CINEMA

നമ്മൾ കണ്ടതല്ല ‘പഞ്ചാബി ഹൗസി’ന്റെ യഥാർഥ ക്ലൈമാക്സ്; ഷൂട്ട് ചെയ്തത് ട്രാജഡി

‘പഞ്ചാബി ഹൗസ്’ സിനിമയ്ക്ക് രണ്ട് ക്ലൈമാക്സ് ഉണ്ടായിരുന്നുവെന്നു വെളിപ്പെടുത്തി സംവിധായകൻ റാഫി. ജോമോൾ അവതരിപ്പിച്ച കഥാപാത്രത്തെ ദിലീപ് വിവാഹം ചെയ്യുന്നതായിരുന്നു യഥാർഥ ക്ലൈമാക്സ്. എന്നാൽ സംവിധായകൻ സിദ്ദീഖ് പറഞ്ഞതനുസരിച്ച് ക്ലൈമാക്സ് മാറ്റി ചിത്രീകരിക്കുകയായിരുന്നുവെന്ന് റാഫി വെളിപ്പെടുത്തി.
‘‘പഞ്ചാബി ഹൗസ് സിനിമയ്ക്കു രണ്ടു ക്ലൈമാക്‌സ് ഉണ്ടായിരുന്നു.  ഇതിന്റെ യഥാർഥ ക്ലൈമാക്സ് വേറെ ആണ്. പഞ്ചാബി ഹൗസിന്റെ അവസാനം ഉണ്ണിയുടെ മുറപ്പെണ്ണ് വരുന്നുണ്ട്; ജോമോൾ അവതരിപ്പിച്ച കഥാപാത്രം. ആ പെൺകുട്ടിയോടൊപ്പം ഉണ്ണി പോകുന്നതാണ് ശരിക്കുളള ക്ലൈമാക്‌സ്. അതായത് മോഹിനിയെ ഉപേക്ഷിച്ചു പോകുന്നു. ആ കഥ ആലോചിച്ചതും അങ്ങനെ തന്നെയാണ്.

നമ്മൾ ഒരു സ്വപ്നത്തിൽനിന്നു യാഥാർഥ്യത്തിലേക്ക് ഉണരില്ലേ, അതുപോലെ ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ച ഒരാൾ, എല്ലാവരും തട്ടിപ്പുകാരൻ എന്ന് പറയുന്നുണ്ടെങ്കിലും അയാൾ ഒരിക്കലും തട്ടിപ്പുകാരനല്ല. അയാൾ ആത്മഹത്യ ചെയ്തു കടം വീട്ടാൻ ശ്രമിച്ച ആളാണ്. പക്ഷേ അയാളെ മരണം പോലും ഉപേക്ഷിച്ച്, ഈ ജീവിതം തുടർന്നു കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരാൾ സ്വപ്നത്തിലെ പോലെ പഞ്ചാബികളുടെ ഇടയിൽ ചെന്നു പെടുന്നു. അവിടെ എല്ലാം ഉണ്ട്. ഇയാളുടെ യഥാർഥ ജീവിതത്തിൽ ഇല്ലാത്തതെല്ലാം അവിടെ ഉണ്ട്. അതെല്ലാം അയാൾക്ക് ലഭിക്കുന്നുമുണ്ട്. പക്ഷേ അവിടെയാണ് സ്വപ്നത്തിൽനിന്ന് ഉണരുന്നതു പോലെ, യാഥാർഥ്യത്തിലേക്ക് കൊണ്ടുപോകുന്നതുപോലൊരു ക്ലൈമാക്സ് ‍ഞങ്ങൾ തീരുമാനിച്ചിരുന്നത്. അയാളുടെ കുടുംബവും മുറപ്പെണ്ണും അവിടെ വന്നു വിളിച്ചുകൊണ്ടുപോവുകയാണ്. അതായിരുന്നു സിനിമയ്ക്കായി എഴുതിയ ക്ലൈമാക്‌സ്.  

അതങ്ങനെ തന്നെ ഷൂട്ടും ചെയ്തിരുന്നു.  ഇപ്പോൾ സിനിമയിലുള്ളത് രണ്ടാമത്തെ ക്ലൈമാക്‌സ് ആണ്. മുറപ്പെണ്ണും കുടുംബവും തിരിച്ചു പോകുന്ന സാഹചര്യത്തിൽ ഉണ്ണി, മോഹിനിയെ കല്യാണം കഴിക്കുന്നു. ഷൂട്ടിങ് നടക്കുമ്പോൾത്തന്നെ ഇതൊരു ഓപ്‌ഷനായി എടുത്തു വച്ചിരുന്നു. ഇതു രണ്ടും എഡിറ്റ് ചെയ്ത്‌ പലരെയും കാണിച്ചിരുന്നു. ആ സമയത്ത് സംഗീതം മിക്സ് ചെയ്തിട്ടില്ല. സംഗീതം വേറെ, വിഡിയോ വേറെ, ഇങ്ങനെ കാണുന്നതിനെ ഡബിൾ പോസിറ്റീവ് എന്നാണു പറയുക. 

Read Also: മോഹൻലാലിനെ നായകനാക്കി എഴുതിയ പഞ്ചാബി ഹൗസ്; മോഷണം ഭയന്ന് ക്ലൈമാക്സ് റീലുകള്‍ മാറ്റി  
അതു കണ്ടപ്പോഴും പകുതി–പകുതി അഭിപ്രായം ആണ് പലരും പറഞ്ഞത്.  ചിലർ പറഞ്ഞു ആദ്യത്തേതാണ് നല്ലതെന്ന്. ചിലർ രണ്ടാമത്തേതെന്നും. പിന്നെ അതിലൊരു കൃത്യമായ അഭിപ്രായം പറഞ്ഞത് സംവിധായകൻ സിദ്ദീഖ് ആണ്. ‘‘സ്ക്രീൻ ടൈം ഏറ്റവും കൂടുതൽ ഉള്ളത് മോഹിനിക്കാണ്. അപ്പോൾ അവരാണ് നായിക. സിനിമ ട്രാജഡിയാകണോ കോമഡിയാകണോ എന്നു ചിന്തിച്ചാൽ മതി. സ്ക്രീൻ ടൈം കൂടുതൽ ഉള്ള നായികയുമായി ഒന്നിക്കുന്നതായിരിക്കും ഹാപ്പി എൻഡിങ്. മറ്റേത് എത്ര ശരിയാണെങ്കിലും ഇവളെ ഉപേക്ഷിച്ചു പോകുന്നത് ട്രാജഡിയാണ്. ഇതിൽ ഏതു വേണം എന്ന് ആലോചിക്കൂ.’’എന്ന് സിദ്ദീഖ് ഇക്ക പറഞ്ഞു.  

Read Also:രമണനാകേണ്ടയിരുന്നത് ജഗതി, ആശാൻ ഇന്നസന്റും; ‘പഞ്ചാബി ഹൗസ്’ അറിയാക്കഥഞങ്ങൾക്ക് ട്രാജഡിയിൽ താൽപര്യമില്ല.  ലാലേട്ടന്റെ ഭാര്യ നാൻസി ചേച്ചിയും പറഞ്ഞത് മോഹിനിയെ കല്യാണം കഴിക്കുന്നതായിരിക്കും നല്ലത് എന്നാണ്. കാരണം അവന് എല്ലാം കിട്ടിയിട്ട്, അവസാനം അതെല്ലാം കളഞ്ഞിട്ടു പോയാൽ ആളുകൾക്ക് ഇഷ്ടമാകില്ല. സംസാരിക്കാൻ കഴിയാത്തൊരു പെൺകുട്ടിയെ ഉപേക്ഷിച്ചു പോവുക എന്നു പറഞ്ഞാൽ ആളുകൾ അംഗീകരിക്കില്ല. അങ്ങനെയുള്ള അഭിപ്രായങ്ങൾ എടുത്തിട്ടാണ് ഇപ്പോൾ ഉള്ള ക്ലൈമാക്സിലേക്കു വന്നത്.’’–റാഫി പറഞ്ഞു.

English Summary:
Punjabi House: multiple climaxes


Source link

Related Articles

Back to top button