ചണ്ഡിഗഡ് തിരഞ്ഞെടുപ്പ് അട്ടിമറി, കേജ്‌രിവാളിനെതിരായ നീക്കം; തലസ്ഥാന നഗരിയിൽ എഎപി പ്രതിഷേധം

ന്യൂഡൽഹി∙ പാർട്ടി പതാകകളും മുദ്രാവാക്യങ്ങളുമായി എഎപി, ബിജെപി പ്രവർത്തകർ നിരത്തിലിറങ്ങിയതോടെ തലസ്ഥാനത്ത് പ്രതിഷേധമിരമ്പി. സ്വതവേ തിരക്കേറിയ ഡൽഹിയിൽ ഇരുകൂട്ടരുടെയും പ്രതിഷേധ പ്രകടനങ്ങളെ തുടർന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായി. എഎപി പ്രവർത്തകരിൽ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ചണ്ഡിഗഡ് മേയർ  തിരഞ്ഞെടുപ്പിന്റെയും അരവിന്ദ് കേജ് രിവാളിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ചതിന്റെയും പശ്ചാത്തലത്തിലാണ് എഎപി പ്രതിഷേധവുമായി ഡൽഹിയിൽ നിരത്തിലിറങ്ങിയത്.
ഡൽഹിയിൽ നടന്ന മാർച്ചിൽ നൂറുകണക്കിന് എഎപി പ്രവർത്തകരാണ് പങ്കെടുത്തത്. പാർട്ടി പതാകകളുയർത്തി മുദ്രാവാക്യം മുഴക്കി മുന്നോട്ടുനീങ്ങുന്ന പാർട്ടി പ്രവർത്തരുടെ വിഡിയോ  പുറത്തുവന്നിട്ടുണ്ട്.  ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിന്റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. 

‘‘ചെറിയ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇങ്ങനെ ചെയ്യാൻ സാധിക്കുമെങ്കിൽ ലോക്സഭാ–നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അവർക്ക് എന്തെല്ലാം ചെയ്യാനാകും? ബിജെപിക്ക് ജനാധിപത്യം ആവശ്യമില്ല. അധികാരത്തിനായി അവർക്ക് രാജ്യത്തെ വിൽക്കാൻ പോലും കഴിയും. എന്നാൽ രാജ്യം നശിച്ചുപോകാൻ ഞങ്ങൾ അനുവദിക്കില്ല.’’ – പ്രതിഷേധ പ്രകടനത്തിനു മുൻപായി മാധ്യമങ്ങളോടു സംസാരിക്കവേ കേജ്‌രിവാൾ പറഞ്ഞു. 

ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പ് ബിജെപി അട്ടിമറിച്ചെന്നാരോപിച്ച് അന്നുതന്നെ എഎപി രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പിൽ എട്ടോളം വോട്ടുകൾ അസാധുവാകുകയും ബിജെപി സ്ഥാനാർഥി ജയിക്കുകയും ചെയ്തത് ബിജെപി തിരിമറി നടത്തിയതുകൊണ്ടാണെന്നായിരുന്നു എഎപിയുടെ ആരോപണം. ഇ.ഡി ചോദ്യം ചെയ്യലിനായി അഞ്ചുതവണ സമൻസ് അയച്ചെങ്കിലും ഇതുവരെയും കേജ്‌രിവാൾ ഹാജരായിട്ടില്ല.

ഒട്ടേറെ പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കിയെന്ന് എഎപി ആരോപിച്ചു. സമാധാനപരമായി പ്രതിഷേധിക്കാൻ പാർട്ടി അണികളെ ഡൽഹി പൊലീസ് അനുവദിക്കുന്നില്ലെന്നും നേതാക്കൾ പറഞ്ഞു.
‘‘ചണ്ഡിഗഡിൽ ബിജെപി വഞ്ചന കാട്ടിയെന്ന് രാജ്യത്തിന് അറിയാം. അതിനെതിരെ സമാധാനപരമായി പ്രതിഷേധം നടത്താനായി എഎപി തയ്യാറെടുത്തപ്പോൾ ഞങ്ങളുടെ എംഎൽഎമാരെയും കൗൺസിലർമാരെയും പാർട്ടി പ്രവർത്തകരെയും തടങ്കലിലാക്കി. ബിജൈപിക്ക് അരവിന്ദ് കേജ്‌രിവാളിനെ ഭയമാണോ?’’ – ആരോഗ്യമന്ത്രി സൗരഭ് ഭരത്വാജ് ചോദിച്ചു. പൊലീസിനു പുറമേ അർധ സൈനിക വിഭാഗത്തെയും പ്രതിഷേധം നിയന്ത്രിക്കുന്നതിനായി വിന്യസിച്ചിരുന്നു. 

അതേസമയം, കേജ്‌രിവാൾ ഇരവാദം ഉയർത്തുകയാണെന്നാരോപിച്ച് ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തി. ഒന്നും ഒളിക്കാനില്ലെങ്കിൽ എന്തിനാണ് അരവിന്ദ് കേജ്‌രിവാൾ ഇ.ഡിക്കു മുന്നിൽ ഹാജരാകാൻ മടിക്കുന്നതെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല ചോദിച്ചു. ബിജെപി പതാകയും പ്ലക്കാർഡുകളുമായി മുദ്രാവാക്യവുമായി നിരത്തിലിറങ്ങിയ ബിജെപി പ്രവർത്തകർ പൊലീസ് ബാരിക്കേഡുകൾ തകർത്ത് മുന്നേറുന്നതിന്റെ വിഡിയോയും പുറത്തായി. 
പ്രതിഷേധം കൈവിട്ടുപോകാതിരിക്കാൻ കനത്ത സുരക്ഷയാണ് പ്രദേശത്ത് ഡൽഹി പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിക്കും എഎപി, ബിജെപി ആസ്ഥാനങ്ങൾക്കും പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

English Summary:
AAP workers protest against Chandigarh Mayoral Election


Source link
Exit mobile version