‘ഇന്ത്യ– പശ്ചിമേഷ്യ– യൂറോപ്പ് സാമ്പത്തിക ഇടനാഴി ഗെയിം ചേഞ്ചർ; ചരിത്രം നമ്മുടെ രാജ്യത്തെ ഓർക്കും’

ന്യൂഡൽഹി ∙ ഇന്ത്യ– പശ്ചിമേഷ്യ– യൂറോപ്പ് സാമ്പത്തിക ഇടനാഴി തന്ത്രപരവും വാണിജ്യപരവുമായി രാജ്യത്തിനും മറ്റുള്ളവർക്കും ‘ഗെയിം ചേഞ്ചർ’ ആയിരിക്കുമെന്നു കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ. നൂറ്റാണ്ടുകളോളം ലോകവ്യാപാരത്തിന്റെ മാർഗമായി ഇതു മാറുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ഉദ്ധരിച്ചു നിർമല പറഞ്ഞു.
‘‘അടുത്തിടെ പ്രഖ്യാപിച്ച ഇന്ത്യ– പശ്ചിമേഷ്യ– യൂറോപ്പ് സാമ്പത്തിക ഇടനാഴി തന്ത്രപരമായും വാണിജ്യപരവുമായും ഇന്ത്യയ്ക്കും മറ്റുള്ളവർക്കും ‘ഗെയിം ചേഞ്ചർ’ ആയിരിക്കും. വരുന്ന നൂറുകണക്കിനു വർഷങ്ങളിൽ ഈ ഇടനാഴി ലോകവ്യാപാരത്തിന്റെ ആധാരമായി മാറും. ഇടനാഴിക്കായി മുൻകയ്യെടുത്തത് ഇന്ത്യയാണെന്നു ചരിത്രം ഓർക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞത് ഉദ്ധരിക്കുകയാണ്. കോവിഡ് മഹാമാരിക്കു ശേഷം ലോകക്രമം മാറി. ലോകമാകെ പ്രയാസത്തിലൂടെ കടന്നുപോകുമ്പോഴാണ് ഇന്ത്യ ജി20 അധ്യക്ഷ പദം ഏറ്റെടുത്തത്.

നാണ്യപ്പെരുപ്പം, ഉയർന്ന പലിശനിരക്ക്, കുറഞ്ഞ വളർച്ചാനിരക്ക്, വർധിച്ച പൊതുകടം, വ്യാപാരത്തിലെ ഇടിവ്, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രതിസന്ധികളെ ആഗോള സാമ്പത്തികരംഗം അഭിമുഖീകരിക്കുന്നു. കോവിഡ് സമയത്തും ശേഷവും ലോകം നേരിടുന്ന വെല്ലുവിളികളെ ഇന്ത്യ വിജയകരമായാണു നേരിട്ടത്. ഇന്ത്യ– പശ്ചിമേഷ്യ– യൂറോപ്പ് സാമ്പത്തിക ഇടനാഴിയും ഇത്തരത്തിൽ പ്രാധാന്യമുള്ളതാണ്.’’– നിർമല പറഞ്ഞു.

റെയിൽ, കപ്പൽ മാർഗങ്ങളിലൂടെയുള്ള ഇന്ത്യ– പശ്ചിമേഷ്യ– യൂറോപ്പ് സാമ്പത്തിക ഇടനാഴിക്കു ജി20 ഉച്ചകോടിയിലാണു ധാരണയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല വോൺ‍‍ഡെർ ലെയ്നും പ്രഖ്യാപനം നടത്തി. ഇന്ത്യയിൽനിന്ന് കപ്പലിൽ ഗൾഫിലേതടക്കമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും തുടർന്നു ട്രെയിനിൽ യൂറോപ്പിലേക്കും ചരക്കു ഗതാഗതം സാധ്യമാക്കുന്നതാണു പദ്ധതി. ക്രമേണ ഇതേ പാതയിൽ വാതക പൈപ്‌ലൈനും ഒപ്‌റ്റിക്കൽ ഫൈബർ കേബിളും വിന്യസിക്കാനും ആലോചനയുണ്ട്.

ഇന്ത്യയ്ക്കും യൂറോപ്യൻ യൂണിയനും പുറമേ, യുഎസ്, സൗദി അറേബ്യ, യുഎഇ, ഫ്രാൻസ്, ജോർദാൻ, ഇസ്രയേൽ, ജർമനി തുടങ്ങിയ രാജ്യങ്ങളും ഉൾപ്പെടുന്നതാണ് പദ്ധതി. വിവിധ രാജ്യങ്ങളെ ബന്ധിപ്പിച്ച് ചൈനയുടെ വൻകിട വാണിജ്യ ശൃംഖലയായ ‘ബെൽറ്റ് ആൻഡ് റോഡി’നു ബദലായുള്ള പദ്ധതിയുടെ ആലോചനയ്ക്കു തുടക്കമിട്ടത് ഇന്ത്യയും യുഎസും ചേർന്നാണ്.

Budget Highlights 2024:
“India-middle East- Europe corridor is a game changer for India, others”: Nirmala Sitharaman


Source link
Exit mobile version