ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫുട്ബോൾ: മൊറോക്കോ പുറത്ത്
സാൻ പെഡ്രോ: ആഫ്രിക്കൻ ഫുട്ബോളിൽ വീണ്ടും വൻ വീഴ്ച. ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ ഇത്തവണത്തെ കിരീടപ്രതീക്ഷകളായിരുന്ന മൊറോക്കോയാണ് ഒടുവിൽ പുറത്തായത്. പ്രീക്വാർട്ടർ മത്സരങ്ങളിൽ പ്രതീക്ഷകളായിരുന്ന ഈജിപ്തും സെനഗലും പുറത്തായതിനു പിന്നാലെയാണു മൊറോക്കോയുടെയും മടക്കം. ഗ്രൂപ്പ് ഘട്ടത്തിൽ അൾജീരിയ, ടുണീഷ്യ ടീമുകളും പുറത്തായിരുന്നു. പ്രീക്വാർട്ടർ ഘട്ടത്തിലെ അവസാന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനു ദക്ഷിണാഫ്രിക്കയാണ്, 2022 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ മൊറോക്കോയെ ഞെട്ടിച്ചത്. ഫിഫ റാങ്കിംഗിൽ ഏറ്റവും ഉയർന്ന റാങ്കിലുള്ള ആഫ്രിക്കൻ ടീമാണു മൊറോക്കോ. മൊറോക്കോ 13-ാമതും ദക്ഷിണാഫ്രിക്ക 66-ാം സ്ഥാനത്തുമാണ്. എവിഡൻസ് മാക്ഗോപയും (57’) തെബോഹൊ മൊകൊയ്ന (90+5)യുമാണ് ഗോൾ നേടിയത്. 85-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സമനില നേടാനുള്ള സുവർണാവസരം അഷ്റഫ് ഹക്കിമി നഷ്ടമാക്കി. പരിക്കേറ്റ പ്ലേമേക്കർ ഹക്കീം സിയെച്ച് കളിക്കാതിരുന്നതും മൊറോക്കോയ്ക്കു തിരിച്ചടിയായി.
1976നുശേഷം വൻകരയുടെ ചാന്പ്യന്മാരാകാനുള്ള മൊറോക്കോയുടെ മോഹത്തിന് ഇനി 2025ൽ സ്വന്തം മണ്ണിൽ നടക്കുന്ന ടൂർണമെന്റ് വരെ കാത്തിരിക്കണം. 57-ാം മിനിറ്റിൽ മാക്ഗോപ ദക്ഷിണാഫ്രിക്കയെ മുന്നിലെത്തിച്ചു. രണ്ടു വർഷത്തിനുശേഷം താരം നേടുന്ന ആദ്യത്തെ അന്താരാഷ്ട്ര ഗോളാണിത്. 85-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സമനില പിടിക്കാനുള്ള സുവർണാവസരം മൊറോക്കോയ്ക്കു ലഭിച്ചു. എന്നാൽ ഹക്കീമിയുടെ കിക്ക് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. ഇഞ്ചുറി ടൈമിൽ പെനാൽറ്റി ബോക്സിനു തൊട്ടുവെളിയിൽ ഫൗൾ ചെയ്തതിനു സോഫിയൻ അംറാബതിനു ചുവപ്പു കാർഡ് ലഭിച്ചു. മൊകൊയ്നയുടെ നേരിട്ടുള്ള ഫ്രീകിക്ക് വലയിൽ വീണു. മറ്റൊരു മത്സരത്തിൽ മാലി 2-1ന് ബുർക്കിന ഫാസോയെ തോൽപ്പിച്ചു. ക്വാർട്ടർ ലൈനപ്പ് വെള്ളിയാഴ്ച ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്കു തുടക്കമാകും. ക്വാർട്ടർ ലൈനപ്പ്- രണ്ടിന് നൈജീരിയxഅംഗോള, കോംഗോxഗിനിയ. മൂന്നിനു ദക്ഷിണാഫ്രിക്കx കേപ് വെർഡെ, മാലിxഐവറി കോസ്റ്റ്.
Source link