INDIALATEST NEWS

വീടുകൾക്ക് സൂര്യകാന്തി; ഇ ബസിന് ഡബിൾ ബെൽ


ന്യൂഡൽഹി ∙ ഒരു വർഷത്തിനുള്ളിൽ ഒരു കോടി വീടുകളുടെ മേൽക്കൂരയിൽ സോളർ പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രധാനമന്ത്രി സൂര്യോദ്യ യോജനയ്ക്കായി 10,000 കോടി രൂപ ഇടക്കാല ബജറ്റിൽ വകയിരുത്തി. സബ്സിഡി അടക്കമുള്ള കാര്യങ്ങളിൽ വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത വന്നേക്കും. സോളർ സ്ഥാപിക്കുന്നതോടെ ഒരു കുടുംബത്തിനു പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി വരെ ലാഭിക്കാനാകുമെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
വൈദ്യുതി ബില്ലിൽ വാർഷികലാഭം 15,000 രൂപ മുതൽ 18,000 രൂപ വരെ. വീട്ടിലെ ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി വിതരണകമ്പനിക്കു വിറ്റ് ലാഭമുണ്ടാക്കാനും കഴിയും. സോളർ പ്ലാന്റ് സ്ഥാപിക്കാൻ വീട്ടുടമ നിശ്ചിത തുക നിക്ഷേപിക്കണം. ബാക്കി സർക്കാർ സബ്സിഡി നൽകും. 3 കിലോവാട്ട് വരെയുള്ള പുരപ്പുറ സൗരോർജ ഉൽപാദനത്തിന് സബ്സിഡി വർധിപ്പിച്ചേക്കും.
സോളർ: കേരളത്തിന് ഗുണകരം

തിരുവനന്തപുരം∙ പുരപ്പുറ സൗര വൈദ്യുതി ഉൽപാദനത്തിനു പ്രോത്സാഹനം നൽകുമെന്ന ബജറ്റ് പ്രഖ്യാപനം കേരളത്തിനു ഗുണകരമാകും. രാജ്യത്ത് പുരപ്പുറ സൗര വൈദ്യുതോൽപാദനത്തിൽ കേന്ദ്ര സർക്കാരിന്റെ സബ്സിഡി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 2023 നവംബർ വരെ സംസ്ഥാനത്തെ 1.7 ലക്ഷം വീടുകളിലാണ് പുരപ്പുറ സോളർ പ്ലാന്റുകൾ സ്ഥാപിച്ചത്. ഇതിലൂടെ 622.5 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നു.
ഇ ബസിന് ഡബിൾ ബെൽ
ഇലക്ട്രിക് ബസുകൾ: ഇ ബസുകൾ ലാഭകരമായി നടത്തിക്കൊണ്ടുപോകാൻ ഓപ്പറേറ്റർമാർക്കു പ്രത്യേക കൈത്താങ്ങ് (പേയ്മെന്റ് സെക്യൂരിറ്റി മെക്കാനിസം). പണം നൽകുന്നതിൽ സർക്കാർ വീഴ്ച വരുത്തുകയോ, സർവീസ് ലാഭകരമല്ലാതാവുകയോ ചെയ്താലും തത്തുല്യമായ തുക നൽകുന്നത് ഉറപ്പാക്കും.

മറ്റു പ്രഖ്യാപനങ്ങൾ
∙ തീരക്കടൽ കാറ്റാടിപ്പാടം: കന്യാകുമാരിയിലടക്കം തീരക്കടലിൽ കാറ്റാടിപ്പാടം സ്ഥാപിക്കുന്ന കമ്പനികൾക്കു പ്രാഥമിക സാമ്പത്തിക പിന്തുണ (വയബിലിറ്റി ഗ്യാപ് ഫണ്ടിങ്) നൽകും. ആദ്യഘട്ടത്തിൽ ഒരു ഗിഗാവാട്ട് വൈദ്യുതി ഉൽപാദനം ലക്ഷ്യം.
∙ ബയോഗ്യാസ്: 2025–26 മുതൽ ഗതാഗത ആവശ്യത്തിനുള്ള സിഎൻജിയിലും (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) പാചക ആവശ്യത്തിനുള്ള പിഎൻജിയിലും (പൈപ്പ്ഡ് നാച്വറൽ ഗ്യാസ്) ജൈവ ഇന്ധനമായ കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) നിർബന്ധമായും ചേർക്കാൻ വ്യവസ്ഥ.

∙ കൽക്കരി വാതകം: 2026 ൽ കൽക്കരിയിൽനിന്നു വാതകം ഉൽപാദിപ്പിക്കുന്ന ശേഷി 100 മെട്രിക് ടൺ വരെ വർധിപ്പിക്കും. വൈദ്യുതി ഉൽപാദത്തിനും വളം നിർമാണത്തിനും ഇതുപയോഗിക്കാനാകും.
ഇ ബസ് കേരളത്തിന് ആശങ്കയോ 
തിരുവനന്തപുരം ∙ കേന്ദ്രബജറ്റിൽ ഇ ബസുകൾ പ്രോത്സാഹിപ്പിക്കുമ്പോൾ കേരളത്തിനു മാത്രമായി മാറിനിൽക്കാൻ പറ്റുമോ എന്നതും ചർച്ചയിലേക്ക്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഇന്ത്യ ഒപ്പിട്ട വിവിധ കരാറുകളുടെ ഭാഗമായാണ് 2030 ആകുമ്പോഴേക്കും നഗരങ്ങളിൽ പൊതുഗതാഗത മേഖലയിൽ പൂർണമായും ഇ ബസുകൾ എന്ന ലക്ഷ്യം കേന്ദ്രം മുന്നോട്ടുവച്ചത്. നഗരങ്ങളിൽ അല്ലാത്തയിടങ്ങളിൽ മൂന്നിലൊന്ന് ബസുകൾ ഇലക്ട്രിക് ആകണമെന്നുമാണ് ലക്ഷ്യം. ഉടനെ മാറ്റേണ്ടത് 2 ലക്ഷം ഡീസൽ ബസുകളാണ്.

നിലവിൽ 4000 ഇ ബസുകളാണ് ഇന്ത്യയിൽ ഓടുന്നത്. ഇതിനായി ഫെയിം എന്ന പദ്ധതി കൊണ്ടുവന്നു. മെട്രോ നഗരങ്ങൾക്കായി ആദ്യം ഫെയിം 1,2 പദ്ധതികൾ നടപ്പാക്കി. അതിനു ശേഷമാണ് കഴിഞ്ഞ ബജറ്റിൽ 3 ലക്ഷം മുതൽ 20 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളിലേക്ക് പ്രധാനമന്ത്രി ഇ–സേവാ ബസ് പദ്ധതികൊണ്ടുവന്നത്. 10,000 ബസുകൾ വീതം 5 വർഷം കൊണ്ട് 50,000 ബസുകളാണ് പദ്ധതിയിൽ വരുന്നത്.
ആദ്യ പതിനായിരത്തിൽ കേരളത്തിലെ 10 നഗരങ്ങളിലേക്ക് 950 ബസുകളും അനുവദിച്ചു. ഡ്രൈവർ ഉൾപ്പെടെ ബസ് കേന്ദ്രം നേരിട്ടു നൽകും. എതിർപ്പ് അറിയിച്ചിട്ടില്ലെങ്കിലും പദ്ധതി വേണ്ടെന്നാണു കേരളത്തിലെ സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്നാണു വിവരം. മുഖ്യമന്ത്രിയുടെ അഭിപ്രായം കാത്തിരിക്കുകയാണു ധന – ഗതാഗത വകുപ്പുകൾ.
മാലിന്യം നീക്കലിന് മുൻഗണന വേണം

കേന്ദ്ര ഫണ്ട് കേരളത്തിൽ 2 കാര്യങ്ങൾക്കായി വിനിയോഗിക്കാൻ കഴിഞ്ഞാൽ വൻ മാറ്റമുണ്ടാകും – മാലിന്യസംസ്കരണത്തിനും വഴിയോര വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കാനും. നിലവിൽ മിക്ക ടൂറിസം കേന്ദ്രങ്ങളിലും ഇതിനു സംവിധാനമില്ല. ഡ്രൈവർമാർക്കു താമസിക്കാനും സൗകര്യം വേണം. മാലിന്യം വഴിയോരത്തുനിന്ന് അപ്രത്യക്ഷമായാൽത്തന്നെ വൻ മാറ്റമാവും. ലക്ഷദ്വീപിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതും സ്വാഗതാർഹം. പക്ഷേ, അതു പെട്ടെന്നു യാഥാർഥ്യമാകില്ലെന്നു മാത്രം. വർഷങ്ങൾകൊണ്ടേ അവിടെ വികസനം പ്രായോഗികമാവൂ. – ഷെയ്ഖ് ഇസ്മായിൽ (പ്രസിഡന്റ്, ടൂറിസം കെയർ ഫൗണ്ടേഷൻ)
കാലുകുത്താൻ ഇടം വേണം
ഡെസ്റ്റിനേഷൻ വികസനം എന്നു കേൾക്കുമ്പോൾ നടുക്കമാണ്. കാരണം, ടൂറിസം കേന്ദ്രങ്ങളുടെ അമിത വളർച്ചയാണ് ഇപ്പോഴത്തെ പ്രശ്നം. മൂന്നാറിലും വാഗമണ്ണിലും വയനാട്ടിലും വാരാന്ത്യങ്ങളിൽ പോകാൻ കഴിയാത്ത അവസ്ഥയാണ്. അത്രയ്ക്കാണു തിരക്ക്. കേന്ദ്ര സർക്കാർ ഫണ്ട് നൽകിയാൽ സുസ്ഥിര വികസനത്തിനു വേണം അതു ചെലവഴിക്കാൻ. അതിന് കൃത്യമായ നിലവാരം നിശ്ചയിക്കണം. ഇനിയും കാലുകുത്താൻ ഇടമില്ലാത്ത വികസനത്തിലേക്ക് അതു നയിക്കരുത്. – ജോർജ് സ്കറിയ (എംഡി, കേരള വോയേജ്)


Source link

Related Articles

Back to top button