മുംബൈ∙പ്രശസ്ത മോഡലും നടിയുമായ പൂനം പാണ്ഡെ മരിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെ, നടിയുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടാനാകുന്നില്ലെന്ന് റിപ്പോർട്ട്. ഒരു ദേശീയമാധ്യമമാണ് നടിയുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിനു കഴിയുന്നില്ലെന്നും അവരെ കാണാനില്ലെന്നും വാർത്ത നൽകിയത്. വെള്ളിയാഴ്ച രാവിലെയാണ് പൂനം പാണ്ഡെ (32) മരിച്ചതായുള്ള അഭ്യൂഹം പടർന്നത്. സെർവിക്കൽ കാൻസർ മൂലം ഇന്നലെ രാത്രിയായിരുന്നു അന്ത്യമെന്നാണ് പൂനത്തിന്റെ മാനേജർ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ കുറിച്ചത്.
‘‘ഞങ്ങള്‍ ഓരോരുത്തർക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെർവിക്കൽ കാൻസറിനു കീഴടങ്ങി. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവർക്ക് അവരുടെ സ്നേഹവും കരുതലും എന്താണെന്ന് അറിയാം.’’– എന്ന കുറിപ്പോടെയാണ് പൂനത്തിന്റെ മരണ വാർത്ത പരസ്യമാക്കിയത്.
പൂനത്തിന്റെ സഹോദരി മരണവാർത്ത സ്ഥിരീകരിച്ചതിനാലാണ് സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തിയതെന്നും മാനേജർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു ദേശീയ മാധ്യമം പൂനത്തിന്റെ സഹോദരിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത്.
‘‘പൂനത്തിന്റെ മരണവാർത്തയുമായി ബന്ധപ്പെട്ട് ഞങ്ങൾ അവരുടെ സഹോദരിയുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഫോൺ സ്വിച്ച്ഓഫായിരുന്നു. ഇതേത്തുടര്‍ന്ന് മറ്റു കുടുംബാംഗങ്ങളുടേയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. അവരെല്ലാം പരിധിക്കു പുറത്തായിരുന്നു. പിന്നീട് പൂനത്തിന്റെ ജീവനക്കാരുടെ ഫോണിലേക്കും വിളിച്ചു. അവരിൽ ചിലരുടെ ഫോൺ സ്വിച്ച്ഓഫും മറ്റു ചിലരുടേത് പരിധിക്കു പുറത്തുമായിരുന്നു. എന്താണ് വസ്‌തുതയെന്നത് ഞങ്ങൾക്കും അറിവില്ല.’’ – ദേശീയ മാധ്യമം വ്യക്തമാക്കി.
പൂനം പാണ്ഡെയുടെ മരണവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള സംശയങ്ങളും ഉയർന്നതിനു പിന്നാലെ, ഇക്കാര്യം സഹോദരി സ്ഥിരീകരിച്ചിരുന്നുവെന്ന് മാനേജർ വ്യക്തമാക്കിയിരുന്നു.
‘‘ഇന്നു രാവിലെ പൂനം പാണ്ഡെയുടെ മരണവിവരം അറിയിച്ച് അവരുടെ സഹോദരിയുടെ ഫോണ്‍ കോൾ ലഭിച്ചു. അതിനു പിന്നാലെയാണ് വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഇതു സംബന്ധിച്ച് കുടുംബാംഗങ്ങളിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. അതു ലഭിച്ചാൽ ഉടൻ അറിയിക്കും.’’– പൂനത്തിന്റെ സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന സംഘം വ്യക്തമാക്കി.
മോഡലിങ്ങിലൂടെയാണ് പൂനം സിനിമയിലെത്തിയത്. 2013ല്‍ പുറത്തിറങ്ങിയ ‘നഷ’ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ലൗ ഈസ് പോയ്സണ്‍, അദാലത്ത്, മാലിനി ആന്റ് കോ, ആ ഗയാ ഹീറോ, ദ ജേണി ഓഫ് കര്‍മ തുടങ്ങി കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ കാൻപുരില്‍ 1991ലാണ് പൂനം പാണ്ഡെയുടെ ജനനം. ശോഭനാഥ് പാണ്ഡെ, വിദ്യാ പാണ്ഡെ എന്നിവരാണ് മാതാപിതാക്കള്‍. 2020ല്‍ പൂനം, സാം ബോംബെ എന്ന വ്യവസായിയെ വിവാഹം ചെയ്തിരുന്നു. വര്‍ഷങ്ങളായി ഒരുമിച്ച് താമസിക്കുകയായിരുന്നു ഇരുവരും. പിന്നീട് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് ഇവർ മുംബൈ പൊലീസില്‍ പരാതി നല്‍കി. 2021ല്‍ ഇവര്‍ വിവാഹമോചിതരായി.
2011-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യന്‍ ടീം സ്വന്തമാക്കുകയാണെങ്കില്‍ നഗ്‌നയായി എത്തുമെന്ന പൂനത്തിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും വിവിധയിടങ്ങളിൽനിന്നുള്ള എതിർപ്പിനെ തുടർന്ന് പൂനം തന്റെ പ്രഖ്യാപനത്തിൽനിന്ന് പിന്മാറി.
Source link