വിശാഖപട്ടണം: യശസ്വി ജയ്സ്വാളിന്റെ കന്നി ഡബിൾ സെഞ്ചുറി, ജസ്പ്രീത് ബുംറയുടെ ആറ് വിക്കറ്റ് പ്രകടനം… ഇതായിരുന്നു ഇംഗ്ലണ്ട് x ഇന്ത്യ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ടാംദിനം വിശാഖപട്ടണത്തിൽ സംഭവിച്ചത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 253ൽ അവസാനിപ്പിച്ച ഇന്ത്യ രണ്ടാം ഇന്നിംഗ്സിനായി ഇന്നലെ ക്രീസിലെത്തി. ഹൈദരാബാദ് ടെസ്റ്റിലേറ്റ തോൽവിക്ക് തിരിച്ചടി നൽകാനുള്ള സന്നാഹമൊരുക്കുന്ന ഇന്ത്യക്ക് രണ്ടാംദിനം അവസാനിച്ചപ്പോൾ 171 റണ്‍സ് ലീഡ് ഉണ്ട്. സ്കോർ: ഇന്ത്യ 396, 28/0. ഇംഗ്ലണ്ട് 253. രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ഇന്ത്യക്കുവേണ്ടി ഓപ്പണർമാരായ ജയ്സ്വാളും (15) രോഹിത് ശർമയും (13) മികച്ച തുടക്കമാണിട്ടത്. ജയ്സ്വാൾ ഡബിൾ 179 നോട്ടൗട്ട് എന്നനിലയിൽ ഒന്നാംദിനം ബാറ്റിംഗ് അവസാനിപ്പിച്ച യശസ്വി ജയ്സ്വാൾ രണ്ടാംദിനത്തിന്റെ തുടക്കത്തിൽത്തന്നെ ഇരട്ട സെഞ്ചുറി പൂർത്തിയാക്കി. നേരിട്ട 227-ാം പന്തിലായിരുന്നു ജയ്സ്വാളിന്റെ ഇരട്ട ശതകം. 290 പന്തിൽ ഏഴ് സിക്സും 19 ഫോറും അടക്കം 209 റണ്‍സുമായി ജയ്സ്വാൾ മടങ്ങിയപ്പോൾ ഇന്ത്യൻ സ്കോർ 383ൽ എത്തിയിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തിൽ 336 എന്ന നിലയിലാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഇന്നലെ പുനരാരംഭിച്ചത്. വാലറ്റത്ത് ശോഭിച്ചത് അശ്വിൻ മാത്രമായിരുന്നു. ആർ. അശ്വിനൊപ്പം (20) ഏഴാം വിക്കറ്റിൽ 34 റണ്‍സിന്റെയും കുൽദീപ് യാദവിനൊപ്പം (8 നോട്ടൗട്ട്) എട്ടാം വിക്കറ്റിൽ 19 റണ്‍സിന്റെയും കൂട്ടുകെട്ടിലും യശസ്വി ജയ്സ്വാൾ പങ്കാളിയായി. ജയിംസ് ആൻഡേഴ്സന്റെ പന്തിൽ ഡീപ്പ് കവറിൽവച്ച് ജോണി ബെയർസ്റ്റൊയുടെ ക്യാച്ചിലൂടെയാണ് ജയ്സ്വാൾ പുറത്തായത്. ഇംഗ്ലണ്ടിനായി ആൻഡേഴ്സണ്, ഷൊയ്ബ് ബഷീർ, റെഹാൻ അഹമ്മദ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ബുംറ റിക്കാർഡ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 396ൽ അവസാനിപ്പിച്ചശേഷം ക്രീസിലെത്തിയ ഇംഗ്ലണ്ട് മികച്ച തുടക്കം കുറിച്ചു. സാക് ക്രൗളിയും (76) ബെൻ ഡക്കറ്റും (21) ചേർന്നുള്ള ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 59 റണ്‍സ് നേടി. ക്രൗളി പുറത്തായപ്പോൾ 114 റണ്‍സ് ഇംഗ്ലീഷ് അക്കൗണ്ടിൽ ഉണ്ടായിരുന്നു.
രണ്ടിന് 122 എന്ന ശക്തമായ നിലയിൽ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്പോഴായിരുന്നു ജസ്പ്രീത് ബുംറയുടെ മാജിക് സ്പെൽ. ജോ റൂട്ടിനെയും (5) ഒല്ലി പോപ്പിനെയും (23) പുറത്താക്കിയ ബുംറ കാര്യങ്ങൾ ഇന്ത്യയുടെ വരുതിയിലേക്ക് എത്തിച്ചു. പിന്നാലെ ജോണി ബെയർസ്റ്റൊയെയും (25) അപകടകാരിയായ ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെയും (47) ബുംറ വീഴ്ത്തി. സ്റ്റോക്സിനെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ടെസ്റ്റ് കരിയറിൽ ബുംറയുടെ 150-ാം വിക്കറ്റായിരുന്നു സ്റ്റോക്സിലൂടെ എണ്ണപ്പെട്ടത്. അതിവേഗത്തിൽ 150 ടെസ്റ്റ് വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യൻ പേസ് ബൗളർ എന്ന റിക്കാർഡും ബുംറ സ്വന്തമാക്കി. പിന്നീട് വാലറ്റത്ത് ടോം ഹാർട്ട്ലി (21), ജയിംസ് ആൻഡേഴ്സണ് (6) എന്നിവരെയും പുറത്താക്കി ബുംറ ആറ് വിക്കറ്റ് തികച്ചു. ഒപ്പം ഇംഗ്ലണ്ടിനെ 253ൽ ഒതുക്കുകയും ചെയ്തു. ബുറയ്ക്കൊപ്പം മൂന്ന് വിക്കറ്റുമായി കുൽദീപ് യാദവും ഇന്ത്യൻ ബൗളിംഗിൽ തിളങ്ങി. അക്സർ പട്ടേൽ ഒരു വിക്കറ്റ് സ്വന്തമാക്കി. അപൂർവ സാമ്യം… ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിൽ 209 റണ്‍സും ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ ബാറ്റിൽനിന്നാണ് പിറന്നത്. ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന സ്കോറുകാരൻ 34 റണ്‍സ് നേടിയ ശുഭ്മാൻ ഗില്ലാണ്. ഒരു ബാറ്റർ ഇരട്ട സെഞ്ചുറി നേടുകയും ബാക്കിയാരും 34 റണ്‍സിനു മുകളിൽ നേടാതിരിക്കുകയും ചെയ്യുന്നത് ചരിത്രത്തിൽ ഇത് രണ്ടാംതവണ. 2005ൽ ഓസ്ട്രേലിയയ്ക്കെതിരേ വെസ്റ്റ് ഇൻഡീസിന്റെ ബ്രയാൻ ലാറ 226 റണ്‍സ് നേടിയപ്പോൾ ടീമിലെ രണ്ടാമത്തെ ഉയർന്ന സ്കോറുകാരൻ 34 റണ്‍സ് നേടിയ ഡ്വെയ്ൻ ബ്രാവോ ആയിരുന്നു. അപൂർവ സാമ്യം…
Source link