അറസ്റ്റിലായ സൈബർ വിദഗ്ധൻ ബിറ്റ്കോയിനുകൾ കൈമാറിയത് സുഹൃത്തിന്റെ അക്കൗണ്ടിലേക്ക്: സുഹൃത്തിനായി അന്വേഷണം

ബെംഗളൂരു∙ ബിറ്റ്കോയിൻ കേസിൽ അറസ്റ്റിലായ സൈബർ വിദഗ്ധൻ തന്റെ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് കോയിനുകൾ കൈമാറിയതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. രാജ്യാന്തര ബിറ്റ്കോയിൻ അഴിമതിക്കേസിൽ പൊലീസിനെ സഹായിച്ച ജിസിഐഡി ടെക്നോളജീസ് ഉടമയും സൈബർ വിദഗ്ധനുമായ കെ.എസ്.സന്തോഷ് കുമാർ തിരിമറി നടത്തിയതായാണു കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ സുഹ‍ൃത്തിനായുള്ള അന്വേഷണം വ്യാപിപ്പിച്ചു. 
രാജ്യാന്തര ബിറ്റ്കോയിൻ അഴിമതിക്കേസിലെ മുഖ്യപ്രതിയും ഹാക്കറുമായ ശ്രീകൃഷ്ണ രമേഷിൽനിന്ന് കൈക്കൂലി വാങ്ങി തെളിവു നശിപ്പിച്ചതിന് ബെംഗളൂരു പൊലീസിലെ സെൻട്രൽ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ പ്രശാന്ത് ബാബുവും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. 2019ൽ കർണാടക സർക്കാരിന്റെ ഇ-പ്രൊക്യൂർമെന്റ് സൈറ്റ് ഹാക്ക് ചെയ്ത് 11.55 കോടി രൂപയുടെ തിരിമറി നടത്തിയെന്ന കേസിൽ 2020ൽ ശ്രീകൃഷ്ണ അറസ്റ്റിലായപ്പോൾ ഇയാളിൽനിന്ന് 31 ബിറ്റ്കോയിനുകൾ പിടിച്ചെടുത്തിരുന്നു. ഇവ വ്യാജ ബിറ്റ്കോയിനുകളാണെന്നു വരുത്തിത്തീർക്കാൻ പ്രശാന്ത് ബാബുവും സന്തോഷും സഹായിച്ചതായും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.

English Summary:
Cyber expert arrested in the Bitcoin case had transferred coins to his friend’s account


Source link
Exit mobile version