കൊളംബോ: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് ക്രിക്കറ്റിൽ ശ്രീലങ്ക ശക്തമായ നിലയിൽ. എയ്ഞ്ചലോ മാത്യൂസ് (141), ദിനേശ് ചണ്ഡിമൽ (107) എന്നിവരുടെ സെഞ്ചുറി കരുത്തിൽ രണ്ടാം ദിവസം കളി നിർത്തുന്പോൾ ശ്രീലങ്ക ആറു വിക്കറ്റിന് 410 റണ്‍സ് എന്ന നിലയിലാണ്. മാത്യൂസിന്റെ 16-ാമത്തെയും ചണ്ഡിമലിന്റെ 15-ാമത്തെയും ടെസ്റ്റ് സെഞ്ചുറിയാണ്. ഓപ്പണർ ദിമുത് കരുണരത്നെ 77 റണ്‍സ് നേടി. അഫ്ഗാനിസ്ഥാൻ ഒന്നാം ഇന്നിംഗ്സിൽ 198 റണ്‍സിനു പുറത്തായിരുന്നു. മൂന്നു വിക്കറ്റിന് 148 റണ്‍സ് എന്ന നിലയിൽ ഒരുമിച്ച മാത്യൂസ്-ചണ്ഡിമൽ സഖ്യം നാലാം വിക്കറ്റിൽ 232 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചു.
181 പന്ത് നേരിട്ട ചണ്ഡിമലിന്റെ ബാറ്റിൽനിന്ന് 10 ഫോറും ഒരു സിക്സും പിറന്നു. ഹിറ്റ് വിക്കറ്റായാണ് മാത്യൂസ് പുറത്തായത്. 14 ഫോറും മൂന്നു സിക്സും ഉൾപ്പെടുന്നതായിരുന്നു മാത്യൂസിന്റെ ഇന്നിംഗ്സിൽ. മാത്യുസ് പുറത്തായതോടെ രണ്ടാം ദിവസത്തെ കളി നിർത്തി. നവീദ് സർദാനും ക്വായിസ് അഹമ്മദും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Source link