തിരിച്ചടി തീരുമാനിച്ചെന്ന് ജോ ബൈഡൻ
വാഷിംഗ്ടൺ ഡിസി: ജോർദാനിലെ സൈനികതാവളത്തിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടതിനു ശക്തമായ തിരിച്ചടി നല്കാൻ യുഎസ് ഒരുങ്ങുന്നതായി സൂചന. എങ്ങനെ തിരിച്ചടിക്കണമെന്നു തീരുമാനിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. പക്ഷേ ഇതു സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ നല്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. ഇറാന്റെ പിന്തുണയോടെ പശ്ചിമേഷ്യയിൽ പ്രവർത്തിക്കുന്ന സായുധസംഘങ്ങളെയും കമാൻഡർമാരെയും ആക്രമിക്കാനുള്ള പദ്ധതി അമേരിക്കൻ നേതൃത്വം പരിഗണിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, അമേരിക്ക ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതിനിടെ, പശ്ചിമേഷ്യയിലെ അമേരിക്കൻ താവളങ്ങൾക്കു നേർക്ക് ആക്രമണം നടത്തുന്നതു നിർത്തിവച്ചതായി ഇറാന്റെ പിന്തുണയുള്ള ഇറാക്കി സായുധ സംഘടന കതെയ്ബ് ഹിസ്ബുള്ള അറിയിച്ചു.
ജോർദാനിൽ മൂന്നു യുഎസ് സൈനികർ കൊല്ലപ്പെട്ട ആക്രമണം നടത്തിയത് ഈ സംഘടനയാണെന്നു കരുതുന്നു. ഇസ്ലാമിക് റസിസ്റ്റിൻസ് ഓഫ് ഇറാക്ക് എന്ന ഗ്രൂപ്പാണു സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. കതെയ്ബ് ഹിസ്ബുള്ള അടക്കമുള്ള സംഘടനകൾ ഗ്രൂപ്പിന്റെ ഭാഗമാണ്. ഇറാക്കി സർക്കാരിനു കൂടുതൽ നാണക്കേട് ഉണ്ടാകാതിരിക്കാനാണ് അമേരിക്കൻ താവളങ്ങൾ ആക്രമിക്കുന്നത് നിർത്തിവയ്ക്കുന്നതെന്ന് കത്തെയ്ബ് ഹിസ്ബുള്ള നേതാവ് അബു ഹുസെയ്ൻ അൽ ഹമിദാവി പ്രസ്താവനയിൽ അറിയിച്ചു.
Source link