ശരദ് പവാറിന്റെയും ഉദ്ധവിന്റെയും ശക്തികേന്ദ്രങ്ങളിലേക്ക് മോദി; 45 ലോക്സഭാ സീറ്റുകൾ ലക്ഷ്യമാക്കി ബിജെപി

മുംബൈ∙ 80 സീറ്റുള്ള യുപി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയിൽ (48) നിന്നു പരമാവധി സീറ്റുകൾ നേടാൻ ലക്ഷ്യമിടുന്ന ബിജെപി പ്രധാനമന്ത്രിയുടെ സാന്നിധ്യം സംസ്ഥാനത്ത് പരമാവധി ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.
ശരദ് പവാർ വിഭാഗത്തിന്റെ സ്വാധീന മേഖലയായ പശ്ചിമ മഹാരാഷ്ട്രയിലും ഉദ്ധവ് താക്കറെയുടെ ശക്തികേന്ദ്രമായ മുംബൈയിലും 19ന് മോദിയുടെ ഒൗദ്യോഗിക പരിപാടികളുണ്ടാകും. അവയെ തിരഞ്ഞെടുപ്പു പ്രചാരണത്തുടക്കമാക്കാനൊരുങ്ങുകയാണ് പാർട്ടി. 45 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്.
രണ്ടു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് പ്രധാനമന്ത്രി സംസ്ഥാനത്തെത്തുന്നത്. ജനുവരി രണ്ടാംവാരം മുംൈബയിൽ കടൽപാലം ഉദ്ഘാടനം ചെയ്ത അദ്ദേഹം മൂന്നാംവാരം സോലാപുരിൽ തൊഴിലാളികൾക്കായുളള ഭവനപദ്ധതിയുടെ ഉദ്ഘാടനത്തിനുമെത്തി.
പശ്ചിമ മഹാരാഷ്ട്രയിൽ ബിജെപി ഒരിക്കലും വിജയിച്ചിട്ടില്ലാത്ത സത്താറ ലോക്സഭാ മണ്ഡലത്തിലാണ് 19ന് മോദി എത്തുന്നത്. മറാഠ ചക്രവർത്തി ഛത്രപതി ശിവാജിയുടെ പേരിലുള്ള പുരസ്കാരം ചടങ്ങിൽ മോദി ഏറ്റുവാങ്ങും. എൻസിപി, കോൺഗ്രസ് പാർട്ടികളോട് ആഭിമുഖ്യം കാണിച്ചിരുന്ന മറാഠ സമുദായത്തിന്റെ വോട്ടുകൾ ഉറപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ശിവാജിയുടെ പിൻമുറക്കാരാനായ ഉദയൻരാജെ ഭോസലെയെ സ്ഥാനാർഥിയാക്കാൻ ബിജെപി ആലോചിക്കുന്നതായാണ് സൂചന.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻസിപി സ്ഥാനാർഥിയായി വിജയിച്ച ഭോസലെ പിന്നീട് രാജിവച്ച് ബിജെപിയിൽ ചേർന്നു. തുടർന്ന് ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അദ്ദേഹം മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.
കുടുംബപ്പോര്: സുപ്രിയയ്ക്ക് എതിരെ സുനേത്രയെ ഇറക്കാൻ അജിത്ബാരാമതി (പുണെ)∙ പവാർ കുടുംബത്തിന്റെ തട്ടകമായ ബാരാമതി ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയെ നിർത്തുമെന്ന് എൻസിപി വിമത നേതാവും ശരദ് പവാറിന്റെ സഹോദരപുത്രനുമായ അജിത് പവാർ പ്രഖ്യാപിച്ചു. ശരദ് പവാറിന്റെ മകൾ സുപ്രിയ സുളെയാണ് കഴിഞ്ഞ മൂന്നു തവണയും ഇവിടെ നിന്നു ലോക്സഭയിലെത്തിയത്.
ഭാര്യ സുനേത്രയെ സുപ്രിയയ്ക്കെതിരെ അജിത് കളത്തിലിറക്കുമെന്നാണു സൂചന. അതുണ്ടായാൽ കുടുംബത്തിൽ നേർക്കുനേർ പോരാട്ടത്തിനു കളമൊരുങ്ങും. അതേസമയം, കുടുംബാംഗങ്ങൾ പരസ്പരം മത്സരിക്കുന്നത് ഒഴിവാക്കാനായിരിക്കും ശരദ് പവാറും സുപ്രിയയും ശ്രമിക്കുക. ബാരാമതിക്കു പകരം പശ്ചിമ മഹാരാഷ്ട്രയിലെ തന്നെ സത്താറയിലേക്ക് സുപ്രിയ മാറാനുള്ള സാധ്യത തള്ളാനാകില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്റെ സ്ഥാനാർഥിയെ ബാരാമതിയിൽ വിജയിപ്പിച്ചാൽ മണ്ഡലത്തിൽ വൻതോതിലുള്ള വികസനപദ്ധതികൾ നടപ്പാക്കുമെന്ന് ഉറപ്പു നൽകുകയാണെന്ന് സ്ഥലം എംഎൽഎ കൂടിയായ അജിത് പവാർ പറഞ്ഞു.
ലോക്സഭാ മണ്ഡലത്തിലെ എല്ലാ എൻസിപി എംഎൽഎമാരും അതിനായി പ്രയത്നിക്കണം. അല്ലാത്തപക്ഷം നിയമസഭാ തിരഞ്ഞെടുപ്പിൽ എന്തുവേണമെന്നു തീരുമാനിക്കുമെന്ന് അദ്ദേഹം എംഎൽഎമാർക്കു മുന്നറിയിപ്പു നൽകി. ശരദ് പവാറിനെക്കാൾ താൻ പറയുന്ന കാര്യങ്ങൾക്കു വില കൽപിക്കാൻ ബാരാമതിയിലെ എൻസിപി അണികളോട് അജിത് ആവശ്യപ്പെട്ടു.
English Summary:
BJP Targeting 45 Loksabha Seats from Maharashtra
Source link