പകുതി വടിച്ച മുടിയും മീശയുമായി കഴിഞ്ഞത് രണ്ട് മാസം: ഡാനിഷ് സേഠ്

‘മലൈക്കോട്ടൈ വാലിബനു’ വേണ്ടി പകുതി വടിച്ച മുടിയും മീശയുമായി രണ്ട് മാസം ജീവിച്ചെന്ന് നടൻ ഡാനിഷ് സേഠ്. ഇതേ ലുക്കിലുള്ള ചിത്രം പങ്കുവച്ചായിരുന്നു ഇക്കാര്യം താരം വെളിപ്പെടുത്തിയത്. രണ്ടു മാസമാണ് ഇത്തരത്തിൽ പകുതി മുടിയും മീശയുമായി ചെലവഴിക്കേണ്ടി വന്നതെന്നും ഭാര്യ അന്യ ആ സമയത്ത് വലിയ പിന്തുണയായിരുന്നു നൽകിയതെന്നും ചിത്രം പങ്കുവച്ചുകൊണ്ട് ഡാനിഷ് സേഠ് കുറിച്ചു.    
‘‘മലൈക്കോട്ടൈ വാലിബനു വേണ്ടി പാതി ഷേവ് ചെയ്ത ദിവസങ്ങൾ. 2 മാസമാണ് ഇങ്ങനെ ചിലവഴിച്ചത്.  അന്യ ആസമയങ്ങളിൽ നൽകിയ പിന്തുണ വളരെ വലുതായിരുന്നു.’’ ഡാനിഷ് സേഠിന്റെ വാക്കുകൾ.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബനിൽ ചമതകൻ എന്ന കഥാപാത്രമായാണ് ഡാനിഷ് സേഠ് എത്തിയത്. വാലിബനുമായി പന്തയത്തിൽ തോറ്റ ചമതകന് തന്റെ പകുതി മുടിയും മീശയും വടിച്ചു കളയേണ്ടി വരുന്നുണ്ട്. ഇതേ തുടര്‍ന്നു ചമതകൻ പ്രതികാരദാഹിയായി മാറുന്നു. ഗംഭീര പ്രകടനമാണ് ഡാനിഷ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. സ്വന്തം ശബ്ദമാണ് സിനിമയ്ക്കായി നൽകിയതും.

തീയിൽ എരിഞ്ഞമർന്നാലും അവസാനിക്കാത്ത പകയുടെ ചിത്രത്തിൽ അവസാനം വരെ നിറഞ്ഞു നിൽക്കുന്ന ചമതകനെ ഡാനിഷ് സേഠ് അനശ്വരമാക്കി. ഹാസ്യനടനും ടെലിവിഷൻ അവതാരകനുമായ ഡാനിഷ് ഒരു കന്നഡ താരമാണ്. റേഡിയോ ജോക്കിയായാണ് ഡാനിഷ് കരിയർ ആരംഭിച്ചത്. ഫ്രഞ്ച് ബിരിയാണി, സോൾഡ്, 777 ചാർളി തുടങ്ങി നിരവധി ചിത്രങ്ങളിൽ ഡാനിഷ് സേഠ് അഭിനയിച്ചിട്ടുണ്ട്.

English Summary:
Danish Sait about Malaikottai Vaaliban days


Source link
Exit mobile version