ധനകാര്യ കമ്മിഷൻ പറഞ്ഞതിനെക്കാൾ കൂടുതൽ കേരളത്തിനു നൽകി: കേന്ദ്രം

ന്യൂഡൽഹി ∙ കേരളത്തിനു ധനകാര്യ കമ്മിഷൻ നിർദേശിച്ചതിനെക്കാൾ കൂടുതൽ പണം നൽകിയിട്ടുണ്ടെന്നും കേരളത്തിനു മാത്രമായി കടമെടുപ്പുപരിധി ഉയർത്താനാവില്ലെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ കത്തു നൽകി. കേന്ദ്രം സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്ന കേരളത്തിന്റെ ഹർജിയിൽ കേന്ദ്രത്തോടു കോടതി വിശദീകരണം തേടിയിരുന്നു.
സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിൽ അതിനു കാരണം കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റിലെ പിടിപ്പുകേടാണെന്നും ധനകാര്യ മന്ത്രാലയം നൽകിയ കുറിപ്പിൽ വ്യക്തമാക്കി.
14,15 ധനകാര്യ കമ്മിഷനുകൾ രാജ്യത്തെ ഏറ്റവും മോശം ധനകാര്യ മാനേജ്മെന്റുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളത്തെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 2016ൽ കേരള സർക്കാർ അവതരിപ്പിച്ച ധവളപത്രത്തിലും മോശം ധനസ്ഥിതിയെക്കുറിച്ചു പറയുന്നു. ശമ്പളം, പെൻഷൻ എന്നിവയ്ക്കുപോലും കടമെടുക്കേണ്ട അവസ്ഥയിലാണു കേരളം.
2018–2019ൽ കടമെടുപ്പ് ജിഎസ്ഡിപിയുടെ 31 ശതമാനമായിരുന്നെങ്കിൽ 2021–22 ൽ അത് 39% ആയി. ശമ്പളവും പെൻഷനും പലിശയും ഉൾപ്പെടുന്ന ചെലവ് 74ൽനിന്ന് 82 ശതമാനമായി. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
റവന്യു കമ്മി 3.17 ശതമാനമായി വർധിച്ചു. സംസ്ഥാനങ്ങളുടെ ധനക്കമ്മി ശരാശരി 2.8 ശതമാനമാണെങ്കിൽ കേരളത്തിന്റേത് 4.94 ശതമാനമാണ്. മൂലധനച്ചെലവ് കുറഞ്ഞ (1.52%) സംസ്ഥാനമായിട്ടും ഏറ്റവും ഉയർന്ന കടമുള്ള അഞ്ചു സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി.
ബജറ്റിനു പുറത്തുള്ള കടമെടുപ്പു സംസ്ഥാനത്തെ വലിയ കടബാധ്യതയിലേക്കു കൊണ്ടുപോവുകയാണ്.കേന്ദ്രം നൽകേണ്ട നികുതി വരുമാനവും ജിഎസ്ടി നഷ്ടപരിഹാരവും കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള പണവും കേരളത്തിനു നൽകിയിട്ടുണ്ട്. ഇതിനു പുറമേ അധികമായി നൽകിയ കോടികളുടെ കണക്കുകളും കത്തിൽ വിശദീകരിക്കുന്നു.ഹർജി 13ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.
English Summary:
No Financial overdues for Kerala, Central Government clarifies in letter to Supreme Court
Source link