മകന് കാൻസർ സ്ഥിരീകരിച്ചിട്ട് പത്തുവർഷം: ഹൃദയംതൊടുന്ന കുറിപ്പുമായി ഇമ്രാൻ ഹാഷ്മി

അർബുദത്തെ അതിജീവിച്ച മകൻ അയാൻ ആണ് തന്റെ സൂപ്പർ ഹീറോ എന്ന പോസ്റ്റുമായി ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മി. മകൻ അയാനെ ചേർത്തുപിടിച്ചുകൊണ്ടുള്ള ചിത്രത്തോടൊപ്പമാണ് ഇമ്രാൻ ഹാഷ്മി ഹൃദയത്തിൽതൊടുന്ന കുറിപ്പുമായി എത്തിയത്. 
2014ൽ ഇതേ ദിവസമാണ് മകൻ അയാന് കാൻസർ സ്ഥിരീകരിച്ചതെന്നും 2019-ൽ അയാൻ കാന്‍സർ വിമുക്തനായെന്നും ഇമ്രാൻ പറയുന്നു.  ഇമ്രാൻ ഹാഷ്മിയുടെ പോസ്റ്റിൽ താരങ്ങൾ ഉൾപ്പടെ നിരവധിപ്പേരാണ് സ്നേഹാശംസകൾ പങ്കുവച്ചുകൊണ്ട് എത്തുന്നത്.

‘‘അയാന് കാൻസർ രോഗനിർണയം നടത്തിയിട്ട് ഇന്നേക്കു പത്ത് വർഷമാകുന്നു.  ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടം, എന്നാൽ വിശ്വാസവും പ്രതീക്ഷയും കൊണ്ട് ഞങ്ങൾ അതിനെ മറികടന്നു. അതിലും പ്രധാനമായി, അവൻ അതിനെ മറികടക്കുകയും ശക്തമായി നിലകൊള്ളുകയും ചെയ്തു എന്നതാണ് എടുത്തുപറയേണ്ടത്.  സ്നേഹവും പ്രാർഥനയുമായി ഞങ്ങളോടൊപ്പം നിന്നതിന് നന്ദി.’’ ഇമ്രാൻ ഹാഷ്മി കുറിച്ചു.

കുറിപ്പിനൊപ്പമുള്ള വിഡിയോയിൽ ഇമ്രാൻ ഹാഷ്മി മകനെക്കുറിച്ചെഴുതിയ പുസ്തകത്തിന്റെ പേര് മകൻ ഉച്ചത്തിൽ വായിക്കുന്നതും ശ്രദ്ധേയമാണ്.  ‘‘കിസ് ഓഫ് ലൈഫ്: എങ്ങനെ ഒരു സൂപ്പർഹീറോയായ എന്റെ മകനും കാൻസറിനെ തോൽപ്പിച്ചു’’, എന്നാണ് ഇമ്രാൻ ഹാഷ്മി എഴുതിയ പുസ്തകത്തിന്റെ പേര്.  

മകന് കാൻസർ ബാധിച്ചതിനെക്കുറിച്ച് 2019-ൽ നടന്ന കോൻ ബനേഗാ ക്രോർപതി എന്ന പരിപാടിയിൽ അമിതാഭ് ബച്ചനോട് തന്റെ വിഷമം തുറന്നുപറയുന്ന ഇമ്രാൻ ഹാഷ്മിയുടെ വിഡിയോ വൈറലായിരുന്നു. ‘‘മകൻ അയാൻ കാൻസറിൽ നിന്ന് മുക്തി നേടിക്കൊണ്ടിരിക്കുകയാണ്, ഏതു നിമിഷവും രോഗം തിരിച്ചുവരാം എന്ന് ഞങ്ങൾ ഭയപ്പെടുന്നു.  ഞാനും ഭാര്യയും മാനസികമായി വളരെ ബുദ്ധിമുട്ടിലുള്ള അവസ്ഥയിലാണ്’’ എന്നാണ് ഇമ്രാൻ ഹാഷ്മി ഷോയിൽ പറഞ്ഞത്. 

കാൻസറുമായി പോരാടുന്ന നിരാലംബരായ കുട്ടികളെ സഹായിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ചാരിറ്റബിൾ ഓർഗനൈസേഷനായ കഡിൽസ് ഫൗണ്ടേഷന്റെ സ്ഥാപകനും സിഇഒയുമായ പൂർണോത ദത്ത ബഹലിനോടൊപ്പമാണ് താരം അന്ന് ഷോയിൽ പ്രത്യക്ഷപ്പെട്ടത്.  

അതേസമയം സൽമാൻ ഖാൻ നായകനായെത്തിയ ‘ടൈഗർ 3’–യിലാണ് ഇമ്രാൻ ഹാഷ്മി അവസാനമായി അഭിനയിച്ചത്.

English Summary:
Emraan Hashmi’s Post For Cancer Survivor Son Ayaan: “My Friend, My Superhero”


Source link
Exit mobile version