പൗരാണിക മസ്ജിദ് പൊളിച്ചിടത്ത് തൽസ്ഥിതി തുടരാൻ ഹൈക്കോടതി
ന്യൂഡൽഹി ∙ ഡൽഹി മെഹ്റോളിയിലെ 600 വർഷത്തിലേറെ പഴക്കമുള്ള അഖൂണ്ഡ്ജി മസ്ദിജ് പൊളിച്ചുനീക്കിയ സ്ഥലത്തു തൽസ്ഥിതി തുടരാൻ ഡൽഹി ഹൈക്കോടതി നിർദേശിച്ചു. ഡൽഹി വഖഫ് ബോർഡ് മാനേജിങ് കമ്മിറ്റി നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് സച്ചിൻ ദത്ത വിഷയം 12ലേക്കു മാറ്റി. അതേസമയം, പ്രദേശത്തെ മറ്റ് അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതിന് ഉത്തരവു ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പൗരാണിക സ്മാരകങ്ങളുടെ പട്ടികയിലുള്ള മസ്ജിദാണു ഡൽഹി വികസന അതോറിറ്റി (ഡിഡിഎ) പൊളിച്ചുനീക്കിയത്. മുൻകൂട്ടി നോട്ടിസ് നൽകാതെയായിരുന്നു നടപടിയെന്നു വഖഫ് ബോർഡിന്റെ ഹർജിയിൽ പറയുന്നു. മസ്ജിദിനോടു ചേർന്നുള്ള മദ്രസയും ഖബർസ്ഥാനും പൊളിച്ചുനീക്കി. ഖുർആൻ പകർപ്പുകൾ നശിപ്പിക്കപ്പെട്ടു.
എന്നാൽ, ഇക്കാര്യം നിഷേധിച്ച ഡിഡിഎ സ്റ്റാൻഡിങ് കൗൺസിൽ, മതഗ്രന്ഥങ്ങൾ ശ്രദ്ധയോടെയാണു കൈകാര്യം ചെയ്തതെന്നും ഇവ ഉദ്യോഗസ്ഥരുടെ പക്കൽ സുരക്ഷിതമാണെന്നും തിരികെനൽകുമെന്നും പറഞ്ഞു. സംരക്ഷിത വനപ്രദേശത്തുണ്ടായിരുന്ന മസ്ജിദ് ഡിഡിഎയുടെ റിലീജിയസ് കമ്മിറ്റി ശുപാർശയനുസരിച്ചാണു പൊളിച്ചു നീക്കിയതെന്നും വ്യക്തമാക്കി. എന്നാൽ, ഇത്തരമൊരു ശുപാർശ നൽകാൻ കമ്മിറ്റിക്ക് അധികാരമില്ലെന്നാണ് വഖഫ് ബോർഡിന്റെ വാദം.
കഴിഞ്ഞ 30നു പുലർച്ചെയാണു ഡിഡിഎ മെഹ്റോളിയിലെ മസ്ജിദും ബെഹ്റുൽ ഉലൂം മദ്രസയും പൊളിച്ചത്. മസ്ജിദ് നിൽക്കുന്ന പ്രദേശം സംരക്ഷിത വനപ്രദേശമായി പ്രഖ്യാപിച്ചത് 1994 ലാണ്. ആ നിലയ്ക്കു നൂറ്റാണ്ടുകൾ പഴക്കമുള്ള മസ്ജിദ് കയ്യേറ്റ സ്ഥലത്താണെന്നു പറയാനാകില്ലെന്നു ചരിത്രകാരന്മാരും ചൂണ്ടിക്കാട്ടുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 1922 ലെ പ്രസിദ്ധീകരണത്തിൽ എഡി 1398 ലെ തൈമൂറിന്റെ അധിനിവേശകാലത്തു മസ്ജിദ് ഇവിടെയുണ്ടായിരുന്നതായി പറയുന്നുണ്ട്. എഡി 1853–54 കാലത്ത് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നുവെന്ന് തെളിയിക്കുന്ന ശിലാലിഖിതവും മസ്ജിദിന്റെ കവാടത്തിലുണ്ടായിരുന്നു.
English Summary:
Delhi High Court orders Delhi Development Authority to maintain status Quo on land where the Six hundred year old mosque was demolished
Source link