കാറ് ഏതാണെന്ന് അന്വേഷിക്ക്…വൈകുന്നതിനുമുൻപ് കണ്ടുപിടിക്കണം’’ വിജയകാന്ത് പറഞ്ഞു. ദീപനെയും കൂട്ടി ഞാൻ സ്റ്റാൻഡിലേക്ക് ഓടി. ടാക്സി ഏതാണെന്നു കണ്ടുപിടിച്ചു. നാലു മണിയായപ്പോഴേക്കും ഡ്രൈവർ സ്ക്രിപ്റ്റ് ബോക്സുമായി തിരിച്ചെത്തി. ഉറ്റ ചങ്ങാതിയായ ദീപനൊപ്പം ക്യാപ്റ്റൻ വിജയകാന്തിന്റെ ഓർമകളും ഞാൻ ചേർത്തുവയ്ക്കുന്നു.

English Summary:
Bibin Prabhakar about Shaji Kailas-Vijayakanth movie shooting memories


Source link

Related Articles

Back to top button