ഭാര്യ വാണി വിശ്വനാഥിനും മക്കൾക്കുമൊപ്പം മകൻ അദ്രിയുടെ 15ാം പിറന്നാൾ ആഘോഷിച്ച് നടൻ ബാബുരാജ്. സമൂഹ മാധ്യമങ്ങളിലാണ് പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രം ബാബുരാജ് പങ്കുവച്ചത്. ചിത്രത്തിൽ വാണി വിശ്വനാഥും മക്കളായ ആർച്ച, അദ്രി എന്നിവർക്കൊപ്പം വാണി വിശ്വനാഥിന്റെ സഹോദരന്റെ മകനുമുണ്ട്. കുടുംബ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ അധികം പങ്കുവയ്ക്കാത്ത ബാബുരാജ് ചെന്നൈയിൽ ‘തഗ് ലൈഫ്’ എന്ന മണിരത്നം ചിത്രത്തിൽ അഭിനയിക്കാൻ എത്തിയപ്പോഴായിരുന്നു മകന്റെ പിറന്നാൾ ആഘോഷം.
മകനു ബോർഡ് എക്സാം വരുന്നതിനാൽ വലിയ ആഘോഷങ്ങൾ വേണ്ട എന്ന് തീരുമാനിച്ചെങ്കിലും വിദേശത്ത് പഠിക്കുന്ന മകളും എത്തിയതോടെ ഒരു ചെറിയ ആഘോഷം വയ്ക്കാമെന്നു തീരുമാനിക്കുകയായിരുന്നുവെന്ന് ബാബുരാജ് മനോരമ ഓൺലൈനിനോട് പറഞ്ഞു.
‘‘മകൻ അദ്രിക്ക് പതിനഞ്ചു വയസ്സ് പൂർത്തിയാവുകയാണ്. ഈ വർഷം അവൻ പത്താം ക്ലാസ്സിന്റെ ബോർഡ് എക്‌സാമിനു തയാറെടുക്കുകയാണ്. അതുകൊണ്ട് ഇത്തവണ വലിയ യാത്രകളും ആഘോഷവും ഒന്നും വേണ്ട എന്നു കരുതിയിരുന്നു.
മണിരത്നത്തിന്റെ ‘തഗ് ലൈഫ്’ എന്ന പുതിയ ചിത്രത്തിൽ ഞാനും ഒരു കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. അതിന്റെ ഷൂട്ടിങ്ങിനായി ചെന്നൈയിൽ എത്തിയപ്പോഴാണ് വിദേശത്തു മെഡിസിന് പഠിക്കുന്ന മകൾ ആർച്ചയും അവധി ആഘോഷിക്കാൻ ചെന്നൈയിൽ എത്തിയത്.
മകൾ ഉപരിപഠനത്തിനായി ജർമനിയിലേക്ക് പോകാൻ തയാറെടുക്കുകയാണ്. ഇനി മൂന്നു വർഷം അവിടെ ആയിരിക്കും. വാണിയുടെ സഹോദരന്റെ മകൻ ആദിയും കൂടി എത്തിയതോടെ ഞങ്ങൾ ഒരുമിച്ച് ഒരു ചെറിയ പിറന്നാൾ ആഘോഷം സംഘടിപ്പിക്കുകയായിരുന്നു.’’ ബാബുരാജ് പറയുന്നു.
ചിത്രത്തിലുള്ള മൂന്നാമത്തെ ആൾ വാണി വിശ്വനാഥിന്റെ സഹോദരന്റെ മകൻ ആദിയാണ്. ബാബുരാജിനും വാണി വിശ്വനാഥിനും രണ്ടു മക്കളാണ് ഉള്ളത് ആർച്ചയും ആരോമൽ എന്നുവിളിക്കുന്ന അദ്രിയും.
ആദ്യവിവാഹത്തിൽ ബാബുരാജിന് അഭയ്, അക്ഷയ് എന്നീ രണ്ട് ആണ്മക്കളുണ്ട്. അഭയ്‍യുടെ വിവാഹം അടുത്തിടെ കഴിഞ്ഞിരുന്നു. മകന്റെ വിവാഹത്തിന് അച്ഛന്റെ സ്ഥാനത്തുനിന്ന് എല്ലാ ചടങ്ങളും മുന്നിൽ നിന്നു നടത്താൻ ചുക്കാൻ പിടിച്ചതും ബാബുരാജ് തന്നെയായിരുന്നു. ആദ്യ ഭാര്യയ്ക്കും മക്കൾക്കും ഒപ്പം ഫോട്ടോകളിലും ബാബുരാജ് നിറഞ്ഞു നിന്നു. ഇതേതുടർന്ന് നിരവധിപ്പേരാണ് ബാബുരാജിന് അഭിനന്ദനം അറിയിച്ചെത്തിയത്.
English Summary:
Baburaj clicks a pic with wife Vani Viswanath and children
Source link