ബാഴ്സലോണ: ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണയ്ക്കു ജയം. എവേ മത്സരത്തിൽ ബാഴ്സലോണ 3-1ന് അലാവ്സിനെ തോൽപ്പിച്ചു. റോബർട്ട് ലെവൻഡോവ്സ്കി, ഇൽകി ഗുണ്ടോഗൻ, പകരക്കാരാനായി എത്തിയ വിറ്റർ റോക്കേ എന്നിവരാണ് ബാഴ്സയ്ക്കായി വലകുലുക്കിയത്. ഗോൾ നേടിയ റോക്കേ റഫറിയുടെ വിവാദ തീരുമാനത്തിലൂടെ രണ്ടാം മഞ്ഞക്കാർഡ് കണ്ട് മാർച്ചിംഗ് ഓർഡർ വാങ്ങി. ജയത്തോടെ ബാഴ്സ 50 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. 22-ാം മിനിറ്റിൽ ഗുണ്ടോഗൻ ഒരുക്കിയ പാസിൽ ലെവൻഡോവ്സ്കി ബാഴ്സലോണയെ മുന്നിലെത്തിച്ചു. ഈ സീസണിൽ ലെവൻഡോവ്സ്കിയുടെ ഒന്പതാം ഗോളാണ്. രണ്ടാം പകുതിയുടെ തുടക്കത്തിൽ പെദ്രിയുടെ പാസിൽനിന്ന് ഗുണ്ടോഗൻ (49’) ബാഴ്സയുടെ ലീഡ് ഉയർത്തി.
അലാവ്സ് 52-ാം മിനിറ്റിൽ സാമുവിലൂടെ ഒരു ഗോൾ മടക്കി. പരിക്കേറ്റ ഗുണ്ടോഗനു പകരമെത്തിയ റോക്കേ 63-ാം മിനിറ്റിൽ ബാഴ്സയുടെ ലീഡ് വീണ്ടും രണ്ടാക്കി മാറ്റി. ഇതിനു പിന്നാലെ നാഹ്വൽ ടെനാഗ്ലിയയെ എൽബോ ചെയ്തതിന് ആദ്യ മഞ്ഞക്കാർഡ് കണ്ട ബ്രസീലിയൻതാരം വൈകാതെതന്നെ റാഫ മാരിനെ ഫൗൾ ചെയ്തതിനു രണ്ടാം മഞ്ഞക്കാർഡും കണ്ടു. നിരങ്ങിവന്ന് മാരിനെ ചവിട്ടാതിരിക്കാൻ മുകളിലൂടെ ചാടിയതാണെന്നു റിപ്ലേയിൽ വ്യക്തമായിരുന്നു. റഫറിയുടെ തീരുമാനത്തിനെതിരേ അപ്പീൽ നൽകുമെന്ന് ബാഴ്സ പരിശീലകൻ ചാവി വ്യക്തമാക്കി.
Source link