ഗ്യാൻവാപി: പൂജയ്ക്ക് അനുമതി ലഭിച്ച ശേഷമുള്ള ആദ്യ ജുമ, ഭജനയുമായി ഭക്തർ; ബന്ദിന് ആഹ്വാനം, അതീവ സുരക്ഷയിൽ നഗരം
വാരാണസി∙ ഗ്യാൻവാപി മസ്ജിദിലെ വ്യാസ് ജി കാ തെഹ്ഖാനയ്ക്ക് മുന്നിൽ വെള്ളിയാഴ്ച രാവിലെ ഭജനഗീതങ്ങളുമായി ഭക്തർ. തെഹ്ഖാനയിൽ പൂജ നടത്താൻ കോടതിയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയിൽ തന്നെ ഇവിടെ പൂജയും പ്രാർഥനയും നടത്തിയിരുന്നു. തെഹ്ഖാനയിൽ പൂജയ്ക്ക് അനുമതി ലഭിച്ചതിനു ശേഷമുള്ള ആദ്യ ജുമാ നിസ്കാരവും ഇന്നാണ്. സ്ഥലത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് പള്ളിക്ക് പുറത്ത് ജില്ലാ ഭരണകൂടം പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം, ഗ്യാൻവാപി പള്ളി അധികൃതർ വാരാണസി കോടതിയുടെ നടപടി ചോദ്യം ചെയ്ത് അലഹാബാദ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. കോടതി ഉത്തരവിനെതിരെ മുസ്ലിം വിഭാഗം ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പൂജയ്ക്ക് അനുമതി നൽകിക്കൊണ്ട് ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു വാരാണസി ജില്ലാ കോടതി ഉത്തരവിറക്കിയത്. 7 ദിവസത്തിനകം തുടർനടപടികൾ സ്വീകരിക്കാനായിരുന്നു നിർദേശം. ബുധനാഴ്ച രാത്രിയോടെ കാശി വിശ്വനാഥട്രസ്റ്റ് ഭാരവാഹികൾ മസ്ജിദ് പരിസരത്തെത്തുകയും അകത്തേക്കു പ്രവേശിക്കുകയും ചെയ്തിരുന്നു. സ്ഥലത്ത് വലിയ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
ഉത്തരവ് രാത്രി തന്നെ നടപ്പാക്കാനുള്ള സൂചന ചൂണ്ടിക്കാട്ടി മസ്ജിദ് കമ്മിറ്റി ബുധനാഴ്ച രാത്രി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ആദ്യം ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി നിർദേശിച്ചത്. തുടർന്ന് അധികൃതർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
Source link