UNION BUDGET ‌ലക്ഷദ്വീപിലെ ടൂറിസം പ്രോത്സാഹിപ്പിക്കുമെന്ന് നിർമല; മാലദ്വീപുമായുള്ള തർക്കത്തിനിടെ തന്ത്രപരമായ നീക്കം


ന്യൂഡൽഹി ∙ മാലദ്വീപുമായുള്ള നയതന്ത്ര തർക്കം രൂക്ഷമാകുന്നതിനിടെ, ലക്ഷദ്വീപിനെപ്പറ്റി കേന്ദ്ര ബജറ്റിൽ പരാമർശിച്ച് ധനമന്ത്രി നിർമല സീതാരാമൻ. അടിസ്ഥാന സൗകര്യ വികസനങ്ങളിലൂടെ ലക്ഷദ്വീപിന്റെ വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കുമെന്നാണു പ്രഖ്യാപനം. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചതിനു പിന്നാലെ ലക്ഷദ്വീപിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കൂടിയിരുന്നു.
‘‘പോർട്ട് കണക്ടിവിറ്റി, വിനോദസഞ്ചാര മേഖലയിലെ അടിസ്ഥാന വികസനം, മറ്റു സൗകര്യങ്ങൾ എന്നിവയിലൂടെ ലക്ഷദ്വീപ് ഉൾപ്പെടെയുള്ള മേഖലയിലെ ടൂറിസം പ്രോത്സാഹിപ്പിക്കും’’ എന്നായിരുന്നു നിർമലയുടെ വാക്കുകൾ. വലിയ പ്രധാന്യത്തോടെ ലക്ഷദ്വീപിനെ കേന്ദ്രസർക്കാർ ബജറ്റിൽ പരാമർശിച്ചതു ശ്രദ്ധേയമാണെന്നും വരുംനാളുകളിൽ ഇതിന്റെ നേട്ടമുണ്ടാകുമെന്നും ടൂറിസം രംഗത്തുള്ളവർ പറയുന്നു.

ലക്ഷദ്വീപ് സന്ദർശനത്തിനു പിന്നാലെ അവിടേക്കു സന്ദർശകരെ ക്ഷണിച്ചു മോദി എക്സിൽ പോസ്റ്റിട്ടിരുന്നു. ഇതു മാലദ്വീപ് ടൂറിസത്തെ തകർക്കാനാണെന്ന് അവിടെ മന്ത്രിമാരടക്കം ആരോപിച്ചതു വിവാദമായി. പരാമർശങ്ങൾ വിവാദമായതോടെ 3 മന്ത്രിമാരെ മാലദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്തു. ‘മാലദ്വീപിനെ ബഹിഷ്കരിക്കൂ, ഇന്ത്യൻ ദ്വീപുകളെ കൂടുതലറിയൂ’ എന്ന ആഹ്വാനത്തോടെ ഇന്ത്യയിൽ സമൂഹമാധ്യമ പ്രചാരണം സജീവമാണ്.


Source link
Exit mobile version