ഇമ്രാന്റെ പാർട്ടിക്കാരെ പോലീസ് വേട്ടയാടുന്നു
ഇസ്ലാമാബാദ്: തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ശേഷിക്കേ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിടിഐ (തെഹ്രിക് ഇ ഇൻസാഫ്) പാർട്ടിക്കെതിരേ പാക് ഭരണകൂടം കർശന നടപടികൾ തുടരുന്നു. ക്രിക്കറ്റ് ബാറ്റ് ചിഹ്നം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ പിടിഐ സ്ഥാനാർഥികളിൽ പലരും സ്വതന്ത്രരായാണു മത്സരിക്കുന്നത്. അടുത്ത പ്രധാനമന്ത്രിയാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന പിഎംഎൽ-എൻ നേതാവ് നവാസ് ഷരീഫിനെതിരേ മത്സരിക്കുന്ന പിടിഐ സ്വതന്ത്ര ഡോ. യാസ്മിൻ റഷീദിനെതിരേ ഇന്നലെ തീവ്രവാദക്കുറ്റം ചുമത്തി. ലാഹോറിലെ എൻഎ-130 മണ്ഡലത്തിൽ മത്സരിക്കുന്ന ഷരീഫ് പരാജയപ്പെടാനുള്ള സാഹചര്യത്തിലാണു നടപടിയെന്ന് പിടിഐ ആരോപിച്ചു. കഴിഞ്ഞ വർഷം മേയിൽ ഇമ്രാൻ അറസ്റ്റിലായതിനെത്തുടർന്നുണ്ടായ കലാപത്തിനിടെ ലാഹോറിലെ പോലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ട കേസിലാണ് യാസ്മിനെതിരേ ഇന്നലെ കുറ്റം ചുമത്തിയത്. കലാപത്തിനു പിന്നാലെ അറസ്റ്റിലായ അവർ ജയിലിലാണുള്ളത്.
പിടിഐയുടെ മറ്റു നേതാക്കളും നടപടി നേരിടുന്നുണ്ട്. നവാസിന്റെ ഇളയ സഹോദരൻ ഷഹ്ബാസിന്റെ മകൻ ഹംസ ഷഹ്ബാസിനെതിരേ മത്സരിക്കുന്ന ആലിയ ഹംസയുടെ തെരഞ്ഞെടുപ്പ് ഓഫീസ് പോലീസ് അടച്ചു മുദ്രവച്ചു. ആലിയയും ജയിലിലാണുള്ളത്. പോലീസ് പിടിഐ പ്രസിഡന്റ് ചൗധരി പർവേസ് ഇലാഹിയുടെ ഭവനം റെയ്ഡ് ചെയ്ത് വനിതകളെ ഭീഷണിപ്പെടുത്തി. പ്രമുഖ പാർട്ടി നേതാക്കളുടെയും അനുയായികളുടെയും ഭവനങ്ങളിൽ റെയ്ഡ് നടക്കുന്നതായി പിടിഐ ആരോപിച്ചു. വ്യാഴാഴ്ചത്തെ തെരഞ്ഞെടുപ്പിൽ സൈന്യത്തിന്റെ പിന്തുണയുള്ള നവാസിനാണ് ജയസാധ്യത കല്പിക്കുന്നത്. സൈന്യത്തിന്റെ അപ്രീതി നേടിയ ഇമ്രാനും ഭാര്യയും കഴിഞ്ഞയാഴ്ച ഒട്ടേറെ കേസുകളിൽ ശിക്ഷിക്കപ്പെട്ടു.
Source link