അനീതിക്ക് മറുപടി; ജനകീയ കോടതിയിൽ ജയിച്ച് മഹുവ വരും: ചേർത്തുനിർത്തി മമത


കൊൽക്കത്ത ∙ ചോദ്യക്കോഴ വിവാദത്തിൽ പാർലമെന്റിൽനിന്നു പുറത്താക്കപ്പെട്ട മഹുവ മൊയ്ത്രയെ പിന്തുണച്ച് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. ബിജെപിക്കു ജനം മറുപടി നൽകുമെന്നും ജനങ്ങളുടെ കോടതിയിൽ മഹുവ വിജയിക്കുമെന്നും മമത പറഞ്ഞു. നാദിയ ശാന്തിപുരിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
‘‘മഹുവയെ പുറത്താക്കാൻ നിങ്ങൾ (ബിജെപി) അധികാരം ഉപയോഗിച്ചു. ജനകീയ കോടതിയിൽ വിജയിയായി മഹുവ തിരിച്ചുവരും. മഹുവയ്ക്കു നേരിട്ട അനീതിക്ക് തക്കതായ മറുപടിയുമായി ജനം രംഗത്തെത്തും എന്നാണ് ഞാൻ വിശ്വസി‌ക്കുന്നത്.’’– മമത പറഞ്ഞു. ബംഗാളിലെ കൃഷ്ണനഗർ ലോക്സഭാ മണ്ഡലത്തിൽനിന്നു മഹുവ വീണ്ടും മത്സരിക്കുമെന്ന സൂചന നേരത്തേയുണ്ടെങ്കിലും സ്ഥാനാർഥിത്വം ഉറപ്പിച്ച തരത്തിലായിരുന്നു മമതയുടെ പ്രസംഗം.

എംപി സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ടെങ്കിലും മഹുവയെ മമത ചേർത്തുനിർത്തുന്നുണ്ട്. കൃഷ്ണനഗറിലെ റോഡ്‌ ഷോയിലും ഇരുവരും ഒപ്പമുണ്ടായിരുന്നു. മമതയുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്നു മഹുവ പ്രതികരിച്ചു. അദാനി ഗ്രൂപ്പിനെതിരെ ചോദ്യമുന്നയിക്കാൻ ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദർശൻ ഹിരാനന്ദാനിയിൽനിന്നു പണവും സമ്മാനങ്ങളും കോഴയായി സ്വീകരിച്ചെന്നും ചോദ്യങ്ങൾ നൽകാനുള്ള പാർലമെന്റ് അംഗങ്ങളുടെ മെംബേഴ്സ് പോർട്ടലിന്റെ ലോഗിൻ ഐഡിയും പാസ്‍വേഡും ഹിരാനന്ദാനിക്കു കൈമാറി എന്നുമാണു മഹുവയ്‌ക്കെതിരായ ആരോപണം.


Source link
Exit mobile version