കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇന്നലെ അരങ്ങേറിയ കോൽക്കത്തൻ ഡെർബിയിൽ മോഹൻ ബഗാനെ വിറപ്പിച്ച് ഈസ്റ്റ് ബംഗാൾ. മത്സരം 2-2 സമനിലയിൽ പിരിഞ്ഞെങ്കിലും ഈസ്റ്റ് ബംഗാൾ മോഹൻ ബഗാനെ ശരിക്കും ഞെട്ടിച്ചു. മൂന്നാം മിനിറ്റിൽ അജയ് ചേത്രിയിലൂടെ ലീഡ് നേടിയ ഈസ്റ്റ് ബംഗാളിനെ അമാൻഡൊ സാദിക്കിലൂടെ (17’) മോഹൻ ബഗാൻ സമനിലയിൽ പിടിച്ചു. എന്നാൽ, ക്ലെയ്ട്ടൻ സിൽവയുടെ (55’) പെനാൽറ്റി ഗോളിലൂടെ ഈസ്റ്റ് ബംഗാൾ വീണ്ടും ലീഡ് നേടി. തുടർന്ന് 87-ാം മിനിറ്റിൽ ദിമിത്രി പെട്രാറ്റോസിന്റെ ഗോളിലാണ് മോഹൻ ബഗാൻ സമനിലയോടെ കരകയറിയത്. 11 മത്സരങ്ങളിൽ 20 പോയിന്റുമായി മോഹൻ ബഗാൻ അഞ്ചാമതും 12 പോയിന്റുമായി ഈസ്റ്റ് ബംഗാൾ ഏഴാമതുമാണ്.
2024 സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കിയശേഷം ഈസ്റ്റ് ബംഗാൾ കളത്തിലിറങ്ങിയ ആദ്യ മത്സരമായിരുന്നു. സൂപ്പർ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഈസ്റ്റ് ബംഗാൾ 3-1ന് മോഹൻ ബഗാനെ തകർത്തിരുന്നു. പഞ്ചാബി ജയം ഐഎസ്എൽ അരങ്ങേറ്റക്കാരായ പഞ്ചാബ് എഫ്സി രണ്ടാം ജയം സ്വന്തമാക്കി. ഹോം മത്സരത്തിൽ പഞ്ചാബ് 3-1ന് ബംഗളൂരു എഫ്സിയെ തോൽപ്പിച്ചു. 15-ാം മിനിറ്റിൽ സുനിൽ ചേത്രിയിലൂടെ ബംഗളൂരു ലീഡ് നേടിയശേഷമാണ് തോൽവി വഴങ്ങിയത്. 13 മത്സരങ്ങളിൽനിന്ന് രണ്ട് ജയവും അഞ്ച് സമനിലയുമായി 11 പോയിന്റുമായി പഞ്ചാബ് ഒന്പതാമതും ബംഗളൂരു 10-ാമതുമാണ്.
Source link