ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗമായ മായങ്ക് അഗർവാളിനെ തുടർ ചികിത്സയ്ക്കായി ബംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റും. ഛർദിയും ശാരീരിക അസ്വസ്ഥതയുമായി അഗർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് അദേഹത്തെ ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കർണാടക രഞ്ജി ടീമിന്റെ ക്യാപ്റ്റൻകൂടിയായ അദേഹം ത്രിപുരയിൽനിന്നു ടീമിനൊപ്പം ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യവെ വെള്ളമാണെന്നു കരുതി പാനീയം കുടിച്ചിരുന്നു. തുടർന്ന് ശാരീരിക അസ്വസ്ഥതയും ഛർദിയും അനുഭവപ്പെട്ടതോടെ ഐഎൽഎസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസ്ചാർജ് ആകുന്ന അദേഹത്തെ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റും. രണ്ടു ദിവസത്തെ വിശ്രമം ആവശ്യമാണെന്നാണു റിപ്പോർട്ട്.
“സുഖം പ്രാപിച്ചുവരുന്നു. പ്രാർഥനകൾക്കും സ്നേഹത്തിനും നന്ദി’’, ആശുപത്രിയിൽനിന്നുള്ള ഫോട്ടോയ്ക്കൊപ്പം സോഷ്യൽ മീഡിയയിൽ അഗർവാൾ കുറിച്ചു. റെയിൽവേസിനെതിരേ സൂറത്തിൽ ഫെബ്രുവരി രണ്ടിനു നടക്കുന്ന മത്സരം അദേഹത്തിനു നഷ്ടമാകും. അഗർവാളിന്റെ അസാന്നിധ്യത്തിൽ നികിൻ ജോസ് ടീമിനെ നയിക്കും. അതേസമയം, അഗർവാളിന്റെ പരാതിയിൽ ന്യൂ ക്യാപിറ്റൽ കോംപ്ലക്സ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Source link