ന്യൂഡൽഹി ∙ പാർട്ടിയിലെ പ്രമുഖ നേതാക്കളിൽ പരമാവധി പേരെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിനിറക്കാൻ കോൺഗ്രസ് ആലോചിക്കുന്നു. ജീവന്മരണ പോരാട്ടത്തിൽ ജയിക്കാനുള്ള എല്ലാ വഴിയും തേടുന്നതിന്റെ ഭാഗമായുള്ള നീക്കം നടപ്പാക്കിയാൽ എംഎൽഎമാർ, സംഘടനാ ചുമതലയുള്ളവർ, രാജ്യസഭാംഗങ്ങൾ തുടങ്ങിയവരടക്കം മിക്ക പ്രമുഖരും സ്ഥാനാർഥികളാവും. ബിജെപിയുമായി നേർക്കുനേർ പോരാട്ടം നടക്കുന്ന സീറ്റുകളിലാണ് ഈ രീതിയിലുള്ള സ്ഥാനാർഥിത്വം മുഖ്യമായും പരീക്ഷിക്കുക.
സ്വന്തം കരുത്തിൽ ഒരു സീറ്റ് നേടുകയെന്ന ദൗത്യമായിരിക്കും ഓരോ നേതാവിനും നൽകുക. പ്രമുഖനെന്ന മേൽവിലാസം മാത്രമല്ല ജയസാധ്യത കൂടി കണക്കിലെടുത്താകും സ്ഥാനാർഥിയാക്കുന്ന കാര്യം അന്തിമമായി തീരുമാനിക്കുകയെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. പാർട്ടി ആവശ്യപ്പെട്ടാൽ ആലപ്പുഴയിൽ മത്സരിക്കാൻ തയാറാണെന്ന് കെ.സി.വേണുഗോപാൽ വ്യക്തമാക്കി. എന്നാൽ, മറ്റു സാമുദായിക പ്രാതിനിധ്യം പരിഗണിക്കേണ്ട സാഹചര്യമുണ്ടായാൽ അദ്ദേഹം ഒഴിവാകും.
പരിഗണനാ പട്ടികയിലുള്ള പ്രമുഖർ: അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ് (രാജസ്ഥാൻ), ഭൂപേഷ് ബാഗേൽ, ടി.എസ്.സിങ്‌ദേവ് (ഛത്തീസ്ഗഡ്), ഭുപീന്ദർ സിങ് ഹൂഡ, ദീപേന്ദർ സിങ് ഹൂഡ, രൺദീപ് സിങ് സുർജേവാല, കുമാരി ഷെൽജ (ഹരിയാന), അജയ് മാക്കൻ, അർവിന്ദർ സിങ് ലാവ്‌ലി (ഡൽഹി), ദിഗ്‌വിജയ് സിങ്, കമൽനാഥ്, ജിത്തു പട്‌വാരി (മധ്യപ്രദേശ്), അശോക് ചവാൻ, നാനാ പഠോളെ, പൃഥ്വിരാജ് ചവാൻ (മഹാരാഷ്ട്ര), ശക്തിസിങ് ഗോഹിൽ, അമിത് ചാവ്ഡ (ഗുജറാത്ത്), ഹരീഷ് റാവത്ത്, ഗണേശ് ഗൊദിയാൽ (ഉത്തരാഖണ്ഡ്). ഇതിനിടെ, കമൽനാഥിന്റെ മകനും മധ്യപ്രദേശിലെ ചിന്ദ്‌വാഡ എംപിയുമായ നകുൽനാഥ് സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. പ്രവർത്തകരെ അഭിസംബോധന ചെയ്യവേയാണ് താൻ തന്നെയാണു സ്ഥാനാർഥിയെന്ന് അദ്ദേഹം അറിയിച്ചത്.
സോണിയ രാജ്യസഭയിലേക്ക് ?
അനാരോഗ്യം അലട്ടുന്ന സോണിയ ഗാന്ധി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന സൂചന ശക്തം. യുപിയിലെ റായ്ബറേലിയിൽനിന്നുള്ള എംപിയായ സോണിയയ്ക്കു രാജ്യസഭാ സീറ്റ് നൽകുന്നത് പാർട്ടി പരിഗണിക്കുന്നുണ്ട്.
പ്രിയങ്ക എവിടെ?
പ്രിയങ്ക ഗാന്ധി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിലുണ്ട്. കർണാടക, യുപി സംസ്ഥാന ഘടകങ്ങൾ സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. തീരുമാനം പ്രിയങ്കയ്ക്കു വിട്ടിരിക്കുകയാണു പാർട്ടി.
തെലങ്കാന ബിആർഎസ് എംപി കോൺഗ്രസിൽ
തെലങ്കാനയിലെ ബിആർഎസ് നേതാവും സിറ്റിങ് എംപിയുമായ ബൊർലകുന്ദ വെങ്കിടേഷ് നേത കോൺഗ്രസിൽ ചേർന്നു. പെദ്ദപള്ളി മണ്ഡലത്തിൽനിന്നുള്ള ലോക്സഭാംഗമാണ്. മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി, ഉപമുഖ്യമന്ത്രി മല്ലുഭട്ടി വിക്രമാർക എന്നിവർക്കൊപ്പം ഡൽഹിയിലെത്തിയ വെങ്കിടേഷ് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരുടെ സാന്നിധ്യത്തിലാണു പാർട്ടിയിൽ ചേർന്നത്.
Source link