INDIALATEST NEWS

ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ രാത്രി തന്നെ പൂജ


വാരാണസി / ന്യൂഡൽഹി ∙ ഗ്യാൻവാപി മസ്ജിദിലെ ഭൂഗർഭ അറകളിലൊന്നിൽ (വ്യാസ്ജി കാ തെഹ്ഖാന) പൂജ നടത്താൻ അനുമതി ലഭിച്ചതിനുപിന്നാലെ കഴിഞ്ഞദിവസം രാത്രി തന്നെ ഹിന്ദു വിഭാഗം പൂജയും പ്രാർഥനയും നടത്തി. വാരാണസിയിലെ ചില പ്രദേശങ്ങളിൽ സംഘർഷസാധ്യത കണക്കിലെടുത്തു പൊലീസ് ഇന്നലെ ഫ്ലാഗ് മാർച്ച് നടത്തി. നഗരത്തിൽ സുരക്ഷ വർധിപ്പിച്ചു.
ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ്. 7 ദിവസത്തിനകം തുടർനടപടികൾ സ്വീകരിക്കാനായിരുന്നു നിർദേശം. ബുധനാഴ്ച രാത്രി പത്തരയോടെ കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ മസ്ജിദ് പരിസരത്തെത്തി. മസ്ജിദിലെ വുളുഖാനയ്ക്ക് (അംഗശുദ്ധി വരുത്തുന്ന സ്ഥലം) അഭിമുഖമായുള്ള ബാരിക്കേഡുകൾ നീക്കി അകത്തുകടന്നു. സ്ഥലത്തു വലിയ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കോടതി ഉത്തരവു പാലിക്കുകയായിരുന്നുവെന്നാണു കലക്ടർ എസ്.രാജലിംഗം പ്രതികരിച്ചത്.

ഉത്തരവു രാത്രി തന്നെ നടപ്പാക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി മസ്ജിദ് കമ്മിറ്റി ബുധനാഴ്ച രാത്രി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ആദ്യം അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി ഇന്നലെ നിർദേശിച്ചു. തുടർന്ന് ഹൈക്കോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസ് എം.കെ.ഗുപ്ത അധ്യക്ഷനായ ബെ‍ഞ്ചിനു മുന്നിൽ വിഷയം ഉന്നയിച്ചു. വൈകാതെ ലിസ്റ്റ് ചെയ്തേക്കുമെന്നാണു വിവരം. കോടതി 7 ദിവസം സമയം നൽകിയിരിക്കെ ബിജെപി ധൃതിപിടിച്ചു നടത്തിയ നീക്കം മുസ്‌ലിം വിഭാഗം നിയമപരിഹാരം തേടുന്നതു തടയാനാണെന്നു സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു.


Source link

Related Articles

Back to top button