വിശാഖപട്ടണം: ഹൈദരാബാദിലെ തോൽവിക്ക് വിശാഖപട്ടണത്ത് തിരിച്ചടി നൽകാൻ ടീം ഇന്ത്യ. പട്ടണപ്രവേശം വിജയത്തോടെ ആഘോഷിച്ച് ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലേക്ക് തിരിച്ചുവരാനുള്ള തയാറെടുപ്പിലാണ് രോഹിത് ശർമ നയിക്കുന്ന ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ രണ്ടാം മത്സരം ഇന്ന് വിശാഖപട്ടണം ഡോ. വൈ.എസ്. രാജശേഖര റെഡ്ഡി സ്റ്റേഡിയത്തിൽ തുടങ്ങും. രാവിലെ 9.30നാണ് മത്സരം ആരംഭിക്കുക. ആദ്യ ടെസ്റ്റിൽ 28 റണ്‍സിന്റെ അപ്രതീക്ഷിത തോൽവി വഴങ്ങിയതിന്റെ ആഘാതത്തിലാണ് ഇന്ത്യ. ആദ്യ ഇന്നിംഗ്സിൽ 190 റണ്‍സ് ലീഡ് നേടിയശേഷമായിരുന്നു ഇന്ത്യയുടെ തോൽവി എന്നതും ശ്രദ്ധേയം. 70 റണ്‍സിൽ അധികം ലീഡ് നേടിയശേഷം ഇന്ത്യ ഹോം ടെസ്റ്റിൽ പരാജയപ്പെടുന്നത് ചരിത്രത്തിൽ ആദ്യമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് ജയമുള്ള ടീം എന്ന നേട്ടവും ഇംഗ്ലണ്ട് സ്വന്തമാക്കി (15). 2000നുശേഷം 22 മത്സരത്തിൽ ഇംഗ്ലണ്ടിന്റെ അഞ്ചാം ജയമാണ്. രാഹുൽ, ജഡേജ ഇല്ല; പകരം ആര്? ഇന്ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കൊപ്പം കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ എന്നിവർ ഉണ്ടാകില്ലെന്ന് ഉറപ്പ്. ഫിറ്റ്നസ് പ്രശ്നത്തിന്റെ പേരിൽ ഇരുവരും രണ്ടാം ടെസ്റ്റിൽ കളിക്കില്ല. രാഹുലിനു പകരം പുതുമുഖം രജത് പാട്ടീദാർ, സർഫ്രാസ് ഖാൻ എന്നിവരിൽ ഒരാൾ അരങ്ങേറ്റം നടത്താനുള്ള സാധ്യതയുണ്ട്. ജഡേജയുടെ പകരക്കാരനായി കുൽദീപ് യാദവ് ആയിരിക്കും പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുക. ഹൈദരാബാദ് ടെസ്റ്റിൽ ഇന്ത്യക്കുവേണ്ടി മികച്ച കളി കാഴ്ചവച്ചവരാണ് രാഹുലും ജഡേജയും. ആദ്യ ഇന്നിംഗ്സിൽ മൂന്നും രണ്ടാം ഇന്നിംഗ്സിൽ രണ്ടും വിക്കറ്റ് ജഡേജ വീഴ്ത്തിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിൽ 87 റണ്‍സുമായി ടോപ് സ്കോററുമായി. കെ.എൽ. രാഹുൽ ഒന്നാം ഇന്നിംഗ്സിൽ 86ഉം രണ്ടാം ഇന്നിംഗ്സിൽ 22ഉം റണ്‍സ് നേടിയിരുന്നു. ഇവരുടെ അഭാവം ഇന്ത്യക്ക് കനത്ത പ്രഹരമാകും, പ്രത്യേകിച്ച് സൂപ്പർ ബാറ്റർ വിരാട് കോഹ്ലി കുടുംബപരമായ കാര്യങ്ങളാൽ ടീമിൽനിന്ന് വിട്ടുനിൽക്കുന്ന പശ്ചാത്തലത്തിൽ.
ആൻഡേഴ്സണ്, ബഷീർ കളിക്കും ഇന്നലെത്തന്നെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചാണ് ഇംഗ്ലണ്ടിന്റെ വരവ്. ആദ്യ ടെസ്റ്റിലും സമാന നീക്കം ഇംഗ്ലണ്ട് നടത്തിയിരുന്നു. പേസ് ബൗളർ ജയിംസ് ആൻഡേഴ്സണ് പ്ലേയിംഗ് ഇലവനിൽ തിരിച്ചെത്തിയതാണ് ശ്രദ്ധേയം. പരിക്കേറ്റ് പുറത്തായ സ്പിന്നർ ജാക്ക് ലീച്ചിനു പകരമായി പുതുമുഖം ഷൊയ്ബ് ബഷീർ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെട്ടതും ശ്രദ്ധേയം. ബഷീറിന് വീസ ലഭിക്കാൻ വൈകിയതിനാൽ ആദ്യ ടെസ്റ്റിനു മുന്‍പ് ടീമിനൊപ്പം ചേരാൻ സാധിച്ചിരുന്നില്ല. മാർക്ക് വുഡിനു പകരമായാണ് ജയിംസ് ആൻഡേഴ്സണ് എത്തുന്നത്. ആദ്യ ടെസ്റ്റിലേതുപോലെ ഒരു പേസർ എന്ന തന്ത്രമാണ് രണ്ടാം മത്സരത്തിലും ഇംഗ്ലണ്ട് ഉപയോഗിക്കുന്നത്. ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: സാക്ക് ക്രൗളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്, ജോ റൂട്ട്, ജോണി ബെയർസ്റ്റൊ, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ബെൻ ഫോക്സ്, റെഹാൻ അഹമ്മദ്, ടോം ഹാർട്ട്ലി, ഷൊയ്ബ് ബഷീർ, ജയിംസ് ആൻഡേഴ്സണ്. പിച്ചും ചരിത്രവും സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് വിശാഖപട്ടണത്തിലേത്. എന്നാൽ, തുടക്കത്തിൽ പേസർമാർക്ക് സ്വിംഗ് ലഭിക്കും. ബാറ്റർമാരുടെ പറുദീസയായാണ് വിശാഖപട്ടണം പൊതുവേ അറിയപ്പെടുന്നത്. ഇന്ത്യ ഇവിടെ കളിച്ച രണ്ട് ടെസ്റ്റിലും ജയം നേടിയ ചരിത്രമാണുള്ളത്. 2016ൽ ഇംഗ്ലണ്ടിനെതിരേയായിരുന്നു ആദ്യ ടെസ്റ്റ്. അന്ന് 246 റണ്‍സിന് ഇന്ത്യ ജയിച്ചു. 2019ൽ ദക്ഷിണാഫ്രിക്കയെ 203 റണ്‍സിനും ഇന്ത്യ കീഴടക്കി. ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനായി സ്റ്റേഡിയത്തിൽ ഏകദേശം 2000 കുട്ടികൾക്ക് സൗജന്യ പ്രവേശനം നൽകുമെന്ന് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷൻ (എസിഎ) അറിയിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലേക്ക് കുട്ടികളടക്കമുള്ളവരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
Source link