ലണ്ടൻ: മുസ്ലിം തീവ്രവാദികളുടെ ഭീഷണിയെത്തുടർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് പിൻവാങ്ങി ബ്രിട്ടീഷ് എംപി. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ് മൈക്ക് ഫ്രീർ ആണ് കടുത്ത തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന അദ്ദേഹം അടുത്തകാലത്ത് വധഭീഷണി നേരിട്ടിരുന്നു. ഡിസംബറിൽ അദ്ദേഹത്തിന്റെ ഓഫീസ് തീവച്ചു നശിപ്പിക്കുകയുമുണ്ടായി. വടക്കൻ ലണ്ടനിലെ ഫിഞ്ച്ലി ആൻഡ് ഗോൾഡേഴ്സ് ഗ്രീൻ മണ്ഡലത്തെ 2010 മുതൽ പ്രതിനിധീകരിക്കുന്ന മൈക്കിനെതിരേ ‘മുസ്ലിംസ് എഗൻസ്റ്റ് ക്രൂസേഡേഴ്സ്’ എന്ന നിരോധിത തീവ്രവാദ സംഘടനയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.
തീവ്രവാദസംഘടനകൾ ബ്രിട്ടീഷ് ജനാധിപത്യത്തിന് ഉയർത്തുന്ന വെല്ലുവിളികളുടെ വ്യക്തമായ സൂചനയാണ് മൈക്കിന്റെ പിൻവാങ്ങലെന്നു വിലയിരുത്തപ്പെടുന്നു. 2010മുതൽ നിരവധി ഭീഷണികൾ ഉണ്ടായിട്ടുണ്ടെന്നും വളരെ ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും മുൻ ബാങ്കർ കൂടിയായ മൈക്ക് വെളിപ്പെടുത്തി. 2021ൽ കൺസർവേറ്റീവ് എംപി ഡേവിഡ് അമേസ് കൊല്ലപ്പെട്ട സംഭവവും മൈക്കിന്റെ ഭീതി വർധിപ്പിക്കുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. ഡേവിഡിനെ വധിച്ച ഐഎസ് ഭീകരൻ അലി ഹർബി അലി ആദ്യം ലക്ഷ്യമിട്ടത് മൈക്കിനെയായിരുന്നു. മൈക്കിന്റെ ഓഫീസിൽ അലി എത്തിയെങ്കിലും അദ്ദേഹം അവിടെ ഇല്ലാതിരുന്നതിനാലാണ് രക്ഷപ്പെട്ടത്.
Source link