കിവീസ് വൻ ലീഡിലേക്ക്

മൗണ്ട് മാംഗനുയി: രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറി നേടിയ കെയ്ൻ വില്യംസണിന്റെ മികവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻഡ് വൻ ലീഡിലേക്ക്. ഒന്നാം ഇന്നിംഗ്സിൽ 289 പന്തിൽ 118 റണ്‍സ് നേടിയ വില്യംസണ് രണ്ടാം ഇന്നിംഗ്സിൽ 132 പന്തിൽ 109 റണ്‍സുമായി പുറത്തായി. മൂന്നാം ദിവസം കളി നിർത്തുന്പോൾ കിവീസ് നാലു വിക്കറ്റിന് 179 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ 528 റണ്‍സിന്റെ ലീഡായി. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 162 റണ്‍സിൽ അവസാനിച്ചിരിരുന്നു. 349 റണ്‍സിന്റെ ലീഡ് ലഭിച്ച ന്യൂസിലൻഡ് ദക്ഷിണാഫ്രിക്കയെ ഫോളോ ഓണിന് വിടാതെ രണ്ടാം ഇന്നിംഗ്സ് ആരംഭിക്കുകയായിരുന്നു. തുടക്കത്തിലേ ടോം ലാഥത്തെ (3) നഷ്ടമായി. ഡിവോണ്‍ കോണ്‍വെ (29)-വില്യംസണ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 92 റണ്‍സുമായി കിവീസിനെ മുന്നോട്ടുനയിച്ചു.
ഒന്നാം ഇന്നിംഗ്സിൽ ഇരട്ട സെഞ്ചുറി നേടിയ രവീന്ദ്രയ്ക്ക് (12) കൂടുതൽ നേരം ക്രീസിൽനിൽക്കാനായില്ല. കിവീസ് സ്കോർ 173ലെത്തിയപ്പോൾ വില്യംസണ് വിക്കറ്റ്കീപ്പർ ക്ലൈഡേ ഫോർട്യൂണിന് ക്യാച്ച് നൽകി പുറത്തായി. 12 ഫോറും ഒരു സിക്സുമാണ് മുൻ നായകന്റെ ബാറ്റിൽനിന്നു പിറന്നത്. ഡാരൽ മിച്ചലും (11) ടോം ബ്ലെൻഡലുമാണ് (5) ക്രീസിൽ.
Source link