ഫാക്ട് ചെക്കിങ് യൂണിറ്റ് വാർത്തയിലെ വസ്തുത കണ്ടെത്താൻ: മന്ത്രി

ന്യൂഡൽഹി ∙ വാർത്തകളുടെ ഉള്ളടക്കം നീക്കം ചെയ്യാൻ കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നില്ലെന്നും ശരിയായ വാർത്തകൾ ഏതെന്നു വ്യക്തമാക്കുക മാത്രമാണു ഫാക്ട് ചെക്കിങ് യൂണിറ്റിന്റെ കടമയെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ (ഡിഎൻപിഎ) വാർഷിക കോൺക്ലേവിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തകൾക്കിടയിൽ തെറ്റായ വിവരങ്ങളും പ്രചരിക്കുന്നുണ്ട്. ഇതിൽ ശരിയേത്, തെറ്റേത് എന്നു തിരിച്ചറിയാതെ വലയുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിർദേശംവയ്ക്കുന്നത്. വാർത്ത ശരിയാണോ തെറ്റാണോ എന്നു പറയുക മാത്രമാണു ചെയ്യുന്നത്.
അതേസമയം, നിയമവിരുദ്ധമായ ഉള്ളടക്കം നിരോധിക്കാൻ വ്യവസ്ഥ ഉണ്ടെന്നും ഇതു മാധ്യമസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ മാധ്യമകമ്പനികളും വൻകിട ടെക് കമ്പനികളും തമ്മിൽ വരുമാനവിതരണത്തിലുള്ള അസന്തുലിതാവസ്ഥ കേന്ദ്രസർക്കാർ പരിഗണിക്കുന്നുണ്ട്. നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ഭരണകാലത്ത് ഈ വിഷയത്തിനു മുൻഗണന നൽകും.
‘ഇന്റർനെറ്റിന്റെ ലോകം എല്ലാവർക്കും തുല്യമായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഒന്നോ രണ്ടോ വലിയ കമ്പനികൾ നിയന്ത്രിക്കുന്നതിനോടു യോജിപ്പില്ല’– രാജീവ് ചന്ദ്രശേഖർ നയം വിശദീകരിച്ചു. മനോരമ ഓൺലൈൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മറിയം മാമ്മൻ മാത്യു കേന്ദ്രമന്ത്രിയെ സ്വാഗതം ചെയ്തു.
മാധ്യമസ്ഥാപനങ്ങൾ നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾക്കൊപ്പം അവയുടെ വിശ്വാസ്യതയും ഇന്നു പ്രധാനമാണെന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. പുതിയ സാങ്കേതിക വിദ്യകൾ ശരിയായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കണം. ഡിജിറ്റൽ മാർക്കറ്റിങ് വിഷയത്തിൽ പുതിയ നയം വരുമെന്നും അദ്ദേഹം പറഞ്ഞു.
നിതി ആയോഗ് മുൻ സിഇഒ അമിതാഭ് കാന്ത് അവാർഡുകൾ വിതരണം ചെയ്തു. കേന്ദ്രസർക്കാരിന്റെ ‘ഭീം’ മൊബൈൽ ആപ്ലിക്കേഷനാണു സാമ്പത്തിക പരിഷ്കരണ വിഭാഗത്തിൽ പുരസ്കാരം. മിഷൻ കർമ്മയോഗി (വിദ്യാഭ്യാസം), പോഷൻ ട്രാക്കർ ആപ്ലിക്കേഷൻ (വനിതാ–ശിശുക്ഷേമം), പ്രധാൻമന്ത്രി ജൻ ധൻ യോജന (സുസ്ഥിരത–പരിസ്ഥിതി സംരക്ഷണം), ഉമങ് (ഭരണനിർവഹണം), ഡിജിലോക്കൽ (ഈസ് ഓഫ് ലിവിങ്) എന്നിവയും വിവിധ പുരസ്കാരങ്ങൾ നേടി. കേന്ദ്ര ഐടി സെക്രട്ടറി എസ്. കൃഷ്ണൻ, ഡിഎൻപിഎ ചെയർമാൻ തൻമയ് മഹേശ്വരി തുടങ്ങിയവർ പ്രസംഗിച്ചു.
English Summary:
Fact checking unit to find facts in news says Minister Rajeev Chandrasekhar
Source link