INDIALATEST NEWS

‘ബിഗിൽ’ മുഴങ്ങി, ദളപതി കളത്തിൽ; വീണവർ ഏറെ, വാഴുമോ വിജയ്?

ചെന്നൈ ∙ താൻ രാഷ്ട്രീയത്തിലിറങ്ങണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആർക്കും തടയാനാവില്ലെന്നു പ്രഖ്യാപിച്ചാണ് നടൻ വിജയ് 2009 ൽ ആരാധക സംഘമായ ‘വിജയ് മക്കൾ ഇയക്കം’ രൂപീകരിച്ചത്. 15 വർഷത്തിനു ശേഷം 49–ാം വയസ്സിൽ ‘തമിഴക വെട്രി കഴക’മെന്ന രാഷ്ട്രീയ പാർട്ടിയായി മാറുമ്പോൾ മറ്റു രാഷ്ട്രീയ പാർട്ടികൾക്കു ചങ്കിടിപ്പും ഏറുകയാണ്. രാഷ്ട്രീയമെന്ന മഹാസാഗരം നീന്തിക്കടക്കാൻ വിജയ് ശ്രമിക്കട്ടെയെന്ന് അണ്ണാഡിഎംകെ പ്രതികരിച്ചപ്പോൾ ആശംസ നേരുക മാത്രമാണ് ഡിഎംകെ ചെയ്തത്.
ഒന്നര പതിറ്റാണ്ടിനിടെ പലതവണ ആരാധക സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തിയ വിജയ്, ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കാൻ അംഗങ്ങളെ ചുമതലപ്പെടുത്തിയിരുന്നു. രാഷ്ട്രീയ തന്ത്രജ്ഞരുമായി ഒട്ടേറെ ചർച്ചകളും നടത്തി. 2020 ജൂണിൽ സംഘടന റജിസ്റ്റർ ചെയ്തെങ്കിലും പിതാവ് എസ്.എ.ചന്ദ്രശേഖറുമായുണ്ടായ തർക്കത്തിനൊടുവിൽ പിരിച്ചു വിട്ടിരുന്നു. എന്നാൽ, 2023 മുതൽ കൃത്യമായ കരുനീക്കം നടത്തിയ വിജയ് പൊതുപരിപാടികൾ സംഘടിപ്പിച്ചു സാന്നിധ്യം ശക്തമാക്കി. ‘ദളപതി’ (സേനാനായകൻ) എന്ന് തനിക്കുള്ള വിശേഷണത്തെയും രാഷ്ട്രീയമായി ഉയർത്തിക്കാട്ടി. നിലവിലെ ഒരു പാർട്ടിയോടും അടുക്കാതെ മുന്നോട്ടു പോകാനാണു നീക്കം. 

വീണവർ ഏറെ; വാഴുമോ വിജയ്

സാക്ഷാൽ എംജിആറിനും പുരട്ചി തലൈവി ജയലളിതയ്ക്കും ശേഷം സിനിമയിൽ നിന്നെത്തി ‘പച്ച’ പിടിച്ചവർ ഇല്ലാത്ത രാഷ്ട്രീയത്തിലേക്കാണു വിജയ്‌യുടെ വരവ്. ദ്രാവിഡ മുന്നേറ്റ കഴകമെന്ന (ഡിഎംകെ) ശക്തിയിൽനിന്നു തെറ്റിപ്പിരിഞ്ഞ് എംജിആർ അണ്ണാഡിഎംകെ രൂപീകരിച്ചു വിജയിച്ചു കയറിയ അവസ്ഥയിലല്ല ഇപ്പോൾ സംസ്ഥാനം. 

എംജിആറിന്റെ തന്നെ കരുത്തിൽ ജയലളിതയും തമിഴകം അടക്കി ഭരിച്ചെങ്കിലും ലക്ഷ്യം നിറവേറാതെ പരാജയപ്പെട്ടവരുടെ നിരയാണു കൂടുതൽ. ഡിഎംഡികെ രൂപീകരിച്ച് വിജയകാന്ത് നടത്തിയ പ്രവർത്തനങ്ങൾ പ്രതിപക്ഷ നേതൃപദവി വരെ മാത്രമാണെത്തിയത്. പിന്നാലെ കമൽഹാസനെത്തിയെങ്കിലും അദ്ദേഹത്തിന്റെ പാർട്ടി മക്കൾ നീതി മയ്യത്തിന്റെ ‘ടോർച്ച്’ തെളിഞ്ഞിട്ടില്ല. ശരത് കുമാറിന്റെ സമത്വ മക്കൾ കക്ഷി പേരിൽ മാത്രമൊതുങ്ങി. 
ഡിഎംകെയിൽ നിന്നു കോൺഗ്രസിലേക്കും പിന്നീട് ബിജെപിയിലേക്കും പോയ നടി ഖുഷ്ബുവിനും തിരഞ്ഞെടുപ്പിൽ ഇതുവരെ വിജയിക്കാനായില്ല. നെപ്പോളിയൻ കേന്ദ്രമന്ത്രി വരെയായെങ്കിലും രാഷ്ട്രീയം ഉപേക്ഷിച്ച സ്ഥിതിയാണ്. സൂപ്പർസ്റ്റാർ രജനികാന്തും പാതിവഴി രാഷ്ട്രീയമോഹം ഉപേക്ഷിച്ചു. രാഷ്ട്രീയ പാരമ്പര്യത്തിന്റെ പിന്തുണയോടെ സിനിമയിലും പിന്നീട് രാഷ്ട്രീയത്തിലും ഇറങ്ങിയ ഉദയനിധി സ്റ്റാലിൻ നിലവിൽ പിച്ചവച്ചു തുടങ്ങിയിട്ടേയുള്ളൂ.

English Summary:
Vijay’s political entry comes after years of preparation


Source link

Related Articles

Back to top button