കൊളംബോ: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് ക്രിക്കറ്റിൽ ശ്രീലങ്കയ്ക്ക് പത്തു വിക്കറ്റ് ജയം. 56 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ശ്രീലങ്ക ഓപ്പണർമാരായ ദിമുത് കരുണരത്ന (32), നിഷാൻ മധുഷ്ക (22) എന്നിവരുടെ ഏകദിന ശൈലിയിലുള്ള ബാറ്റിംഗിൽ 7.2 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ ലക്ഷ്യം മറികടന്നു. സ്കോർ: അഫ്ഗാനിസ്ഥാൻ 198, 296. ശ്രീലങ്ക 439, 56. ആദ്യ ഇന്നിംഗ്സിൽ 198 റണ്‍സിന് ഓൾഔട്ടായ അഫ്ഗാൻ 241 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു. ഇന്നിംഗ്സ് തോൽവി മുന്നിൽക്കണ്ട അഫ്ഗാൻ ഇബ്രാഹിം സദ്രാന്റെ (259 പന്തിൽ 114 റണ്‍സ്) ആദ്യ അന്താരാഷ്ട്ര സെഞ്ചുറി മികവിൽ രണ്ടാം ഇന്നിംഗ്സിൽ 296 റണ്‍സെന്ന ഭേദപ്പെട്ട സ്കോർ കണ്ടെത്തി. റഹ്മത്ത് ഷാ (119 പന്തിൽ 54 റണ്‍സ്) അർധസെഞ്ചുറിയുമായി പിന്തുണ നൽകി. ഇരുവർക്കും ശേഷം അഫ്ഗാൻ ബാറ്റർമാർ തകർന്നടിഞ്ഞു.
191ന് ഒന്ന് എന്ന ശക്തമായ നിലയിൽനിന്നാണ് അഫ്ഗാൻ 296 റണ്‍സിൽ ഒതുങ്ങിയത്. ശ്രീലങ്കയുടെ പ്രബത് ജയസൂര്യയാണ് അഞ്ച് വിക്കറ്റുമായി അഫ്ഗാനെ തകർത്തത്. ജയസൂര്യയുടെ ഏഴാമത് അഞ്ച് വിക്കറ്റ് നേട്ടമാണിത്. ആദ്യ ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നേടിയ ജയസൂര്യ രണ്ട് ഇന്നിംഗ്സിലുമായി എട്ട് വിക്കറ്റുമായി കളിയിലെ താരവുമായി. അസിത ഫെർണാണ്ടോ മൂന്നും കസുൻ രജിത രണ്ടും വിക്കറ്റ് വീഴ്ത്തി.
Source link