ലോക്സഭാ സീറ്റ് വിഭജനം: ഇടഞ്ഞ് ചിരാഗ് പസ്വാൻ, എൻഡിഎ വിട്ടേക്കും
പട്ന ∙ എൽജെപി (റാംവിലാസ്) നേതാവ് ചിരാഗ് പസ്വാൻ എൻഡിഎ വിടാൻ സാധ്യത. നിതീഷ് കുമാർ എൻഡിഎയിൽ മടങ്ങിയെത്തിയതോടെ ഇടഞ്ഞു നിൽക്കുന്ന ചിരാഗിനെ അനുനയിപ്പിക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ ശ്രമങ്ങൾ വിഫലമാകുകയാണ്. ലോക്സഭാ സീറ്റ് വിഭജനത്തിന്റെ പേരിൽ എൻഡിഎയിൽ കലാപമുണ്ടാക്കി മുന്നണി വിടാനുള്ള തയാറെടുപ്പിലാണ് ചിരാഗ്. ബിഹാറിലെ 11 ലോക്സഭാ സീറ്റുകളിൽ ചുമതലക്കാരെ നിയമിച്ച ചിരാഗിന്റെ നീക്കം ബിജെപിക്കുള്ള മുന്നറിയിപ്പായി.
Read Also: ലിവ് ഇൻ റിലേഷൻഷിപ്പിനെ ചങ്ങലയ്ക്കിട്ട് ഉത്തരാഖണ്ഡ് ഏക വ്യക്തി നിയമം; പങ്കാളികൾ റജിസ്റ്റർ ചെയ്യേണ്ടി വരും
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ഭാഗമായി എൽജെപി മത്സരിച്ച 6 സീറ്റുകളിലും വിജയിച്ചിരുന്നു. എൽജെപിയുടെ പിളർപ്പിനുശേഷം എംപിമാരിൽ അഞ്ചുപേരും പശുപതി പാരസിന്റെ പക്ഷത്തായതോടെ ചിരാഗ് പാർട്ടിയിലെ ഏക എംപിയായി. പിളർപ്പിലെ അംഗബലം കണക്കാക്കാതെ ഇരു വിഭാഗത്തിനും 3 സീറ്റുകൾ വീതമാണ് ബിജെപി വാഗ്ദാനം ചെയ്തത്. ഇതിൽ പശുപതി പാരസിന്റെ സിറ്റിങ് സീറ്റായ ഹാജിപുരിൽ ചിരാഗ് പസ്വാൻ പ്രചാരണം തുടങ്ങിയതു മുന്നണിയിൽ പ്രശ്നമായിരുന്നു.
ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയും ഉപേന്ദ്ര ഖുശ്വാഹയുടെ ആർഎൽജെഡിയും എൻഡിഎയിൽ ചേർന്നതിനാൽ സീറ്റു വിഭജനം കൂടുതൽ സങ്കീർണമായി. ഇക്കുറിയും 6 സീറ്റുകൾ ആവശ്യപ്പെട്ട് എൻഡിഎയിൽ സമ്മർദ്ദം സൃഷ്ടിക്കുകയാണ് ചിരാഗ് പസ്വാൻ. ജിതൻ റാം മാഞ്ചിയെയും ചിരാഗ് പസ്വാനെയും മഹാസഖ്യത്തിലെത്തിക്കാൻ ആർജെഡിയും അണിയറ നീക്കത്തിലാണ്.
Source link