ന്യൂഡൽഹി∙ ഉദ്വേഗ ഭരിതമായ ക്രൈംത്രില്ലർ സിനിമയെ അനുസ്മരിപ്പിക്കുന്ന ജീവിതം, രാജ്യാന്തര അതിർത്തികളെ മറികടന്നുള്ള കുറ്റകൃത്യങ്ങൾ. യുകെയിൽ ജീവിക്കുന്ന ഇന്ത്യൻ വേരുകളുള്ള ആരതി ധിർ(59), കവൽജിത് സിങ് റെയ്ജാഡ(35) ദമ്പതികളുടെ ജീവിതം പ്രശസ്ത ടിവി സീരീസായ ഒസാക്കിനെ അനുസ്മരിപ്പിക്കുന്നതാണ്. വിവിധ കേസുകളിലായി 33 വർഷത്തെ ജയിൽവാസമാണ് ദമ്പതികൾക്ക് യുകെയിലെ കോടതി വിധിച്ചിരിക്കുന്നത്.
വെസ്റ്റ് ലണ്ടനിലാണ് ആരതിയും കവൽജിത് സിങ്ങും താമസിച്ചിരുന്നത്. 2021 മേയിൽ സിഡ്നിയിലെത്തിയ, 57 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന അരടണ്ണിലധികം കൊക്കെയ്ൻ ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ് പിടികൂടിയതോടെയാണ് ആരതിയുടെയും കവൽജിത് സിങ്ങിന്റെയും സങ്കീർണമായ ക്രിമിനൽ ജീവിതം നിയമത്തിന് മുന്നിൽ വെളിപ്പെടുന്നത്. ലോഹ ഉപകരണപ്പെട്ടികളിൽ സമർഥമായി ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ.
നാഷണൽ ക്രൈം ഏജൻസി നടത്തിയ അന്വേഷണത്തിൽ ലോഹ ഉപകരണപ്പെട്ടി പൊതിയാൻ ഉപയോഗിച്ച പ്ലാസ്റ്റിക് കവറിൽ നിന്ന് കവൽജിത് സിങ്ങിന്റെ വിരലടയാളവും ഇവരുടെ വീട്ടിൽനിന്ന് രസീതുകളും കണ്ടെത്തിയിരുന്നു. വൈഫ്ളൈ ഫ്രെയ്റ്റ് സർവീസസ് എന്ന പേരിൽ ഒരു വ്യോമയാന ചരക്കുകമ്പനി സ്ഥാപിച്ച് അതിന്റെ മറവിലായിരുന്നു ഇവരുടെ മയക്കുമരുന്ന് കടത്ത്. യുകെയിൽ നിന്നുള്ള കമേഴ്സ്യൽ വിമാനത്തിലായിരുന്നു സ്ഥിരമായി ഇവർ മയക്കുമരുന്ന് കടത്തിയിരുന്നത്. 2019 മുതൽ 37 തവണയാണ് ചരക്കുകടത്തിന്റെ മറവിൽ ഇവർ മയക്കുമരുന്ന് കടത്തിയത്. അതിൽ 15 എണ്ണത്തിലും ഇവർ കൊക്കെയ്ൻ കടത്തിയിരുന്നതായി ഏജൻസി വ്യക്തമാക്കി.
വിമാനത്താവള അധികൃതർ മയക്കുമരുന്ന് കടത്ത് പിടിച്ചെങ്കിലും ദമ്പതികൾ കുറ്റം നിഷേധിച്ചു. എന്നാൽ നാഷണൽ ക്രൈം ഏജൻസി മുന്നോട്ടുവച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ സൗത്ത്‌വാർക്ക് ക്രൗൺ കോടതി 12 മയക്കുമരുന്ന് കടത്തുകേസുകളിലും 18 കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലും ദമ്പതികളെ ശിക്ഷിക്കുകയായിരുന്നു. ദമ്പതികളുടെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ചുള്ള വിവരവും അന്വേഷണ ഏജൻസിക്ക് ലഭിച്ചിരുന്നു. ഇവരുടെ സ്റ്റോറേജ് യൂണിറ്റിൽ സൂക്ഷിച്ചിരുന്ന പെട്ടികളിൽ നിന്നും സ്യൂട്ട്േകസുകളിൽ നിന്നുമായി 3 ദശലക്ഷം പൗണ്ടാണ് പിടിച്ചെടുത്തത്. ഇന്ത്യൻ രൂപ 8.5കോടി രൂപ വിലമതിക്കുന്ന ഫ്ളാറ്റ്, 62,000 പൗണ്ട് വിലവരുന്ന ലാൻഡ് റോവർ, 22 വിവിധ ബാങ്കുകളിലായി 7,40,000 പൗണ്ട് സമ്പാദ്യം എന്നിവയും കണ്ടെത്തി.
മയക്കുമരുന്ന് കടത്തിന് പുറമേ ദമ്പതികൾക്കെതിരേ കൊലപാതകക്കുറ്റത്തിന് ഇന്ത്യ കേസെടുത്തിട്ടുണ്ട്. 2017–ലാണ് കേസിന് ആസ്പദമായ സംഭവം. ദമ്പതിമാർ ദത്തെടുത്ത ഗോപാൽ സെജനി എന്ന ആൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ വഴിവക്കിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇൻഷുറൻസ് തുക തട്ടാനായി വളർത്തുമകനെ ഇവർ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിൽ പൊലീസ് എത്തുന്നത്. ദത്തുപുത്രനെ തേടുന്നതായി പ്രാദേശിക പത്രത്തിൽ പരസ്യം നൽകിയാണ് ഗുജറാത്തിൽ നിന്ന് ഗോപാലിനെ ഇവർ കണ്ടെത്തുന്നത്. ലണ്ടനിൽ മികച്ച ജീവിതം വാഗ്ദാനം ചെയ്ത് ഗോപാലിനെ ദത്തെടുത്ത ഇവർക്ക് മറ്റുപല ലക്ഷ്യങ്ങളും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
അന്വേഷണം ഇവരിൽ എത്തിയതോടെ ദമ്പതികളെ കൈമാറണം എന്ന അഭ്യർഥന ഇന്ത്യ 2019–ൽ യുകെയ്ക്ക് മുന്നിൽ വച്ചെങ്കിലും നിരസിക്കപ്പെട്ടു. തുടർന്ന് ലണ്ടനിലെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും അതും പരാജയപ്പെടുകയായിരുന്നു.
English Summary:
Murder, drug trafficking, a life that beats Crime Thrillers: Indian-origin couple jailed for 33 years
Source link