വിശാഖപട്ടണം: ജയ് ഹോ ജയ്സ്വാൾ, 21 റണ്‍സ് കൂടി എടുത്ത് ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ ആദ്യ ഇരട്ട സെഞ്ചുറി നേടാൻ ഈ യുവതാരത്തിന് ഇന്നു സാധിക്കട്ടേ എന്ന പ്രാർഥനയിലാണ് ആരാധകർ. ഇംഗ്ലണ്ടിന് എതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം യശസ്വി ജയ്സ്വാൾ നേടിയ സെഞ്ചുറിയുടെ ബലത്തിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ ക്രീസ് വിട്ടു. 257 പന്തിൽ അഞ്ച് സിക്സും 17 ഫോറും അടക്കം 179 റണ്‍സുമായി ജയ്സ്വാൾ പുറത്താകാതെ നിൽക്കുന്നു. ടോസ് നേടി ക്രീസിലെത്തിയ ഇന്ത്യ 93 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 336 റണ്‍സ് എന്ന നിലയിലാണ് ഇന്നലെ ബാറ്റിംഗ് അവസാനിപ്പിച്ചത്. ഇന്ത്യയിൽ ആദ്യം ഇരുപത്തിരണ്ടുകാരനായ യശസ്വി ജയ്സ്വാളിന്റെ ടെസ്റ്റ് കരിയറിലെ രണ്ടാമത്തെയും ഇന്ത്യയിൽവച്ചുള്ള ആദ്യത്തെയും സെഞ്ചുറിയാണിത്. 2023 ജൂലൈയിൽ വെസ്റ്റ് ഇൻഡീസിനെതിരേ അവരുടെ തട്ടകത്തിലായിരുന്നു ജയ്സ്വാളിന്റെ അരങ്ങേറ്റം. അരങ്ങേറ്റ ഇന്നിംഗ്സിൽതന്നെ സെഞ്ചുറി (171) സ്വന്തമാക്കി. ഇന്നിംഗ്സിലെ രണ്ടാം ഓവറിൽ ജോ റൂട്ടിനെ തുടർച്ചയായി രണ്ട് ബൗണ്ടറി പായിച്ചാണ് ജയ്സ്വാൾ ഇന്നലെ ആധികാരികമായി ബാറ്റ് ചലിപ്പിക്കാൻ തുടങ്ങിയത്. രോഹിത് ശർമയ്ക്കും (14), ശുഭ്മാൻ ഗില്ലിനും (34) ഒപ്പം 40ഉം 49ഉം റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ജയ്സ്വാൾ ശ്രേയസ് അയ്യരുമായി (27) ചേർന്ന് 90 റണ്‍സ് സ്കോർബോർഡിലെത്തിച്ചു.
പാട്ടീദാർ അരങ്ങേറി പരിക്കേറ്റ് പുറത്തിരിക്കുന്ന കെ.എൽ. രാഹുലിന് പകരമായി ഇന്ത്യൻ ടീമിൽ അരങ്ങേറിയത് രജത് പാട്ടീദാർ ആയിരുന്നു. ഇന്ത്യൻ മുൻ പേസർ സഹീർ ഖാനാണ് പാട്ടീദാറിന് ക്യാപ് കൈമാറിയത്. അഞ്ചാം നന്പറായി ക്രീസിലെത്തിയ പാട്ടീദാർ 72 പന്തിൽ 32 റണ്‍സ് നേടി. യശസ്വി ജയ്സ്വാളിനൊപ്പം 70 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടിലും പാട്ടീദാർ പങ്കാളിയായി. ആദ്യദിനത്തിലെ അവസാന ഓവറുകളിലേക്ക് അടുത്തപ്പോൾ അക്സർ പട്ടേലും (27), കെ.എസ്. ഭരത്തും (17) പുറത്തായതോടെ ഇന്ത്യ ആറിന് 330 എന്ന നിലയിലായി. തുടർന്നെത്തിയ ആർ. അശ്വിൻ (അഞ്ച് നോട്ടൗട്ട്) കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ദിവസം അവസാനിപ്പിച്ചു. ഇംഗ്ലണ്ടിനായി അരങ്ങേറ്റക്കാരൻ സ്പിന്നർ ഷൊയ്ബ് ബഷീറിന്റെ ആദ്യ ഇരയായത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയാണ്. റിക്കാർഡ് ഇന്ത്യൻ മണ്ണിൽ 150 റണ്‍സ് കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത് ബാറ്റർ എന്ന നേട്ടത്തിലും 22 വർഷവും 36 ദിവസവും പ്രായമുള്ള യശസ്വി ജയ്സ്വാൾ എത്തി. സച്ചിൻ തെണ്ടുൽക്കർ (19 വർഷം, 293 ദിവസം), വിനോദ് കാംബ്ലി (21 വർഷം, 32 ദിവസം) എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
Source link