താരരാജാക്കന്മാർ കുടുംബസമേതം; ചിത്രം പങ്കുവച്ച് സുരേഷ് ഗോപി
മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം കുടുംബസമേതമുള്ള ചിത്രം പങ്കുവച്ച് സുരേഷ് ഗോപി. മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തലേന്ന് പകർത്തിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിലൂടെ താരം പങ്കുവച്ചത്. സുരേഷ് ഗോപി, ഭാര്യ രാധിക, മക്കളായ ഗോകുൽ, മാധവ്, ഭാഗ്യ, ഭാവ്നി എന്നിവർക്കൊപ്പം മമ്മൂട്ടിയും ഭാര്യ സുൽഫത്തും മോഹൻലാലും ഭാര്യ സുചിത്രയും ചിത്രത്തിലുണ്ട്. മൂന്ന് ലവ് ഇമോജികളാണ് ചിത്രത്തിന് അടിക്കുറിപ്പായി സുരേഷ് ഗോപി ചേർത്തത്.
മലയാള സിനിമ അടുത്തിടെ കണ്ടതിൽ വച്ച് ഏറ്റവും വലിയ താരവിവാഹമായിരുന്നു സുരേഷ് ഗോപിയുടെ മകളുടേത്. വിവാഹത്തലേന്നു തന്നെ മലയാള സിനിമയുടെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഗുരുവായൂരിൽ എത്തിച്ചേർന്നിരുന്നു. വളരെ വർഷങ്ങൾക്ക് മുൻപ് കണ്ടു പരിചയിച്ച സൗഹാർദം നിറഞ്ഞ വിവാഹവേളകളെ അനുസ്മരിപ്പിക്കും വിധമായിരുന്നു ഭാഗ്യാ സുരേഷിന്റെ വിവാഹവേദി.
ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങിനു ശേഷം ഗോകുലം കൺവൻഷൻ സെന്ററിൽ അന്നു തന്നെ റിസപ്‌ഷൻ സംഘടിപ്പിച്ചിരുന്നു. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം ദിലീപ്, ജയറാം, ബിജു മേനോൻ തുടങ്ങി നിരവധിപ്പേർ എത്തിയിരുന്നു.
പിന്നീട് ജനുവരി 19ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് സിനിമാ സുഹൃത്തുക്കള്‍ക്കായി പ്രത്യേക വിരുന്നും സുരേഷ് ഗോപി നടത്തി. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത് മക്കളായ ദുൽഖർ, സുറുമി, ദുൽഖറിന്റെ ഭാര്യ അമാൽ എന്നിവർ വിവാഹ സൽക്കാരത്തിന് എത്തിയിരുന്നു.
തുടർന്ന് അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി 20ന് തിരുവനന്തപുരത്തും റിസപ്‌ഷൻ നടത്തുകയുണ്ടായി. മോഹൻലാൽ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അടക്കമുള്ള പ്രമുഖർ തിരുവനന്തപുരത്ത് റിസപ്‌ഷനു പങ്കെടുത്തു.
English Summary:
Mammootty, Mohanlal grace Bhagya Suresh’s wedding reception
Source link