വാഷിംഗ്ടൺ ഡിസി: ജോർദാനിലെ ഡ്രോൺ ആക്രമണത്തിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടതിനു തിരിച്ചടിയായി അമേരിക്ക, സിറിയയിലെയും ഇറാക്കിലെയും ഇറേനിയൻ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി. ഇറാനിലെ വിപ്ലവഗാർഡുകളുടെ വിദേശ ഓപ്പറേഷനുകൾ കൈകാര്യം ചെയ്യുന്ന ക്വുദ്സ് ഫോഴ്സിന്റെയും അവരുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സായുധ സംഘങ്ങളുടെയും കേന്ദ്രങ്ങളാണു ലക്ഷ്യമിട്ടത്. വെള്ളിയാഴ്ച അർധരാത്രി 30 മിനിട്ടു നീണ്ട ആക്രമണത്തിൽ ഏഴു സ്ഥലങ്ങളിലെ 85 ലക്ഷ്യങ്ങൾ തകർത്തു. ഇറാക്കിൽ 16ഉം സിറിയയിൽ 23ഉം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം, പശ്ചിമേഷ്യാ സംഘർഷം വ്യാപിക്കുന്നത് ഒഴിവാക്കാൻ വളരെ ശ്രദ്ധാപൂർവമായിരുന്നു അമേരിക്കയുടെ ആക്രമണം. ഉചിതമായ സമയത്തും സ്ഥലത്തും ഇനിയും തിരിച്ചടി നല്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ബി-1 ബോംബർ ഒട്ടേറെ യുദ്ധവിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തതായി യുഎസ് സേന അറിയിച്ചു. യുഎസ് ബോംബിംഗ് സേനയുടെ നട്ടെല്ലായ ബി-1 ബോംബർ വിമാനവും ഉണ്ടായിരുന്നു. ബി-1 വിമാനം അമേരിക്കയിൽനിന്നു നിർത്താതെ പറന്നെത്തുകയായിരുന്നു. സിറിയയിലെ മൂന്നും ഇറാക്കിലെ നാലും സ്ഥലങ്ങളിലായി 85 ലക്ഷ്യങ്ങൾ തകർത്തു. 125 ആയുധങ്ങളാണ് പ്രയോഗിച്ചത്. ലക്ഷ്യം വിപ്ലവഗാർഡ് ഇറേനിയൻ വിപ്ലവഗാർഡ് കേന്ദ്രങ്ങൾ, അവരുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സായുധ സംഘങ്ങളുടെ കമാൻഡ്- കൺട്രോൾ സെന്റർ, ആയുധവിതരണ ശൃംഖല, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ മുതലായവയാണ് ആക്രമിച്ചത്. സിവിലിയന്മാർ അടക്കം 16 പേർ കൊല്ലപ്പെട്ടതായി ഇറാക്കി സർക്കാർ അറിയിച്ചു. സിറിയയിൽ ഇറാനെ അനുകൂലിക്കുന്ന 13 പോരാളികൾ കൊല്ലപ്പെട്ടതായി സിറിയൻ ഒബ്സർവേറ്ററി സംഘടനയും അറിയിച്ചു. അമേരിക്കയെ തൊട്ടാൽ തിരിച്ചടി: ബൈഡൻ പശ്ചിമേഷ്യയിൽ സംഘർഷം വർധിപ്പിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവനയിൽ വിശദീകരിച്ചു. പക്ഷേ, അമേരിക്കയെ ഉപദ്രവിച്ചാൽ പ്രത്യാഘാതം നേരിടേണ്ടിവരും. അമേരിക്കയുടെ തിരിച്ചടി തുടങ്ങിയിരിക്കുന്നു.
സംഘർഷം പടർത്താതെ വലിയ ഏറ്റുമുട്ടലിൽ കലാശിക്കുന്നത് ഒഴിവാക്കാനാണ് ഇറാന്റെ മണ്ണിൽ ആക്രമണം നടത്താൻ അമേരിക്ക മുതിരാതിരുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ചരക്കുകപ്പലുകൾ ആക്രമിക്കുന്നതിന് യെമനിലെ ഹൂതികൾക്ക് സഹായം നല്കാൻ, ചെങ്കടലിലുള്ള ഇറേനിയൻ യുദ്ധക്കപ്പലിനെയും യുഎസ് തൊട്ടില്ല. ജോർദാൻ ആക്രമണത്തിനുള്ള തിരിച്ചടിക്ക് അമേരിക്ക ഒരാഴ്ചത്തെ സമയം എടുത്തത് സിറിയയിലെയും ഇറാക്കിലെയും കമാൻഡർമാരെ സുരക്ഷിതരാക്കുന്നതിനുള്ള സമയം ഇറാനു നല്കാനാണെന്നും പറയുന്നു. പ്രതിഷേധം അമേരിക്ക ഇറാക്കിന്റെ പരമാധികാരം ലംഘിച്ചതായി അവിടത്തെ സർക്കാർ ആരോപിച്ചു. തിരിച്ചടി നല്കാൻ അമേരിക്കൻ സേന ഇറാക്കിനെ യുദ്ധഭൂമിയാക്കരുതെന്ന് സർക്കാർ വക്താവ് ബാസം അൽ അവാദി ആവശ്യപ്പെട്ടു. ഇറാക്കി സർക്കാർ അമേരിക്കൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. അമേരിക്കൻ സേന അന്താരാഷ്ട്ര സമാധാനത്തിനു ഭീഷണിയാണെന്നും സിറിയയിലെ അധിനിവേശം അവസാനിപ്പിക്കണമെന്നും അവിടുത്തെ വിദേശകകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സിറിയയുടെയും ഇറാക്കിന്റെയും പരമാധികാരം ലംഘിക്കപ്പെട്ടതായി ഇറേനിയൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഇറാക്കിലെ ഇസ്ലാമിക് റസിസ്റ്റൻസ് കഴിഞ്ഞ ഞായറാഴ്ചയാണ് സിറിയൻ അതിർത്തിയോടു ചേർന്ന ജോർദാനിലെ യുഎസ് സേനാ താവളമായ ടവർ-22ൽ ഡ്രോൺ ആക്രമണമുണ്ടായത്. മൂന്നു സൈനികർ മരിച്ചതിനു പുറമേ നാല്പതിലധികം പേർക്കു പരിക്കേറ്റു. ഇറാക്കിലെ ഇസ്ലാമിക് റസിസ്റ്റൻസ് എന്ന ഗ്രൂപ്പാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ഇറാന്റെ പിന്തുണയോടെ ഇറാക്കിൽ പ്രവർത്തിക്കുന്ന ഷിയാ സായുധ സംഘങ്ങളുടെ കൂട്ടമാണിത്. ഹമാസ് ഭീകരർക്കു തിരിച്ചടി നല്കാൻ ഇസ്രയേൽ ഗാസയിൽ ആക്രമണം തുടങ്ങിയതിനു ശേഷമാണ് ഈ ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടത്. കതെയ്ബ് ഹിസ്ബുള്ള, കതെയ്ബ് സയ്യിദ് അൽ ഷുഹാദ തുടങ്ങിയ സംഘടനകൾ ഇതിന്റെ ഭാഗമാണ്. ഗാസ യുദ്ധം ആരംഭിച്ചശേഷം ഇറാക്കിലെയും സിറിയയിലെയും യുഎസ് താവളങ്ങൾക്കു നേർക്ക് 150 ആക്രമണങ്ങളുണ്ടായിട്ടുണ്ട്.
Source link