മുംബൈ: ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻസി വിവാദം അവസാനിക്കുന്നില്ല. 2024 സീസണിനു മുന്‍പായി മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രോഹിത് ശർമയെ നീക്കി. പകരം ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതോടെ മുംബൈയുടെ സോഷ്യൽ മീഡിയ പേജിൽ വൻ കൊഴിഞ്ഞുപോക്ക് ഉണ്ടായി. 10 ലക്ഷത്തോളം ആരാധകരാണ് രോഹിത്തിനെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയതിനു പിന്നാലെ മുംബൈയുടെ ഇൻസ്റ്റഗ്രാം പേജ് അണ്‍ഫോളോ ചെയ്തത്. ക്യാപ്റ്റനെ മാറ്റിയതിന്റെ കാരണം വിശദമാക്കി മുംബൈ പരിശീലകൻ മാർക്ക് ബൗച്ചർ നടത്തിയ പ്രസ്താവനയ്ക്ക് രോഹിത്തിന്റെ ഭാര്യ റിതിക നടത്തിയ പ്രതികരണം സോഷ്യൽ മീഡിയയിൽ തരംഗമായി. “തികച്ചും ക്രിക്കറ്റ് പരമായ തീരുമാനമാണെന്ന് ഞാൻ കരുതുന്നു. ട്രാൻസ്ഫർ ജാലകത്തിലൂടെയാണ് ഹാർദിക്കിനെ സ്വന്തമാക്കിയത്. ഇതൊരു മാറ്റത്തിന്റെ സമയമാണ്. ഇന്ത്യയിൽ കൂടുതൽ ആളുകളും വൈകാരികമായാണ് പ്രതികരിക്കുന്നത്.
രോഹിത് എന്ന കളിക്കാരനിലെ മികവ് കൂടുതൽ പുറത്തുവരാൻ ഇതുപകരിക്കും. ക്യാപ്റ്റൻസി ചുമതലയുടെ സമ്മർദമില്ലാതെ യഥേഷ്ടം റണ്‍സ് നേടാൻ രോഹിത്തിനെ സഹായിക്കുന്നതാണ് ഈ തീരുമാനം”- മാർക്ക് ബൗച്ചർ ഒരു അഭിമുഖത്തിൽ പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഈ അഭിമുഖം പങ്കുവച്ചതിന്റെ താഴെയായി റിതിക നടത്തിയ പ്രതികരണമാണ് ശ്രദ്ധിക്കപ്പെട്ടത്. “ഇതിൽ പലതും തെറ്റാണ്…” എന്നതായിരുന്നു റിതികയുടെ പ്രതികരണം. 2024 ഐപിഎൽ മാർച്ച്-മേയ് മാസങ്ങളിലാണ്. മുംബൈയുടെ ക്യാപ്റ്റനായി നിയോഗിക്കപ്പെട്ട ഹാർദിക് പാണ്ഡ്യ നിലവിൽ പരിക്കേറ്റ് വിശ്രമത്തിലാണ്. ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻസിയിൽനിന്നാണ് ഹാർദിക് മുംബൈയിലേക്ക് തിരിച്ചെത്തിയത്.
Source link