‘ഞാൻ എന്റെ അമ്മയെ കൊന്നു’: പൊലീസ് സ്റ്റേഷനിലെത്തി 17കാരന്റെ ഏറ്റുപറച്ചിൽ, ഞെട്ടൽ മാറാതെ ഉദ്യോഗസ്ഥർ
ബെംഗളൂരു∙ പതിനേഴുകാരനായ മകൻ അമ്മയെ കൊലപ്പെടുത്തിയശേഷം പൊലീസിൽ കീഴടങ്ങി. ബെംഗളൂരു കെആർ പുരയിൽ വെള്ളിയാഴ്ചയാണ് സംഭവം. സോഫ്റ്റ‌്‌വെയർ എഞ്ചിനീയറായ നേത്ര (40) ആണ് മരിച്ചത്. പ്രഭാതഭക്ഷണം നൽകാത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ മകൻ ഇരുമ്പുവടി കൊണ്ട് നേത്രയെ തലയ്ക്കടിച്ചു കൊലപ്പെടത്തുകയായിരുന്നു.
ഇതിനുശേഷം കെആർ പുര സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങി. ‘ഞാൻ എന്റെ അമ്മയെ കൊന്നു’ എന്ന് 17കാരൻ പൊലീസ് സ്റ്റേഷനിലെത്തി പറഞ്ഞത് ഉദ്യോഗസ്ഥരെയും ഞെട്ടിച്ചു. ചോദ്യം ചെയ്യലിൽ, അമ്മ തന്നെ നന്നായി പരിപാലിക്കുകയോ ഭക്ഷണം നൽകുകയോ ചെയ്തില്ലെന്ന് പതിനേഴുകാരൻ പൊലീസിനോടു പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ കോളജിലേക്കു പോകുമ്പോൾ അമ്മ വഴക്ക് പറഞ്ഞതാണ് തർക്കത്തിനിടയാക്കിയത്. ദേഷ്യത്തിൽ നേത്രയുടെ തലയിൽ ഇരുമ്പുവടി കൊണ്ട് അടിക്കുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മുള്‍ബാഗലിലെ സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ ഡിപ്ലോമ വിദ്യാർഥിയായ കുട്ടിയെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.
കൊലപാതകത്തിനു പിന്നിൽ മറ്റു കാരണങ്ങൾ എന്തെങ്കിലുമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരുകയാണ്. കുട്ടിയുടെ അച്ഛൻ ജോലിക്കു പോയ സമയത്താണ് സംഭവം നടന്നത്. നേത്രയുടെ മൂത്ത മകൾ വിദേശത്തു പഠിക്കുകയാണ്.
English Summary:
Teenager kills mom over breakfast fight, surrenders at Bengaluru police station
Source link