കാൻബറ: വെസ്റ്റ് ഇൻഡീസിനെതിരേയുള്ള ഏകദിന ക്രിക്കറ്റ് പരന്പരയിൽ ഓസ്ട്രേലിയയ്ക്ക് സന്പൂർണ ജയം. മൂന്നാമത്തെയും അവസാനത്തെയുമായ മത്സരത്തിൽ ഓസ്ട്രേലിയ എട്ട് വിക്കറ്റുകൾക്ക് വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചു. തങ്ങളുടെ 1000മത്തെ ഏകദിനത്തിൽ 259 പന്തുകൾ ബാക്കിയിരിക്കേയാണ് ഓസ്ട്രേലിയ ജയം നേടിയത്. ഓസ്ട്രേലിയയിൽ കളിച്ച ഏറ്റവും ദൈർഘ്യം കുറഞ്ഞ ഏകദിന മത്സരമായിരുന്നു. 31 ഓവർ മാത്രം എറിഞ്ഞ കളി ഇന്നിംഗ്സിനിടെയുള്ള ഇടവേള ഉൾപ്പെടെ മൂന്നു മണിക്കൂറിൽ തീർന്നു. 186 പന്തുകളാണ് എറിഞ്ഞത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് 24.1 ഓവറിൽ 86ന് എല്ലാവരും പുറത്തായി. 60 പന്തിൽ 32 റണ്‍സ് നേടിയ അലിക് അഥനാസ് ആണ് ടോപ് സ്കോറർ. സേവ്യർ ബാർട്ട്ലെറ്റ് നാലും ലാൻസ് മോറിസും ആദം സാംപയും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ആകെ എട്ട് വിക്കറ്റ് വീഴ്ത്തിയ ബാർട്ട്ലെറ്റ് ആണ് പരന്പരയുടെ താരം. ചെറിയ വിജയലക്ഷ്യം ഓസീസ് 6.5 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടമാക്കി 87 റണ്‍സ് നേടി മറികടന്നു.
ഓപ്പണർമാരായ ജേക് ഫ്രേസറും (41) ജോഷ് ഇംഗ്ലിസും (35 നോട്ടൗട്ട്) ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 4.3 ഓവറിൽ 67 റണ്‍സ് നേടി. 2002നുശേഷം ഓസ്ട്രേലിയൻ പുരുഷന്മാർ നേടുന്ന ഏറ്റവും വേഗമേറിയ 50 റണ്‍സാണിത്. 3.4 ഓവറിലാണ് ഓസീസ് അന്‍പത് കടന്നത്. ഫ്രേസറെ കൂടാതെ ആരോണ്‍ ഹാർഡി (2) പുറത്തായി. സ്റ്റീവൻ സ്മിത്ത് (6) പുറത്താകാതെനിന്നു.
Source link